scorecardresearch
Latest News

ബൂട്ടിലെ രാഷ്ട്രീയം, ഹൃദയത്തിലെ പന്ത്; ഇത് ഷാക്കിരിയുടെ ജീവിതം

FIFA World Cup 2018: താന്‍ കളിച്ചു വളര്‍ന്ന പാര്‍ക്കിനെ ഐക്യരാഷ്ട്ര സംഘടനയോടാണ് ഷാക്കിരി ഉപമിക്കുന്നത്. തുര്‍ക്കി, ആഫ്രിക്ക, സെര്‍ബിയ, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ളവരെല്ലാം അവിടെ കളിക്കാനുണ്ടാകും

ബൂട്ടിലെ രാഷ്ട്രീയം, ഹൃദയത്തിലെ പന്ത്; ഇത് ഷാക്കിരിയുടെ ജീവിതം

FIFA World Cup 2018: ഷെര്‍ദന്‍ ഷാക്കിരി, ആ പേര് കേള്‍ക്കുമ്പോള്‍ ഏതൊരു ഫുട്‌ബോള്‍ ആരാധകന്റേയും മനസ് പിന്നോട്ട് പോകും. 2014 ലോകകപ്പില്‍ ഹോണ്ടുറാസിനെതിരെ ഹാട്രിക്ക് നേടിയ സ്വിറ്റ്‌സര്‍ലൻഡിന്റെ യുവതാരം. 23-ാം നമ്പര്‍ ജഴ്‌സിയണിഞ്ഞ് മൈതാനത്തെത്തിയ ആ കുറിയ മനുഷ്യന്‍ താന്‍ ചെറിയവനല്ലെന്ന് ഓരോ നീക്കത്തിലും വിളിച്ചു പറയുന്നുണ്ടായിരുന്നു. അവനെ പൂട്ടാന്‍ എതിരാളികള്‍ നന്നേ പാടുപെട്ടു. അതിശയിപ്പിക്കുന്ന വേഗതയും അതിനൊത്ത കരുത്തുമായി അവന്‍ നിറഞ്ഞാടുകയായിരുന്നു.

രണ്ട് വര്‍ഷം കഴിഞ്ഞ് യൂറോ കപ്പില്‍ ഷാക്കിരി വീണ്ടും ലോകത്തെ ഞെട്ടിച്ചു. പോളണ്ടിനെതിരായ മൽസരത്തില്‍ സഹതാരം വച്ചു നീട്ടിയ പന്തിനെ വായുവില്‍ ഉയര്‍ന്ന് ചാടി മലക്കം മറിഞ്ഞ് ഷാക്കിരി ഗോള്‍ വലയിലേക്ക് പറത്തി വിടുകയായിരുന്നു. യുറോ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായാണ് കായിക ലോകം ഷാക്കിരിയുടെ ഗോളിനെ വാഴ്ത്തിയത്. പിറ്റേന്നിറങ്ങിയ മാധ്യമങ്ങളിലെല്ലാം ഷാക്കിരിയുടെ ശിക്കാറിന്റെ വിശേഷങ്ങളായിരുന്നു.

യൂറോ കപ്പ് അവസാനിച്ചതോടെ അയാള്‍ നമ്മുടെ മാധ്യമങ്ങളുടെ കായിക പേജില്‍ നിന്നും അപ്രത്യക്ഷനായി. കൃത്യം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാക്കിരി വീണ്ടും ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കുകയാണ്. ഇത്തവണ തീയുണ്ട പോലുള്ള തന്റെ ഗോള്‍ മാത്രമല്ല, മൈതാനത്ത് രാഷ്ട്രീയം പറഞ്ഞുമാണ് ഷാക്കിരി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

ഇന്നലെ സെര്‍ബിയയും സ്വിറ്റ്‌സര്‍ലൻഡും ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ അത് വെറുമൊരു ഫുട്‌ബോള്‍ മൽസരമായിരുന്നില്ല. പ്രത്യേകിച്ചും ഷാക്കിരിയ്‌ക്കും കൂട്ടുകാരനായ ഷാക്കയ്‌ക്കും. രണ്ടു പേര്‍ക്കും സ്വിറ്റ്‌സര്‍ലൻഡ് രണ്ടാം വീടാണ്. അല്‍ബേനിയന്‍ വേരുകളുളളവരാണ് രണ്ടു പേരും. ഗോളടിച്ചതിന് പിന്നാലെ ഇരുവരും നടത്തിയ ആഹ്ലാദപ്രകടനം ബല്‍ക്കന്‍സ് രാഷ്ട്രീയത്തെ ലോകകപ്പ് വേദിയില്‍ എത്തിച്ചിരിക്കുകയാണ്.

