മോസ്‌കോ: ലോകകപ്പില്‍ നിന്നും പുറത്തായ അര്‍ജന്റീനന്‍ ടീമിനെ വിമര്‍ശിച്ച് ഇതിഹാസ താരം മറഡോണ. മെസിയുടെ വിരമിക്കല്‍ അഭ്യൂഹം തുടരുന്നതിനിടെയാണ് മറഡോണയുടെ വിമര്‍ശനം.

മെസിയല്ലാതെ ടീമിലെ മറ്റൊരാളും നന്നായി കളിച്ചില്ലെന്നും ടീമിന്റെ നിലവാരം വളരെ മോശമായിരുന്നുവെന്നും മറഡോണ പറഞ്ഞു. അതേസമയം, സിനിമാ തിയേറ്ററിലേക്ക് എന്നതു പോലെയാണ് അര്‍ജന്റീന മൈതാനത്തേക്ക് വന്നതെന്നും മറഡോണ പറയുന്നു.

വളരെ മുമ്പു തന്നെ മരിച്ച ടീമിന്റെ ശവസംസ്‌കാരം കാണണമെന്ന രീതിയിലായിരുന്നു ആരാധകര്‍ ലോകകപ്പിനെത്തിയതെന്നും മറഡോണ പറഞ്ഞു. അര്‍ജന്റീനയുടെ മധ്യനിര മെസിയായിരുന്നുവെന്നും എന്നാല്‍ അയാളെ ഫ്രാന്‍സ് വിദഗ്‌ധമായി പൂട്ടിയെന്ന് മറഡോണ പറഞ്ഞു. മെസിയെക്കൂടാതെ ഒരു സാധാരണ ടീം മാത്രമാണ് അര്‍ജന്റീന മറഡോണ അഭിപ്രായപ്പെട്ടു.

വീണ്ടുമൊരു ലോകകപ്പു കൂടി കടന്നുപോകുമ്പോഴും സ്ഥിരതയുള്ള ഒരു ടീമിനെ കണ്ടെത്താന്‍ അര്‍ജന്റീനയ്‌ക്ക് സാധിക്കാത്തത് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീനയുടെ ഗ്രൂപ്പു മല്‍സരങ്ങള്‍ മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടം വരെ ഗാലറിയിലെത്തി നേരിട്ടു കണ്ടിരുന്നു മറഡോണ. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഫ്രാന്‍സിനോട് 4-3 ന് പരാജയപ്പെട്ടാണ് അര്‍ജന്റീന ലോകകപ്പില്‍ നിന്നും മടങ്ങിയത്. ഇനിയൊരു ലോകകപ്പിന് മെസിക്കു ബാല്യമുണ്ടോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. അപ്പോഴും ഒരു ടീമെന്ന നിലയില്‍ അര്‍ജന്റീനയുടെ മോശം പ്രകടനം അവരുടെ ലോകകപ്പ് മോഹങ്ങളെ തല്ലിക്കെടുത്തുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook