Latest News

FIFA World Cup 2018: ചെറിയ ലോകവും വലിയ പന്തും

“റഷ്യൻ മൈതാനങ്ങളിലാണ്, ഇനി ഒരു മാസത്തേക്ക് ഫുട്ബോൾ കളി ആരാധകരുടെ ഹൃദയമുരുളുന്നത്. ഒരു പന്തിനെ മനസ്സുകൊണ്ട് പിന്തുടർന്ന് അവർ ആഹ്ലാദിക്കുന്നു, ചിലപ്പോഴൊക്കെ നിരാശപ്പെടുന്നു” ലോകകപ്പിന്റെ ആവേശമുണർത്തുന്ന കാഴ്ചകൾ

rahna thalib, world cup ,memories

ഇതിഹാസതാരങ്ങളായ പെലെ, ഡീഗോ മറഡോണ, യൊഹാൻ ക്രൈഫ്, ബെക്കൻബോവർ തുടങ്ങിയവരെ കുറിച്ചൊക്കെ ഏറെ മതിപ്പോടെ കേട്ടറിഞ്ഞിരുന്നുവെങ്കിലും, റോബർട്ടോ ബാജിയോ എന്ന ഇറ്റാലിയൻ സ്ട്രൈക്കറാണ് കൗമാര പ്രായക്കാരിയായിരുന്ന എന്നെ കാൽപന്തുകളിയുടെ ആരാധികയാക്കി മാറ്റിയത്. കൃത്യമായി പറഞ്ഞാൽ 1994 ൽ യുഎസ്എയിൽ വെച്ച് നടന്ന പതിനേഴാം ലോകകപ്പ്. മാന്ത്രികതയാൽ ലോകത്തെ വിസ്മയിപ്പിച്ച മറഡോണയുടെ അവസാന ലോകകപ്പായിരുന്നു അത്. ദിവസങ്ങൾക്ക് മുൻപേ പത്രങ്ങളും സ്പോർട്സ് സ്റ്റാർ മാസികയും, ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളെയും നായകരെയും താരങ്ങളെയും വിശദമായി പരിചയപ്പെടുത്തി. നീളൻമുടിയുളള  ഇറ്റാലിയൻ നായകനെ അന്നേ ഞാൻ നോട്ടമിട്ടു. ഓരോ കളി കഴിയുമ്പോഴും, നായകനോടുള്ള ഇഷ്ടം ടീമിനോടുമായി വളർന്നു. ഫുട്ബോൾകളിയെ കുറിച്ച് കാര്യമായി ഒന്നും അറിയാതിരുന്ന ഞാൻ ഓരോ കളിയും ആസ്വദിച്ചുകാണാൻ തുടങ്ങി. അതുവരെയും ക്രിക്കറ്റാണോ ഫുട്ബോളാണോ ഇഷ്ടപ്പെട്ട കായിക വിനോദം എന്ന് ചോദിച്ചപ്പോൾ, ക്രിക്കറ്റ്‌ എന്ന് നിസ്സംശയം ഉത്തരം പറഞ്ഞിരുന്ന ഞാൻ ഫുട്ബോൾ എന്ന് മാറ്റിപ്പറയാൻ തുടങ്ങി. വെറും ഒരു കളിയല്ല ഫുട്ബോൾ എന്നും കളിക്കളത്തിലെ ഒരു പന്തും ഇരുപത്തിരണ്ട് മനുഷ്യരും തൊണ്ണൂറു മിനിട്ടു കൊണ്ട് കാണികളെ അത്രയേറെ ആഹ്ലാദിപ്പിക്കുന്നുണ്ടെന്നും ഞാൻ മനസ്സിലാക്കിയിരുന്നു.

ബാജിയോയുടെ കാലിൽ നിന്നുതിർന്ന മനോഹരങ്ങളായ അഞ്ചു ഗോളുകളുടെ പിൻബലത്തിൽ, നോക്കൗട്ട് മത്സരങ്ങളിൽ നൈജീരിയയെയും സ്പെയിനിനെയും ബൾഗേറിയയെയും തോല്പിച്ച് ഇറ്റലി ബ്രസീലിനെതിരെ ഫൈനലിലെത്തി. ലാറ്റിനമേരിക്കൻ രാജ്യം എന്ന നിലയിലുള്ള പ്രത്യേകസ്നേഹം ബ്രസീലിനോടുണ്ടായിരുന്നുവെങ്കിലും, ബാജിയോയ്ക്ക് വേണ്ടി ഇറ്റലി ജയിക്കണം എന്ന് ഞാനാഗ്രഹിച്ചു.