ഗോളടിച്ചതിന് ശേഷം തങ്ങളുടെ ഇരുകൈകളും ചേര്‍ത്ത് ഇരുതലയുളള പരുന്തിന്റെ രൂപമാക്കിയാണ് ഇരുവരും ആഘോഷിച്ചത്. അല്‍ബേനിയയുടെ ദേശീയപതാകയിലെ ചിഹ്നമാണിത്. മുമ്പ് സെര്‍ബിയയുടെ അധീനതയിലായിരുന്ന കൊസോവയിലാണ് ഷാക്കിരി ജനിച്ചത്. ഷാക്കയുടെ മാതാപിതാക്കളും കൊസോവയിലാണ് ജനിച്ചത്. 2008ല്‍ കൊസോവ സ്വതന്ത്ര പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സെര്‍ബിയ തയ്യാറാകാത്തത് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാക്കി.

യുദ്ധത്തെ തുടര്‍ന്ന് സ്വിറ്റ്‌സര്‍ലൻഡില്‍ അഭയം പ്രാപിച്ച 200000 കൊസോവോക്കാരില്‍ രണ്ടു പേരാണ് ഷാക്കീരിയും ഷാക്കയും. തങ്ങളെ നാടുകടത്തിയവര്‍ക്കുള്ള മറുപടിയായിരുന്നു താരങ്ങളുടെ ആഘോഷം.

ലോകകപ്പിനുള്ള ഫിക്‌സ്ചര്‍ തയ്യാറായപ്പോള്‍ മുതല്‍ സെര്‍ബിയയും സ്വിറ്റ്‌സര്‍ലൻഡും തമ്മിലുള്ള മൽസരത്തിനായി ഷാക്കിരി കാത്തിരിക്കുകയായിരുന്നു. താരങ്ങള്‍ പരസ്‌പരം വെല്ലുവിളികളും ആരോപണങ്ങളുമുയര്‍ത്തിയിരുന്നു. എല്ലാവരുടേയും ചോദ്യങ്ങള്‍ ഷാക്കിരിയെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. സെര്‍ബിയയുടെ സ്ട്രൈക്കറായ അലക്‌സാണ്ടര്‍ മിട്രോവിച്ച് ഷാക്കീരി എന്തുകൊണ്ട് കൊസോവോയ്‌ക്ക് വേണ്ടി കളിക്കുന്നില്ലെന്നായിരുന്നു പത്ര സമ്മേളനത്തില്‍ ആഞ്ഞടിച്ചത്. അതിനെല്ലാമുള്ള മറുപടിയുമായാണ് ഷാക്കീരി ലോകകപ്പിനെത്തിയത്. ഇടതു കാലില്‍ സ്വിറ്റ്‌സര്‍ലൻഡിന്റേയും മറുകാലില്‍ അല്‍ബേനിയയുടേയും പതാകയുമുള്ള ബൂട്ടുകളില്‍ തന്നെ ഷാക്കിരി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തിയതിന് മൂന്ന് വര്‍ഷമാണ് ഷാക്കിരിയുടെ അച്‌ഛനെ തടവിലിട്ടത്. ആ പാരമ്പര്യം മൈതാനത്ത് ഷാക്കിരിയും തുടര്‍ന്നു. മൽസരത്തിന് മുന്നോടിയായി തന്നെ സെര്‍ബിയന്‍ ആരാധകര്‍ യുദ്ധ പ്രഖ്യാപനം നടത്തിയിരുന്നു. കൊസോവോ ഈസ് സെര്‍ബിയ എന്ന മുദ്രാവാക്യവുമായാണ് അവര്‍ റഷ്യയിലെത്തിയത്. അതിന്റെ കലാശക്കൊട്ടായിരുന്നു ഇന്നലെ മൈതാനത്ത് കണ്ടത്. അവിടെ ഷാക്കിരിയും ഷാക്കയും മറുപടി നല്‍കി. ഗോളടിച്ചതിന് പിന്നാലെ നിശബ്‌ദരായ സെർബിയന്‍ ആരാധകരുടെ അടുത്തേക്ക് ഓടിയെത്തിയ ഷാക്കിരിയും ഷാക്കയും തങ്ങളുടെ കൈ വിരലുകളില്‍ അല്‍ബേനിയന്‍ പതാക കെട്ടി അവർക്ക് മുന്നില്‍ വീശിക്കാണിക്കുകയായിരുന്നു.

തന്റെ ആഹ്ലാദപ്രകടന രീതിയെ ‘അത് വൈകാരികം മാത്രമാണ്’ എന്നാണ് മൽസരശേഷം ഷാക്കിരി പ്രതികരിച്ചത്. ‘ഫുട്‌ബോള്‍ എന്നും വൈകാരികമാണ്. ഞാന്‍ എന്താണ് ചെയ്‌തതെന്ന് നിങ്ങള്‍ കണ്ടതാണ്. അത് വൈകാരികമാണ്. ഗോളടിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. ഇതിനെ കുറിച്ച് ഇപ്പോള്‍ സംസാരിക്കണമെന്ന് തോന്നുന്നില്ല’. ഷാക്കിരി പറഞ്ഞു.

കൊസോവോയില്‍ നിന്നും നാടുവിട്ട ദിവസം ഷാക്കിരി ഇന്നും ഓര്‍ക്കുന്നു.

‘യുദ്ധം പൊട്ടിപ്പുറപ്പെടും മുമ്പേ എന്റെ കുടുംബം കൊസോവോ വിട്ടിരുന്നു. എനിക്ക് നാല് വയസായിരുന്നു പ്രായം. എനിക്ക് രണ്ടു സഹോദരന്മാരായിരുന്നു. അച്‌ഛനും അമ്മയും ജീവിതം കരു പിടിപ്പിക്കാന്‍ സ്വിറ്റ്‌സര്‍ലൻഡില്‍ കഷ്‌ടപ്പെടുകയായിരുന്നു. അച്‌ഛന് സ്വിസ് ജര്‍മ്മന്‍ ഭാഷ അറിയില്ലായിരുന്നു. റസ്റ്ററന്റുകളില്‍ പാത്രം കഴുകിയും റോഡ് പണിയെടുത്തുമായിരുന്നു അദ്ദേഹം കുടുംബം നോക്കിയിരുന്നത്. നഗരത്തിലെ ഓഫീസുകള്‍ വൃത്തിയാക്കാനായി അമ്മയ്‌ക്കൊപ്പം ഞാനും സഹോദരന്മാരും പോകുമായിരുന്നു. ഒരുപാട് കഷ്‌ടപ്പെട്ടിട്ടുണ്ട്.’ ഷാക്കിരി പറയുന്നു.

ഒരേസമയം, വീട്ടിലെ ചെലവു നോക്കുകയും നാട്ടിലുള്ള ബന്ധുക്കള്‍ക്ക് പണമയച്ചു കൊടുക്കുകയും ചെയ്യുക എന്നത് തന്റെ മാതാപിതാക്കളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്നും ഷാക്കിരി ഓര്‍മ്മിക്കുന്നു. ആദ്യമൊക്കെ കോസോവോയിലുള്ള തങ്ങളുടെ കുടുംബത്തെ കാണാന്‍ ഷക്കിരിയും കുടുംബവും എല്ലാ വര്‍ഷവും പോകുമായിരുന്നു. എന്നാല്‍ യുദ്ധം ആരംഭിച്ചതോടെ ആ പോക്ക് നിലച്ചു.

അവിടെ കുടുങ്ങിക്കിടന്ന തന്റെ കുടുംബക്കാര്‍ ഒരുപാട് സഹിച്ചതാണെന്ന് താരം പറയുന്നു. ഷാക്കിരിയുടെ അമ്മാവന്റെ വീടിന് തീയിട്ടു. പട്ടിണിയും യുദ്ധവും കുടുംബത്തെ വേട്ടയാടി. പലപ്പോഴും മരണം മുന്നില്‍ കണ്ട അവസ്ഥ. പഴയതു പോലെ ഷാക്കിരിയുടെ അച്‌ഛന് നാട്ടിലേക്ക് പണം അയച്ചു കൊടുക്കാനും സാധിച്ചില്ല. തനിക്ക് ജീവിതത്തിലാകെ കിട്ടുന്ന സമ്മാനം പിറന്നാള്‍ ദിനത്തില്‍ മാത്രമായിരുന്നുവെന്ന് ഷാക്കിരി പറയുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമേതെന്ന് ചോദിച്ചാല്‍ ഷാക്കിരിയുടെ ഓര്‍മ്മകള്‍ 1998 ലോകകപ്പിലെത്തി നില്‍ക്കും. തന്റെ ഇഷ്‌ട താരം റൊണാള്‍ഡോ കണ്ണീരോടെ മടങ്ങിയ ലോകകപ്പ്.

