Fifa World Cup 2018: ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് എ മൽസരത്തില്‍ ആതിഥേയരായ റഷ്യയെ ഉറുഗ്വേ കീഴടക്കി. ഏകപക്ഷീയമായ മൂന്ന്‍ ഗോളുകള്‍ക്കായിരുന്നു ഉറുഗ്വേയുടെ വിജയം. ലൂയിസ് സുവാരാസ്, എഡിസണ്‍ കാവാനി എന്നിവര്‍ ഓരോ ഗോള്‍ നേടിയപ്പോള്‍ ആദ്യ രണ്ട് മൽസരങ്ങളില്‍ റഷ്യയുടെ ഹീറോവായ ചെറിഷേവിന്റെ കാലില്‍ നിന്നാണ് മൂന്നാമത്തെ ഗോള്‍ പിറന്നത്.
പത്താം മിനിറ്റില്‍ ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലൂയിസ് സുവാരസ് ആണ് ഉറുഗ്വേയ്‌ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. റഷ്യന്‍ ബോക്‌സിനരികില്‍ ലഭിച്ച ഫ്രീകിക്ക് പ്രതിരോധത്തേയും ഗോള്‍കീപ്പറെയും മറികടന്ന് വലത് ബോക്‌സിലേക്ക് അടിച്ച് കയറ്റിയായിരുന്നു സുവാരസിന്റെ ഗോള്‍.
കഴിഞ്ഞ രണ്ട് മൽസരങ്ങളില്‍ റഷ്യയുടെ ഹീറോവായ ചെറിഷേവിന്റെ കാലില്‍ നിന്ന് വീണ സെല്‍ഫ് ഗോളിലാണ് ഉറുഗ്വേ രണ്ടാമത്തെ ഗോള്‍ കണ്ടെത്തുന്നത്. 23-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിന് ശേഷം ഉറുഗ്വേ താരം ഡിയാഗോ ലാക്‌സാല്‍ട്ട് ഷോട്ട് തുടുക്കുന്നു. ലാക്‌സാള്‍ട്ടിന്റെ ഷോട്ട് ചെറിഷേവിന്റെ കാലില്‍ തട്ടി റഷ്യന്‍ പോസ്റ്റിലേക്ക്. 90-ാം മിനിറ്റില്‍ റഷ്യയുടെ വലകുലുക്കിക്കൊണ്ട് എഡിസണ്‍ കാവാനി മൂന്നാം ഗോള്‍ നേടി. കവാനിയുടെ ആദ്യ ലോകകപ്പ് ഗോളാണ് ഇത്.
ആദ്യ രണ്ട് മൽസരങ്ങളില്‍ ഈജിപ്‌തിനേയും സൗദി അറേബ്യയേയും വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ച റഷ്യയുടെ ആത്മവിശ്വാസം തല്ലിക്കെടുത്തുന്നതാണ് ലാറ്റിനമേരിക്കന്‍ കരുത്തരോട് ഏറ്റ പരാജയം. രണ്ടാം പകുതിയില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ച് സ്മോള്‍നിക്കോവിനെ പറഞ്ഞയച്ചതും ആതിഥേയരെ പ്രതികൂലമായി ബാധിച്ചു. മൽസരത്തില്‍ ഉടനീളം ഒരു ആശ്വാസ ഗോള്‍ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും പത്ത് പേരായി ചുരുങ്ങിയ റഷ്യയെ ഉറുഗ്വേ വരിഞ്ഞുമുറുക്കുകയായിരുന്നു.