FIFA World Cup 2018 ,France vs Peru Highlights: പെറുവിനെ കീഴടക്കി ഫ്രാന്‍സിന് വിജയം. പത്തൊമ്പതുകാരന്‍ കിലിയന്‍ എമ്പാപ്പെ നേടിയ ഒരേയൊരു ഗോളിന്റെ മികവിലാണ് ഫ്രഞ്ച് പട പെറുവിനെ കീഴടക്കുന്നത്. മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ചെങ്കിലും പെറുവിന് ഒരു ഗോള്‍ പോലും നേടാനായില്ല. ഇതോടെ മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിന് യോഗ്യതനേടിയ പെറുവിന്റെ റഷ്യന്‍ സ്വപ്നങ്ങളും അസ്തമിച്ചു.
മനസ് കവര്‍ന്ന് പെറു Highlights
22 : 23 ഫുള്‍ ടൈം !
22 : 22 ഫ്രാന്‍സ് ഹാഫില്‍ പെറുവിന് മറ്റൊരു ഫ്രീ കിക്ക് ! കറിലോ എടുത്ത ഫ്രീകിക്കില്‍ തല വെക്കാന്‍ ഗുവെരേരോയ്ക്ക് സാധിച്ചെങ്കിലും റഫറിയുടെ ഓഫ്സൈഡ് ഫ്ലാഗ് ഉയരുന്നു.
22 : 21 മറ്റ്യൂഡി !! ഫ്രഞ്ച് താരത്തിന്റെ ഹെഡ്ഡര്‍ പുറത്തേക്ക്..
22 : 20 തൊണ്ണൂറ് മിനുട്ടിന്റെ അധികസമയത്ത് പെറു കോര്‍ണറില്‍ നിന്ന് ഫ്രാന്‍സിന് ഫ്രീകിക്ക് !
22 : 18 സബ്സ്റ്റിറ്റ്യൂഷന്‍ : ഫ്രാന്‍സിന്റെ പോള്‍ പോഗ്ബയ്ക്ക് പകരം എന്‍സോസി
22 : 15 ഗുവെരേരോ എടുത്ത ഫ്രീകിക്ക് ഫ്രഞ്ച് ഗോള്‍കീപ്പര്‍ ലോറിസിന്റെ കൈകളിലേക്ക്.
22 : 14 മഞ്ഞക്കാര്‍ഡ് : പോള്‍ പോഗ്ബ ; പെറുവിന്റെ ഫര്‍ഫാനെ ഫൗള്‍ ചെയ്ത പോഗ്ബയ്ക്ക് മഞ്ഞക്കാര്‍ഡ്. ഫ്രാന്‍സ് ഹാഫില്‍ പെറുവിന് ഫ്രീകിക്ക്
22 : 13 പെറുവിന് അനുകൂലമായൊരു കോര്‍ണര്‍ ലഭിച്ചെങ്കിലും ഫ്രാന്‍സിന്റെ മികച്ച പ്രതിരോധം.
22 : 10 സബ്സ്റ്റിറ്റ്യൂഷന്‍ : പെറുവിന്റെ കുവേവയ്ക്ക് പകരം റുയെഡസ്
22 : 09 മഞ്ഞക്കാര്‍ഡ് : പെറുവിന്റെ ഫ്ലോറസിനുനേരെ റഫറി മഞ്ഞക്കാര്‍ഡ് വീശുന്നു. പിന്നീട് അത് പിന്‍വലിച്ച് അക്വിനോയ്ക്ക്
22 : 08 സബ്സ്റ്റിറ്റ്യൂഷന്‍ : ആന്റോണിയോ ഗ്രീസ്മാന് പകരം നബീല്‍ ഫെകീര്‍.
22 : 04 സബ്സ്റ്റിറ്റ്യൂഷന്‍ : ഗോള്‍സ്കോറര്‍ കിലിയന്‍ എമ്പാപ്പെയ്ക്ക് പകരം ഡെമ്പലെ.
പത്തൊമ്പതുകാരനായ ഗോള്‍സ്കോററെ പെറു താരങ്ങളടക്കം കൈകൊടുത്ത് വിടുന്ന കാഴ്ച്ച.
22 : 02 മത്സരം അവസാന പതിനഞ്ച് മിനുട്ടിലേക്ക് കടക്കുമ്പോള്‍ ഒരു സമനില കണ്ടെത്താനുള്ള പരക്കംപാച്ചിലിലാണ് ലാറ്റിനമേരിക്കക്കാര്‍.. വലത് വിങ്ങില്‍ നിന്നും കറിലോ നല്‍കിയ മറ്റൊരു ക്രോസില്‍ ബോക്സിലേക്ക് പന്തെത്തിക്കാന്‍ ഗുവെരേരോയുടെ ശ്രമം. ആകാശത്തിലേക്ക് പറന്നുയര്‍ന്ന പെറു നായകന്റെ കിക്ക് സൈഡ് നെറ്റില്‍ പതിക്കുന്നു.
21 : 57 കറില്ലോയും അട്വിന്കുളയും ചേര്‍ന്ന് വലത് വിങ്ങില്‍ തീര്‍ത്ത മറ്റൊരു മുന്നേറ്റത്തില്‍ ഫ്രാന്‍സ് ചെറുതല്ലാതെ പതറുന്നു. ഒടുവില്‍ പന്ത് ഫ്രാന്‍സിന് അനുകൂലം.
21 : 54 പെറുവിന്റെ മുന്നേറ്റത്തെ പ്രതിരോധിക്കാനായി ഓരോ തവണയും ആറ് മുതല്‍ എട്ട് വരെ ഫ്രഞ്ച് താരങ്ങളാണ് പുറകിലേക്ക് ഇറങ്ങുന്നത്. ലോകകപ്പിലെ ജേതാക്കളാകും എന്ന് വരെ കരുതപ്പെടുന്ന ഫ്രാന്‍സിനെതിരെ മുപ്പത്തിയാറുവര്‍ഷത്തിന് ശേഷം ലോകകപ്പിലെത്തുന്ന ഒരു ടീം നടത്തുന്ന ഈ മുന്നേറ്റം ചെറുതല്ല..
21 : 50 പെറു !! പെറു വിന്റെ സുന്ദരമായ ഫുട്ബോള്‍. സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ഫ്രഞ്ച് പടയെ നിഷ്പ്രഭമാക്കിക്കൊണ്ട് പെറുവിന്റെ നിരന്തര മുന്നേറ്റങ്ങള്‍. എതിരാളികളുടെ ബോക്സിന് മുന്നില്‍ ആറോളം പാസുകള്‍. ഒടുവില്‍ കറിലോയുടെ മികച്ച ഒരു ഷോട്ട് !! മിനുട്ടുകള്‍ക്കിടയില്‍ രണ്ടാമതും ഒരു ക്ലോസ് ഗോള്‍ ചാന്‍സ്..തലനാരിഴയ്ക്കാണ് മറ്റൊരു ഗോളും നഷ്ടമായത്.
21 : 47 പരിശീലക തന്ത്രം ഫലംകണ്ട് തുടങ്ങിയതിന്റെ സൂചന.. പെറു തിരിച്ചടിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ കുറച്ച് മിനുട്ടുകളായി ഗോള്‍നിലയില്‍ പുറകില്‍ നില്‍ക്കുന്ന പെറു തന്നെയാണ് അക്രമത്തില്‍ മുന്നില്‍.
21 : 43 ഫ്രാന്‍സിന്‍റേതിന് സമാനമായ ഫോര്‍മേഷന്‍ ഇറക്കിക്കൊണ്ടുള്ള പെറുവിന്റെ ‘മിറര്‍ സ്ട്രാറ്റജി’ ഫ്രാന്‍സിനെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഈ ലോകകപ്പില്‍ തന്നെ കൊളംബിയയെ തകര്‍ക്കാന്‍ ദക്ഷിണ കൊറിയ ഉപയോഗിച്ചത് ഇതേ തന്ത്രമായിരുന്നു. അര്‍ജന്‍റീനക്കാരനായ കോച്ച് റികാര്‍ഡോ ആല്‍ബര്‍ട്ടോയുടെ ഈ തന്ത്രം പെറുവിനെ രക്ഷിക്കുമോ ?
21 : 39 ചാന്‍സ് !! പെറു !! പെറുവിന്റെ മികച്ചൊരു മുന്നേറ്റം. ഫ്രാന്‍സിന്റെ ബോക്സിലേക്ക് മികച്ചൊരു പാസിങ് ഗെയിം നടത്തിക്കൊണ്ട് പെറു മുന്നേറുന്നു. ഫര്‍ഫാനില്‍ നിന്നും ലഭിച്ച പാസില്‍ അക്വിനോയുടെ ഷോട്ട് ഫ്രഞ്ച് പോസ്റ്റ് ഭേദിച്ചത് തലനാരിഴയ്ക്ക്!
21 : 36 ഗുവരേരോയോടൊപ്പം ഫര്‍ഫാനേയും മുന്നേറ്റത്തിന്റെ ചുമതല ഏല്‍പ്പിക്കുന്നതാണ് പുതിയ തന്ത്രം. ഫ്രാന്‍സിന്‍റെതിന് സമാനമായ ഒരു ഫോര്‍മേഷന്‍ തന്നെയാവും പെറുവിന്‍റെത്.
21 : 33 കിക്കോഫ് !
21 : 30 രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ പെറുവിന്റെ നിരയില്‍ രണ്ട് മാറ്റങ്ങള്‍.
യോട്ടന് പകരം ഫര്‍ഫാനും റോഡ്രിഗസിന് പകരം സാന്റാമരിയയും
21 : 17 ഹാഫ് ടൈം
21 : 13 വിമര്‍ശകാരുടെ വായടപ്പിച്ച് ഫ്രാന്‍സ് !! കളിയുടെ ഗതി പൂര്‍ണമായും ഫ്രാന്‍സിന് അനുകൂലമായി തിരിഞ്ഞിരിക്കുന്നു. കഴിഞ്ഞ കുറച്ചു മിനുട്ടുകളായി പെറൂവിയന്‍ ബോക്സിനരികില്‍ വട്ടമിട്ട് പറക്കുകയാണ് ഫ്രഞ്ച് കഴുകന്മാര്‍ !! തങ്ങളുടെ ശക്തി വിളിച്ചോതിക്കൊണ്ട് ഫ്രഞ്ച് പടയുടെ മൂര്‍ച്ചയുള്ള മുന്നേറ്റം !
21 : 09 വീണ്ടും ഫ്രാന്‍സ് !! ഫ്രാന്‍സിന്റെ മറ്റൊരു മുന്നേറ്റം.. വലത് വിങ്ങില്‍ മുന്നേറിയ ഗോള്‍സ്കോറര്‍ എമ്പാപ്പെ സെന്‍ററിലേക്ക് പാസ് നല്‍കുന്നു. പന്ത് കൈവശപ്പെടുത്തിയ ജിറൂഡ് ഇടത് വിങ്ങിലേക്ക് കൈമാറുന്നു. ഗ്രീസ്മാന്റെ കാലിലേക്ക് പന്ത് വന്നുചേരുന്നതിന് മുന്നേ പെറു ഗോളി ഗല്ലെസിയുടെ അവസരോചിതമായ ഇടപെടല്‍.
21 : 06 ബോക്സില്‍ നിന്നും മുന്നേറിയ ആന്‍റോണിയോ ഗ്രീസ്മാനെ തടുക്കാനായി പെറു ഗോളി മുന്നിലേക്ക് കയറുന്നു. ഗ്രീസ്മാന്റെ ഷോട്ട് ഗോളിയെ മറികടന്ന് പോസ്റ്റിന് പുറത്തേക്ക് പോകുമ്പോള്‍ എമ്പാപ്പെയുടെ ഇടപെടല്‍. പന്ത് പോസ്റ്റിലേക്ക് തിരിച്ചുവിട്ടുകൊണ്ട് എമ്പാപ്പെ ലോകകപ്പില്‍ അക്കൗണ്ട് തുറന്നിരിക്കുന്നു !
21 : 04 ഗോള്‍ !! ഫ്രാന്‍സ് !! കിലിയന്‍ എമ്പാപ്പെ !!
21 : 01 ഗുവെരേരോ !! ഷോട്ട് !! ഫ്രാന്‍സിന്റെ ബോക്സില്‍ ഇടംപിടിച്ച ഗുവരേരോയുടെ നല്ലൊരു ചാന്‍സ് ലോറിസ് തടുക്കുന്നു.
20 : 55 പന്തടക്കത്തിന്റെയും പാസിങ്ങിന്‍റെയും കാര്യത്തില്‍ ഏറെ മുന്നിലാണ് പെറുവെങ്കിലും ഫ്രാന്‍സിന്റെ ശാരീരികക്ഷമത്തയോട് കിടപിടിക്കാന്‍ പെറു ഏറെ കഷ്ടപ്പെടുന്നുണ്ട്.
20 : 52 ഫൗളിന്റെ പേരില്‍ തര്‍ക്കിച്ച പെറു നായകന് മഞ്ഞക്കാര്‍ഡ്
20 : 49 ഫ്രഞ്ച് പോസ്റ്റിനരികില്‍ പെറുവിന് ഫ്രീകിക്ക് !
സെറ്റ് പീസിനിടെ ഫ്രഞ്ച് താരം ഉമിറ്റിറ്റിയെ പെറുവിന്റെ റോഡ്രിഗസ് ഫൗള്‍ ചെയ്യുന്നു. ഫ്രാന്‍സിന് അനുകൂല സെറ്റ് പീസ്.