”റൊണാള്‍ഡോയായിരുന്നു എന്റെ പ്രിയതാരം. 98ലെ ലോകകപ്പില്‍ അദ്ദേഹത്തിന് പരുക്കേറ്റപ്പോള്‍ ഞാന്‍ കരയുകയായിരുന്നു. ആ ഫൈനല്‍ കഴിഞ്ഞ് ഏഴ് മാസങ്ങള്‍ക്ക് ശേഷമായിരുന്നു എന്റെ പിറന്നാള്‍. എനിക്ക് റൊണാള്‍ഡോയുടെ ജഴ്‌സി വേണമെന്ന് പറഞ്ഞ് ഞാന്‍ എല്ലാവരേയും ശല്യം ചെയ്യുമായിരുന്നു. അതല്ലാതെ വേറൊരു ഗിഫ്റ്റ് എനിക്ക് വേണ്ടെന്ന് ജ്യേഷ്‌ഠനോട് കട്ടായം പറഞ്ഞു.”

”പിറന്നാല്‍ ദിവസം എത്തിയപ്പോള്‍ അമ്മ ആകെ കൊണ്ടു വന്നത് ഒരു പൊതിയായിരുന്നു. ഞാനത് തുറന്നു, റൊണാള്‍ഡോയുടെ പേരെഴുതിയ ഒമ്പതാം നമ്പര്‍ മഞ്ഞ ജഴ്‌സിയായിരുന്നു അതില്‍. റോഡ് സൈഡില്‍ നിന്നും വാങ്ങിയ വില കുറഞ്ഞ ജഴ്‌സിയായിരുന്നു അത്. അതില്‍ വേറെന്തിന്റേയോ ബാഡ്ജുമുണ്ടായിരുന്നു. നല്ലത് വാങ്ങാനുള്ള പണം അച്‌ഛന്റേയും അമ്മയുടേയും പക്കലുണ്ടായിരുന്നില്ല. പക്ഷെ അതൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല. ജഴ്‌സി ഊരാതെ ദിവസങ്ങളോളം കളിച്ചു നടന്നു.”

വേഗതയോടൊപ്പം തന്നെ കരുത്തും ഷാക്കിരിയെ മറ്റ് ഫുട്‌ബോള്‍ താരങ്ങളില്‍ നിന്നും വ്യത്യസ്‌തനാക്കുന്നു. ഒരേ സമയം അതിവേഗം എതിര്‍മുഖത്ത് പാഞ്ഞു കയറാനും എത്ര ശക്തമായ പ്രതിരോധത്തേയും മറി കടക്കാനുമുള്ള കരുത്ത് അയാള്‍ക്കുണ്ട്. അതിന് ഷാക്കിരി കടപ്പെട്ടിരിക്കുന്നത് തന്റെ തെരുവിലെ ഫുട്‌ബോള്‍ കളിക്കാണ്.

നഗരത്തിലെ പാര്‍ക്കില്‍ ഫുട്‌ബോള്‍ കളിക്കാന്‍ പോകുമ്പോള്‍ ഷാക്കിരിയെ പലപ്പോഴും അമ്മ വിലക്കുമായിരുന്നു. കരുത്തന്മാരുടെ കളിയില്‍ തന്റെ മകന് പരുക്കേല്‍ക്കുമോ എന്ന ഭയമായിരുന്നു അവര്‍ക്ക്. എന്നാല്‍ മല്ല യുദ്ധത്തിന് സമാനമായ അവിടുത്തെ ഫുട്‌ബോള്‍ കളി ഷാക്കിരിയെ ഒരേസമയം, കരുത്തനായ താരമായും മനുഷ്യനായും മാറ്റുകയായിരുന്നു. താന്‍ കളിച്ചു വളര്‍ന്ന പാര്‍ക്കിനെ ഐക്യരാഷ്ട്ര സംഘടനയോടാണ് ഷാക്കിരി ഉപമിക്കുന്നത്. തുര്‍ക്കി, ആഫ്രിക്ക, സെര്‍ബിയ, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ളവരെല്ലാം അവിടെ കളിക്കാനുണ്ടാകും.