ഇതുപോലൊരു മഴക്കാലത്ത്, ജൂലൈ 17 ന് റോസ്ബൗൾ സ്റ്റേഡിയത്തിൽ ഫൈനൽ. ആവേശകരമായിരുന്ന മത്സരം നിശ്ചിതസമയത്തിൽ ഗോൾരഹിത നിലയിൽ പിരിഞ്ഞു. മുപ്പത് മിനുട്ടിന്റെ അധികസമയത്തും ഗോൾ രഹിതം. ലോക ഫുട്ബോൾ പ്രേമികളെ ആവേശമുനമ്പിൽ നിർത്തി ലോകകപ്പ് ഫൈനലിൽ ചരിത്രത്തിൽ ഒരു മത്സരം പെനാൽറ്റിയിലേയ്ക്ക് നീങ്ങി. നാല് കിക്കുകൾക്കു ശേഷം ബ്രസീൽ ഒരു ഗോളിന് മുന്നിൽ. എന്റെ ഹീറോ റോബർട്ടോ ബാജിയോ, അവസാനത്തെയും അഞ്ചാമത്തെയും കിക്ക് എടുത്തു. ഹാ, അതെന്തൊരു നിമിഷമായിരുന്നു ! പ്രിയപ്പെട്ട ബാജിയോ, ഞാനിപ്പോഴും മറന്നിട്ടില്ല, കൈകളിലെത്തി എന്ന് നിശ്ചയിച്ച കപ്പ് ഒരൊറ്റ കിക്കിലൂടെ നീ ഗോൾ പോസ്റ്റിനു മുകളിലേക്ക് തട്ടിത്തെറിപ്പിച്ചതും, ജീവനറ്റ പോലെ നീ നിശ്ചലനായി നിന്നതും. ഇരുപത്തിനാല് വർഷത്തിന്റെ ബ്രസീലിന്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് റൊമാരിയോയും ബെബറ്റോയും കഫുവും അടങ്ങുന്ന ദുൻഗയുടെ ചുണക്കുട്ടികൾ ഗ്രൗണ്ടിൽ വിജയാരവം മുഴക്കുന്നതിനിടയിൽ,
എല്ലാ പിഴകളും തന്റേത് മാത്രമെന്ന് ഇറ്റാലിയൻ ജനതയോടും ആരാധകരോടും മാപ്പു പറഞ്ഞെന്നതു പോലെ, ബാജിയോ സഹതാരങ്ങൾക്കൊപ്പം ഡ്രസ്സിങ് റൂമിലേക്ക്‌ കയറിപ്പോയി. സാംബാച്ചുവടുകളുമായി ഗാലറിയിലെ മഞ്ഞപ്പട നൃത്തം ചവിട്ടി. പരാജിതരോട് തോന്നുന്ന വല്ലാത്തൊരു സ്നേഹത്താലും അനുകമ്പയാലും ഞാൻ കരഞ്ഞു.
എക്സ്ട്രാടൈമിലോ മറ്റോ ഗോൾ വഴങ്ങിയാണ് ഇറ്റലി തോറ്റിരുന്നെങ്കിൽ എനിക്ക് സങ്കടമാവില്ലായിരുന്നു. ഇറ്റലി തോറ്റു എന്നതല്ല, ആ ചരിത്രതോൽവിയ്ക്ക് കാരണം, ആ നിമിഷംവരെയും എല്ലാ വിധത്തിലും നായകനായിരുന്ന ബാജിയോ ആയിപ്പോയല്ലോ എന്നതായിരുന്നു എന്നെ ഏറെ സങ്കടപ്പെടുത്തിയത്.rahna thalib, football ,memories

അതിനു ശേഷം ഓരോ ലോകകപ്പ് വരുമ്പോഴും ഞാൻ ബാജിയോയെ ഓർത്തു. 1998 ൽ ഫ്രാൻസ് ആയിരുന്നു ആതിഥേയർ. സിനദൈൻ സിദാനായിരുന്നു ആ ലോകകപ്പിന്റെ താരം. സിദാന്റെ പോരാട്ടവീര്യത്തിന്റെ മികവിൽ, ദുൻഗെയുടെ ബ്രസീലിനെ തോല്പിച്ച്, ഫ്രാൻസ് ലോകകപ്പ് ആകാശത്തേയ്ക്കുയർത്തി. സിദാന്റെ കൂട്ടാളികളും ശക്തരായിരുന്നു. ഇപ്പോഴത്തെ ഫ്രഞ്ച് ടീം കോച്ച് ആയ ദിദിയർ ദെഷാംപ്‌സ്, ലോറന്റ് ബ്ളാങ്ക്, ലിലിയൻ തുറാം, തിയറി ഹെൻറി, ഫാബിയൻ ബാർത്തേയസ് തുടങ്ങിയവരുടെ പ്രഗത്ഭനിര. ഒർട്ടേഗയും ബാറ്റിസ്‌റ്റ്യൂട്ടയും അടങ്ങിയ അർജന്റീന, ബെർകാമ്പിനോടും കൂട്ടരോടും തോറ്റ് സെമി കാണാതെ പുറത്തായതും, ദാവോർ സ്യൂക്കർ എന്ന പ്രതിഭയുടെ മികവ് കൊണ്ട് മാത്രം പ്രഗത്ഭരെ അട്ടിമറിച്ച് ക്രൊയേഷ്യ സെമി വരെ എത്തിയതും മറന്നിട്ടില്ല. 2002 ൽ സ്കൊളാരിയുടെ തന്ത്രങ്ങൾ പയറ്റി റൊണാൾഡോയും റൊണാൾഡീഞ്ഞ്യോയും റിവാൾഡോയും കാർലോസും കഫുവുമടങ്ങിയ ബ്രസീൽ വീണ്ടും ജേതാക്കളായി.

