Fifa World Cup 2018: ഗ്രൂപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സിനെ സമനിലയില്‍ കുരുക്കി ഡെന്മാര്ക്ക്. റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിലെ ആദ്യ ഗോള്‍രഹിത സമനിലയായിരുന്നു കഴിഞ്ഞത്.
ഒട്ടും സമ്മര്‍ദമില്ലാതെയാണ് ഫ്രാന്‍സ് ഇറങ്ങിയത്. തുടക്കം മുതല്‍ ഫ്രാന്‍സിന്റെ ഭാഗത്ത് നിന്നും മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും ഡെന്മാര്ക്കിന്റെ ശക്തമായ പ്രതിരോധത്തില്‍ അതിന്റെയെല്ലാം മുനയൊടിയുകയായിരുന്നു. 35-ാം മിനിറ്റില്‍ മാത്രമാണ് ആന്റോണിയോ ഗ്രീസ്മാനിലൂടെ ഫ്രാന്‍സിന് ഒരു അവസരമെങ്കിലും വന്നുചേര്‍ന്നത്.
രണ്ടാം പകുതി അഞ്ച് മിനിറ്റ് പിന്നിടുമ്പോള്‍ തന്നെ ഫ്രാന്‍സ് ഹെര്‍ണാണ്ടസിന് പകരം മെന്‍ഡിയെ ഇറക്കി. പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുന്ന ഡെന്മാര്ക്കിന് ഈ മൽസരത്തെ തങ്ങളുടെ കരുത്തിന്റെ പരീക്ഷണമായാണ് എടുക്കുന്നത് എന്ന് വ്യക്തം.
പന്തിന്മേലുള്ള പൊസഷനില്‍ ഡെന്മാര്ക്കിനെ വെല്ലുവിളിച്ചെങ്കിലും ഒരു നല്ല ഫിനിഷിങ് പോലും കണ്ടെത്താനാനാകാതെ ഫ്രഞ്ചുകാര്‍ വിയര്‍ത്തു. ഗ്രീസ്മാന് പകരം ഇറങ്ങിയ ഫെകീറിന്റെ ശ്രമങ്ങളും ഡെന്മാര്ക്ക് സൈഡ്നെറ്റില് ഒത്തുങ്ങി.
കൗണ്ടര്‍ അറ്റാക്കിങ് ആശ്രയിക്കാനുള്ള ഡെന്മാര്ക്ക് തന്ത്രവും പരാജയപ്പെടുത്താനായി എന്നത് മാത്രമാണ് ഫ്രാൻസിന് ആശ്വസിക്കാനുള്ള വക നല്‍കുന്നത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആന്റോണിയോ കാന്റെയുടെ വെല്ലുവിളിയാണ് ഡെന്മാര്ക്ക് മുന്നേറ്റങ്ങള്‍ക്ക് നിരന്തരം ഭീഷണിയായത്.
ഇരു ടീമുകളും പ്രീ ക്വാട്ടറിലേക്ക് കടന്നു.