കളിക്കളത്തില്‍ എതിരാളിയെ ഇടിച്ച് വീഴ്ത്തുന്നത് വളരെ സ്വാഭാവികമായിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ചെറിയവനായതില്‍ ആരുമായും അടിയുണ്ടാക്കാന്‍ പോകാതെ വായടച്ചായിരുന്നു ഷാക്കിരി കളിച്ചിരുന്നത്. എന്നാല്‍ അവിടുത്തെ കളി അയാളെ അക്ഷരാര്‍ത്ഥത്തില്‍ പോരാളിയാക്കി മാറ്റുകയായിരുന്നു.

തന്റെ സ്‌കൂളിലെ ഏക അഭയാര്‍ത്ഥി വിദ്യാര്‍ത്ഥിയായിരുന്നു അന്ന് ഷാക്കിരി. തനിക്ക് ഫുട്‌ബോളിനോടുള്ള സ്‌നേഹത്തിന്റെ അര്‍ത്ഥം പോലും അവിടുത്തെ കുട്ടികള്‍ക്ക് മനസിലാക്കാന്‍ സാധിച്ചിരുന്നില്ലെന്ന് ഷാക്കിരി പറയുന്നു. 2002 ലോകകപ്പില്‍ ബ്രസീല്‍ ജയിച്ചപ്പോള്‍ ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോററും തന്റെ പ്രിയ താരവുമായ റൊണാള്‍ഡോയെ അനുകരിച്ച് മുടി വെട്ടിയെത്തിയ തന്നെ നോക്കി ഇതെന്ത് ജീവി എന്ന തരത്തില്‍ മറ്റുള്ളവര്‍ നോക്കിയത് ഷാക്കിരി ഇന്നും ഓര്‍ക്കുന്നു.

ഒരിക്കല്‍ പ്രാഗില്‍ കളിക്കാന്‍ കള്ളം പറഞ്ഞു പോകേണ്ടി വന്ന സംഭവത്തെ കുറിച്ച് ഷാക്കിരി ഓര്‍ത്തെടുക്കുന്നു.

”എനിക്കന്ന് 14 വയസായിരുന്നു. എഫ്‌സി ബേസലിന് വേണ്ടി കളിക്കുന്ന സമയം. നൈക്ക് കപ്പിന്റെ ഫൈനല്‍ കളിക്കാന്‍ പ്രാഗില്‍ പോകണമായിരുന്നു. പക്ഷെ സ്‌കൂളില്‍ പറയാന്‍ പറ്റില്ല. അതുകൊണ്ട് സുഖമില്ലെന്ന് അമ്മയെ കൊണ്ട് കള്ള ലീവ് ലെറ്റര്‍ എഴുതിപ്പിച്ചിട്ട് പതിയെ സ്ഥലം കാലിയാക്കി. തിങ്കളാഴ്‌ച സ്‌കൂളില്‍ തിരികെ എത്തിയത് ചെറിയ പനിയൊക്കെ അഭിനയിച്ചു കൊണ്ടായിരുന്നു. പക്ഷെ സംഗതി പാളി. നിനക്ക് പനിയാണോ എന്ന് അധ്യാപകന്‍ ചോദിച്ചു. അതെ എന്ന് പറഞ്ഞതും അദ്ദേഹം ഒരു പത്രമെടുത്ത് മുന്നിലിട്ടു. പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റിനുള്ള ട്രോഫിയുമായി ഞാന്‍ നില്‍ക്കുന്ന ചിത്രമായിരുന്നു അതില്‍.”

