FIFA World Cup 2018: ലോകകപ്പിലെ ആദ്യ അട്ടിമറി വിജയം മെക്‌സിക്കോയ്‌ക്ക്. നിലവിലെ ചാമ്പ്യന്മാരും ലോകകപ്പിനെത്തിയ ഏറ്റവും കരുത്തുറ്റ ടീമുമായ ജർമനിയെയാണ് മെക്‌സിക്കോ അട്ടിമറിച്ചിരിക്കുന്നത്. വിജയത്തില്‍ കുറഞ്ഞതൊന്നും മനസില്‍ കാണാതെ ഇറങ്ങിയ ജര്‍മനിയെ ഞെട്ടിച്ചായിരുന്നു മെക്‌സിക്കോ തുടക്കത്തില്‍ തന്നെ മുന്നേറ്റങ്ങള്‍ നടത്തിയത്.

പരാജത്തോടൊപ്പം ജര്‍മനിയ്‌ക്ക് മുകളില്‍ മറ്റൊരു നാണക്കേട് കൂടി വാളായി കിടന്നാടുന്നുണ്ട്. ലോകകപ്പിന്റെ ഒരു ദുരന്ത ചരിത്രത്തിലേക്കാണോ ജര്‍മനിയുടെ യാത്ര എന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ നോക്കുന്നത്. ലോകകപ്പിന്റെ പിന്‍കാല ചരിത്രം പരിശോധിച്ചാല്‍ ഏത് ജര്‍മന്‍ ആരാധകനും ഒന്ന് ഭയക്കും. ആശങ്കപ്പെടും.

ചാമ്പ്യന്മാരെല്ലാം തൊട്ടടുത്ത ലോകകപ്പില്‍ നേരത്തെ തന്നെ പുറത്താകുന്ന അപൂര്‍വ്വ ദുരന്തമാണ് 2002 മുതല്‍ ഫുട്‌ബോള്‍ ലോകം കണ്ടിട്ടുള്ളത്.

98ല്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് 2002ല്‍ ആദ്യ റൗണ്ടില്‍ തോറ്റ് നാട് പിടിച്ചു. 2002ല്‍ ചാമ്പ്യന്മാരായ ബ്രസീല്‍ 2006ല്‍ ക്വാര്‍ട്ടറില്‍ പുറത്തായപ്പോള്‍ 2006ല്‍ ചാമ്പ്യന്മാരായ ഇറ്റലി 2010ല്‍ ആദ്യ റൗണ്ടില്‍ കീഴടങ്ങി റോമിലേക്ക് വിമാനം കയറി. തീര്‍ന്നില്ല 2010ല്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ 2014ല്‍ ആദ്യ റൗണ്ടില്‍ തല കുനിച്ച് സ്ഥലം കാലിയാക്കി.

ഈ ചരിത്രം ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് ജര്‍മനി ആരാധകര്‍. അറ്റാക്കിങ് ഗെയിമിന് പേരുകേട്ട ജര്‍മനി അടുത്ത മൽസരം ജയിച്ച് ആരാധകരുടെ ആശങ്കകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook