Latest News

FIFA World Cup 2018 : ലോകകപ്പിലെ കറുത്തകുതിരകളാകാന്‍ ഞങ്ങള്‍ക്കാവും: ലോവ്‌റന്‍

FIFA World Cup 2018 : കപ്പില്‍ കുറഞ്ഞ ഒന്നും മുന്നിലെന്ന് സൂചിപ്പിച്ച് ക്രെയേഷ്യന്‍ പ്രതിരോധതാരം ലോവ്‌റന്‍

FIFA World Cup 2018: ഫിഫ ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുമ്പോള്‍ ഏറ്റവും സ്ഥിരതയുള്ള പ്രകടനം പുറത്തെടുത്ത ടീമാണ് ക്രെയേഷ്യ. നൈജീരിയ, അര്‍ജന്‍റീന, ഐസ്‌ലന്‍ഡ് എന്നിവരടങ്ങുന്ന ഗ്രൂപ്പില്‍ ഒരു പരാജയംപോലും അറിയാതെ മുന്നേറിയവര്‍.

മണ്‍സൂകിച്ച്, പെരിസിച്ച്, ക്രാമാരിച്ച്, റെബിച്ച് എന്നിവര്‍ അടങ്ങുന്ന മുന്നേറ്റനിരയും നായകന്‍ മോഡ്രിച്ചും റാക്കിറ്റിച്ചും അടങ്ങുന്ന മധ്യനിരയും ഇതുവരേയ്‌ക്കും പുറത്തെടുത്ത പ്രകടനം എടുത്തുപറയേണ്ടതാണ്. വിഡായും ലോവ്റനും അടങ്ങുന്ന പ്രതിരോധത്തിലുള്ള മികവ് കൂടി കണക്കിലെടുത്താല്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ടീമാണ് ക്രെയേഷ്യ എന്ന് പറയേണ്ടി വരും. അതിന് അഭിനന്ദനം അര്‍ഹിക്കുന്നത് ലിവര്‍പൂള്‍ താരവും ക്രെയേഷ്യന്‍ സെന്റര്‍ ബാക്കുമായ ദെയാന്‍ ലോവ്‌റനാണ്. ഇപ്പോഴത്തെ പ്രകടനം തുടരുകയാണ് എങ്കില്‍ തങ്ങള്‍ക്ക് ഏറെ മുന്നോട്ട് പോകാം എന്ന് തന്നെയാണ് ലോവ്‌റന്‍ പറയുന്നത്.

“ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ പ്രതിരോധം ശക്തമായി തന്നെയാണ് പ്രവര്‍ത്തിച്ചത്. ഞങ്ങള്‍ ആസ്വദിച്ച് കളിക്കുകയായിരുന്നു. അതിനാല്‍ തന്നെ ലക്ഷ്യംവച്ച പോലെ ആദ്യ പതിനാറില്‍ എത്താനും സാധിച്ചു. കൂടുതല്‍ സ്വതന്ത്രമായി നമ്മള്‍ കളിക്കും എന്ന് എനിക്ക് ഉറപ്പാണ്. ” ആത്മവിശ്വാസം പ്രകടമാക്കിക്കൊണ്ട് ലോവ്‌‌റന്‍ പറഞ്ഞു.

സുവര്‍ണ തലമുറ എന്ന് വിശേഷിപ്പിക്കുന്ന ഒരു നിര താരങ്ങളുമായാണ് ക്രെയേഷ്യ റഷ്യയിലെത്തുന്നത്. 1998ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരായതാണ് ലോകകപ്പില്‍ ക്രെയേഷ്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. അതിനെ കവച്ചുവയ്‌ക്കുന്നതാവും ഈ വര്‍ഷത്തെ പ്രകടനം എന്ന് ക്രെയേഷ്യ ആഗ്രഹിക്കുന്നു.

“ക്രെയേഷ്യയ്‌ക്ക് ലോകകപ്പില്‍ വലുതായി എന്തെങ്കിലും ചെയ്യാം എന്ന് തന്നെയാണ് കഴിഞ്ഞ ഇരുപത് വര്‍ഷമായി ഞാന്‍ പറയുന്നത്. ഇത്തവണ അതിന് പറ്റിയ അവസരമുണ്ട് എന്ന് എനിക്ക് തോന്നുന്നു. നാല് വര്‍ഷം മുന്‍പ് ബ്രസീലില്‍ ഇറങ്ങിയ ടീമുമായി താരതമ്യം ചെയ്‌താല്‍ തികച്ചും വ്യത്യസ്‌തമായൊരു ടീം തന്നെയാണ് ഇത്.” ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വരെയെത്തിയ ലിവര്‍പൂളിന്റെ പ്രതിരോധ ഭടന്‍ പറഞ്ഞു.

മൂന്ന് കളികളില്‍ നിന്നായി ഒരേയൊരു ഗോള്‍ ആണ് ക്രെയേഷ്യ ഇതുവരേക്കും വഴങ്ങിയത്. ചിലപ്പോഴൊക്കെ കുറച്ച് ഭാഗ്യം ആവശ്യമാണ്‌ എന്ന്‍ വിശ്വസിക്കുന്ന താരം ലോകകപ്പില്‍ എവിടെ വരെ പോകും എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയുന്നുണ്ട്. “ഈ ലോകകപ്പിലെ കറുത്ത കുതിരകളാകും ഞങ്ങള്‍” കപ്പില്‍ കുറഞ്ഞ ഒന്നും മുന്നിലെന്ന് സൂചിപ്പിച്ചുകൊണ്ട് ലോവ്‌റന്‍ ചുരുക്കി.

ഞായറാഴ്‌ച നടക്കുന്ന മൽസരത്തില്‍ ക്രെയേഷ്യ ഡെന്മാര്‍ക്കിനെ നേരിടും.

Get the latest Malayalam news and Fifa news here. You can also read all the Fifa news by following us on Twitter, Facebook and Telegram.

Web Title: Fifa world cup 2018 we can be dark horses in russia says croatian defender lovren

Next Story
മെസിയെ കാത്ത് റഷ്യയില്‍ ഒരു ‘മലപ്പുറം മോഡല്‍’ സമ്മാനം
The moderation of comments is automated and not cleared manually by malayalam.indianexpress.com