16-ാം വയസില്‍ സ്‌പെയിനില്‍ പരിശീലനം നേടാനുള്ള സുവർണാവസരം ഷാക്കിരിയെ തേടിയെത്തി. പക്ഷെ അതിനുള്ള പണമില്ലായിരുന്നു. അച്‌ഛന്‍ നിസ്സഹായനായിരുന്നു. അടുത്തുള്ള വീടുകളില്‍ പണിയെടുത്ത് ഷാക്കിരിയും ഫാക്‌ടറിയില്‍ ജോലി ചെയ്‌ത് സഹോദരനും പോകാനുള്ള പണം സമ്പാദിച്ചു.

ട്രെയിനിങ് സമയങ്ങളില്‍ പലപ്പോഴും മറ്റു കുട്ടികള്‍ ഷാക്കിരിയേയും സഹോദരനേയും കളിയാക്കുമായിരുന്നു. പരിശീലനത്തിന് ശേഷം എല്ലാവരും അടുത്തുള്ള ഷോപ്പിലെത്തി ഭക്ഷണം കഴിക്കുമ്പോള്‍ ഇല്ലാത്ത കാരണം പറഞ്ഞ് മുങ്ങുന്നത് ഷാക്കിരിയും സഹോദരനും പതിവാക്കിയിരുന്നു. പക്ഷെ അത് തന്നില്‍ മറ്റൊരു തരത്തില്‍ വിശപ്പുണ്ടാക്കിയെന്ന് ഷാക്കിരി പറയുന്നു, ഏറ്റവും മികച്ചവര്‍ക്കെതിരെ കളിക്കാനുള്ള വിശപ്പ്.

17-ാം വയസിലാണ് ഷാക്കിരി ബേസലിന്റെ സീനിയര്‍ ടീമിലെത്തുന്നത്. ആദ്യ കളിയില്‍ 20 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഇറങ്ങിയ ഷാക്കിരി തന്റെ പ്രതിഭ കാണിച്ചു കൊടുത്തെങ്കിലും കോച്ച് തൃപ്‌തനായിരുന്നില്ല. വെറുതെ പന്ത് ഡ്രിബിള്‍ ചെയ്‌ത് സമയം കളയുകയാണെന്ന് പറഞ്ഞ് അടുത്ത മൽസരത്തിലെ ടീമില്‍ നിന്നും പുറത്താക്കി. എന്നാല്‍ ആ മാനേജര്‍ തൊട്ടടുത്ത ദിവസം തന്നെ പുറത്താക്കപ്പെട്ടു. പുതുതായി എത്തിയ മാനേജര്‍ ആദ്യം ചെയ്‌തത് ഷാക്കിരിയെ ടീമിലേക്ക് തിരിച്ചു കൊണ്ടു വരികയായിരുന്നു. പിന്നെ അവന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

2010 ലെ ലോകകപ്പ് ടീമിലേക്ക് വിളി വന്നതും വീട്ടിലേക്ക് ഓടിയെത്തിയ ഷാക്കിരി അച്‌ഛനും അമ്മയ്‌ക്കും മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു.

”എല്ലാം വളരെ പെട്ടെന്നായിരുന്നു. 16-ാം വയസില്‍ ഞാന്‍ സ്‌പെയിനിലേക്ക് പോകാന്‍ പണമുണ്ടാക്കാന്‍ വീടുകള്‍ കയറിയിറങ്ങുകയായിരുന്നു. 18-ാം വയസില്‍ ഞാന്‍ സ്വിറ്റ്‌സര്‍ലൻഡിന്റെ ലോകകപ്പില്‍ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുകയായിരുന്നു,” ഷാക്കിരി പറയുന്നു.

യുദ്ധം അതിര്‍ത്തി കടത്തിയ കുടുംബത്തില്‍ നിന്നു വന്നതുകൊണ്ടു തന്നെ തന്റെ ആദ്യ ലോകകപ്പിന്റെ ഓര്‍മ്മയായി ഷാക്കിരി ഇപ്പോഴും കൊണ്ടു നടക്കുന്നത് തോക്കുമായി തന്റെ മുറിയ്‌ക്ക് മുന്നില്‍ കാവല്‍ നിന്ന പട്ടാളക്കാരനെയാണ്.

”എല്ലാവരുടേയും മുറിക്ക് മുന്നില്‍ തോക്കുമായൊരു പട്ടാളക്കാരനുണ്ടായിരുന്നു. അതൊരു വല്ലാത്ത അനുഭവം തന്നെയാണ്.”