20 : 46 മഞ്ഞക്കാര്‍ഡ് മറ്റ്യൂഡി : പെറു താരത്തെ ഫൗള്‍ ചെയ്ത ഫ്രഞ്ച് താരത്തിന് കാര്‍ഡ്.
സെറ്റ് പീസ് വേഗത്തിലെടുത്ത പെറുവിന്റെ മുന്നേറ്റം പരാജയം.
20 : 42 എമ്പാപ്പെ ! പത്തൊമ്പതുകാരന്റെ സ്കില്ലില്‍ ഫ്രാന്‍സിന്റെ മികച്ചൊരു മുന്നേറ്റം. അക്രമത്തിന് തഴയിടാന്‍ പെറു പ്രതിരോധതാരം കോര്‍ണര്‍ നല്‍കുന്നു. കോര്‍ണര്‍ കിക്ക് പെറുവിന് അനുകൂലം.
20 : 40 ഷോട്ട് ! ജിറൂഡിന്റെ പാസില്‍ ഗ്രീസ്മാന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക്..
20 : 38 ഗുവരേറോയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച ഫ്രീ കിക്കില്‍ പെറുവിന്റെ മുന്നേറ്റം. ആന്ദ്രെ കറിലോയുടെ ക്രോസ് ഫ്രഞ്ച് ബോക്സിലേക്ക് ചെന്നെത്തിയെങ്കിലും പന്ത് ക്രമത്തില്‍ ഫ്രഞ്ച് ഗോളി ലോറിസിന്റെ കൈകളില്‍ വന്നെത്തുന്നു.
20 : 35 ആദ്യ അഞ്ച് മിനുട്ടുകളില്‍ ഇരുടീമുകളും ഏറെ ശാരീരികമായ കളിയാണ് പുറത്തെടുക്കുന്നത്. അറ്റാക്കിങ് ഫുട്ബോള്‍ കളിക്കുന്ന പെറു കൂടുതല്‍ എതിരാളികളെ പ്രസ് ചെയ്യുമ്പോള്‍ പന്ത് കൈവശം വെക്കാനാണ് ഫ്രാന്‍സിന്റെ ശ്രമം.
20 : 32 ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന് ഇത് നൂറാം മത്സരമാണ്. നൂറ് രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്ന ഏഴാമത്തെ ഫ്രഞ്ച് താരമാണ് ലോറിസ്.
20 : 30 കിക്കോഫ് !
20 : 28 മാറ്റങ്ങള്‍ : പെറുവിന്റെ മധ്യനിരയിലേക്ക് പെഡ്രോ അഗ്വിനോ ഇടംപിടിച്ചപ്പോള്‍ രാജ്യത്തിന്റെ എക്കാലത്തേയും ടോപ്‌സ്കോററായ നായകന്‍ പൗലോ ഗുവരേരോ മുന്നേറ്റനിരയിലേക്ക് മടങ്ങിവന്നു.
Fifa World Cup 2018 : കൊക്കെയ്‌നും, മഞ്ഞുമലയിലെ പ്രേതങ്ങളും; പെറു നായകന്റെ റഷ്യൻ യാത്ര
ഫ്രാന്‍സ് നിരയില്‍ ടൊലീസോയ്ക്ക് പകടം മാറ്റ്യൂഡി ഇടം പിടിച്ചപ്പോള്‍ ഡെമ്പലേക്ക് പകരം ഒലിവര്‍ ജിറൂഡ് ഇറങ്ങും. കൂടുതല്‍ അനുഭവസ്ഥരായ ഒരു നിറയെയാണ് ഫ്രാന്‍സ് പരിശീലകന്‍ തിരഞ്ഞെടുത്തിരിക്കുന്നത്
20 : 18 ലൈനപ്പ്
4-2-3-1 ഫോര്‍മേഷനിലാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
#FRAPER pic.twitter.com/9Dl2CxUi9W
— FIFA World Cup (@FIFAWorldCup) June 21, 2018
20 : 16 ആദ്യ മത്സരത്തില്‍ കഷ്ടിച്ച് ജയിച്ച ഫ്രാന്‍സിന് ഇന്ന് തങ്ങളുടെ കരുത്ത് തെളിയിക്കേണ്ടതായുണ്ട്. നായകന്‍ ഗുവരേരോയുടെ മടങ്ങിവരവ് പെറുവിന് ആത്മവിശ്വാസം പകരും.