ടുണീഷ്യയെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആവേശം ബെല്‍ജിയം ക്യാമ്പില്‍ ഇതുവരേയും അവസാനിച്ചിട്ടില്ല. ലോകകപ്പിനെത്തിയിട്ടുള്ള ഏറ്റവും ശക്തമായ മുന്നേറ്റ നിരയാണ് തങ്ങളുടേതെന്ന് ബെല്‍ജിയം അടിവരയിട്ടു പറഞ്ഞു. റൊമേലു ലുകാക്കു എന്ന താരത്തിന്റെ ബൂട്ടുകളിലാണ് ബെല്‍ജിയത്തിന്റെ പ്രതീക്ഷകള്‍. എന്നാല്‍ ബെല്‍ജിയം ആരാധകരെ വേദനിപ്പിച്ചു കൊണ്ട് ലുകാക്കുവിന്റെ പരുക്ക് വാര്‍ത്തകള്‍ പുറത്തു വരികയാണ്.
ഇന്നലെ ടുണീഷ്യയ്‌ക്കെതിരായ മൽസരത്തിനിടെയാണ് ലുകാക്കുവിന് പരുക്കേല്‍ക്കുന്നത്. കണങ്കാലിന് പരുക്കേറ്റ ലുകാക്കു അടുത്ത മൽസരത്തില്‍ കളിക്കുമോ എന്നത് സംശയമാണ്. ഇംഗ്ലണ്ടിനെതിരായാണ് ബെല്‍ജിയത്തിന്റെ അടുത്ത കളി. ലുകാക്കുവിന്റെ പരുക്കിനെ തുടര്‍ന്ന് താരം ഇംഗ്ലണ്ടിനെതിരെ ഇറങ്ങില്ലെന്ന് പരിശീലകന്‍ റോബര്‍ട്ട് മാര്‍ട്ടിനസ് സൂചനകള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ശക്തമായ മുന്നേറ്റ നിരയുമായാണ് ബെല്‍ജിയം റഷ്യയിലെത്തിയതെങ്കിലും ലുകാക്കുവിന്റെ പ്രകടനം പകരം വയ്‌ക്കാനില്ലാത്തതാണ്. നിലവില്‍ ലോകകപ്പിലെ ടോപ്പ് സ്‌കോററാണ് ലുകാക്കു. നാല് ഗോളുകള്‍ നേടിയ ലുകാക്കുവും ക്രിസ്റ്റ്യാനോയുമാണ് പട്ടികയില്‍ മുന്നില്‍.
അതേസമയം, രണ്ട് കളിയും ജയിച്ചതോടെ ബെല്‍ജിയം പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടി കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ലുകാക്കു അടുത്ത കളിയ്‌ക്ക് ഇറങ്ങിയില്ലെങ്കില്‍ ടീമിന് അത് തിരിച്ചടിയാകില്ല. ഇന്നലെ ടുണീഷ്യയ്‌ക്കെതിരെ രണ്ട് ഗോളുകളായിരുന്നു ലുകാക്കു നേടിയത്. പരുക്ക് മാറി താരം വേഗം തിരികെ വന്നില്ലെങ്കില്‍ അടുത്ത റൗണ്ടില്‍ ബെല്‍ജിയത്തിന് തിരിച്ചടിയാകും.