അതേസമയം, തന്നെ സ്വിറ്റ്‌സര്‍ലൻഡ് മാധ്യമങ്ങള്‍ രാജ്യത്തോടുള്ള സ്‌നേഹത്തെ പലപ്പോഴും സംശയത്തിന്റെ കണ്ണിലൂടെയാണ് കണ്ടിരുന്നതെന്ന് ഷാക്കിരി പറയുന്നു. പക്ഷെ തനിക്ക് രണ്ട് വീടുകളുണ്ടെന്ന് ഷാക്കിരി ഉറച്ച ശബ്‌ദത്തില്‍ പറയുന്നു. തനിക്കുള്ളതെല്ലാം തന്ന സ്വിറ്റ്‌സർലൻഡിന് തനിക്കാകുന്നത് പോലെ തിരിച്ച് നല്‍കാന്‍ ശ്രമിക്കുകയാണെന്നും അതേസമയം, കൊസോവോയിലെത്തുമ്പോള്‍ സ്വന്തം വീട്ടിലെത്തിയ അനുഭവമാണെന്നും ഷാക്കിരി വ്യക്തമാക്കുന്നു.

ഒരിക്കല്‍ ഷാക്കിരിയുടെ രണ്ട് വീടുകളും, സ്വിറ്റ്‌സര്‍ലൻഡും അല്‍ബേനിയയും ഫുട്‌ബോള്‍ മൈതാനത്ത് നേര്‍ക്കുനേര്‍ വന്നു. 2012 ല്‍. അന്ന് സ്വിറ്റ്‌സര്‍ലൻഡിന്റേയും അല്‍ബേനിയയുടേയും കൊസോവോയുടേയും പതാകകള്‍ ബൂട്ടില്‍ തുന്നിച്ചേര്‍ത്താണ് ഷാക്കിരി കളിക്കാനിറങ്ങിയത്. മിക്ക സ്വിസ് മാധ്യമങ്ങളും ഷാക്കിരിക്കെതിരെ പൊട്ടിത്തെറിച്ചു. എന്നാല്‍ സ്വിറ്റ്‌സര്‍ലഡി ജനങ്ങള്‍ അങ്ങനെയല്ലെന്നും ജീവിതം തേടിയെത്തുന്നവരെ സ്വീകരിക്കാന്‍ ഈ രാജ്യത്തിന് ഒരു മടിയുമില്ലെന്നുമാണ് ഷാക്കിരി പറയുന്നത്.

”തടാകങ്ങളും മലനിരകളുമുണ്ട് സ്വിറ്റ്‌സര്‍ലൻഡില്‍. അതുപോലെ തന്നെ തുര്‍ക്കികളും സെര്‍ബുകളും അല്‍ബേനിയക്കാരും ആഫ്രിക്കക്കാരും എല്ലാവരും ഒരുമിച്ച് കളിക്കുന്ന പാര്‍ക്കുമുണ്ട് അവിടെ,” ഷാക്കിരിയുടെ വാക്കുകളില്‍ ജീവിതം നല്‍കിയ നാടിനോടുള്ള ആദരവ് വ്യക്തം.

ഈ ലോകകപ്പിന് എത്തുമ്പോള്‍ താന്‍ സ്വിസ് പതാകയും അല്‍ബേനിയന്‍ പതാകയുമുള്ള ബൂട്ടുകളുമായാണ് എത്തുക എന്ന് നേരത്തെ തന്നെ ഷാക്കിരി പ്രഖ്യാപിച്ചിരുന്നു. അത് തന്റെ രാഷ്ട്രീയം മാത്രമല്ല, തന്റെ ജീവിതകഥയുടെ അടയാളവുമാണെന്ന് അയാള്‍ പറയുന്നു. ഷാക്കിരിയുടെ ഗോളിനെ കുറിച്ചുള്ള ഒരു മാധ്യമ റിപ്പോർട്ടില്‍ പറഞ്ഞത് പോലെ, ഷാക്കിരിയുടെ ആ സ്കിസ് പാക്ക് ശരീരം ഒരു രാജ്യമാണ്. തന്‍റെ സ്വത്വത്തില്‍ ഊന്ന് നില്‍ക്കുന്നതാണ് ഷാക്കിരിയുടെ കാലുകള്‍.

Stay updated with the latest news headlines and all the latest Fifa news download Indian Express Malayalam App.

Web Title: Fifa world cup shaqiri makes a political statement in russia