ഞാൻ കാത്തിരുന്ന ഫൈനൽ

ഞാൻ കാത്തിരുന്ന ഫൈനൽ മത്സരമെത്താൻ 2006 ആകേണ്ടി വന്നു. ബെർലിനിൽ, ഇറ്റലി വീണ്ടും ഫൈനലിലെത്തി. സിദാന്റെ ഫ്രാൻസ് ആയിരുന്നു ഇത്തവണ എതിരാളികൾ. സിദാൻ അപ്പോഴേക്കും ലോകശ്രദ്ധ പിടിച്ചുപറ്റിയ സൂപ്പർതാരമായി മാറിയിരുന്നു. സിദാന്റെയും മാറ്റെരാസിയുടെയും ഉജ്വലഗോളുകളാൽ ഹാഫ്ടൈമിൽ സ്കോർ 1-1. രണ്ടാം പകുതിയിലും അധികസമയത്തും സമനില തുടർന്നതോടെ പെനാൽറ്റിചരിത്രം ആവർത്തിക്കപ്പെട്ടു. പിന്നീടേറെ കുപ്രസിദ്ധിയാർജ്ജിച്ച എക്സ്ട്രാടൈമിലെ സിദാൻ മാറ്റരാസി തർക്കത്തിന് ശേഷം സിദാൻ ചുവപ്പ് കാർഡ് കണ്ടു പുറത്തിരുന്നു. പക്ഷേ, ശിരസ്സ് കൊണ്ടുള്ള തന്റെ പ്രതിരോധത്തിന് വിലയായി നൽകേണ്ടത് രണ്ടാം ലോകകിരീടമായിരിക്കും എന്ന് വികാരവിക്ഷോഭത്തിനിടയിൽ സിദാൻ ഓർത്തിരിക്കില്ല. എക്കാലത്തെയും ഫുട്ബോൾ കളിക്കാർക്ക് വിലപ്പെട്ട പാഠമായിത്തീർന്നു ആ കളി.

പെനാൽറ്റിടൈമിൽ ഞാൻ ബാജിയോയെ മാത്രമോർത്തു. സിദാൻ ഡ്രസ്സിങ് റൂമിലേക്ക്‌ മടങ്ങിയതോടെ ഫ്രാൻസിന് വീര്യം നഷ്ടപ്പെട്ടിരുന്നു. അവർക്ക് പെനാൽറ്റിയിൽ പിഴച്ചു. അഞ്ചു കിക്കുകളും വലയിലാക്കി ഫാബിയോ കന്നവാരോയും കൂട്ടാളികളും ലോകകപ്പിൽ മുത്തമിട്ടു. ഇറ്റലിയുടെ നാലാം ലോകകപ്പ് വിജയം. മധുരമായ ഒരു പകരംവീട്ടൽ പോലെ ആ വിജയം ബാജിയോയ്ക്കുള്ള സമർപ്പണമായി ഞാൻ സങ്കല്പിച്ചു. എന്തെന്നില്ലാതെ സന്തോഷിച്ചു. പിന്നീട് ഓഫീസിലുണ്ടായിരുന്ന ഇറ്റാലിയൻ സഹപ്രവർത്തകൻ സിമോണി മഞ്ഞിലിയ്ക്ക്, ബാജിയോയുടെ ചെറിയ ഛായയുണ്ടായിരുന്നു. അതോ എനിക്ക് വെറുതെ തോന്നിയതോ? എന്റെ ബാജിയോ സ്നേഹത്തെക്കുറിച്ച് ഞാൻ സിമോണിയോട് പറഞ്ഞു. എപ്പോഴെങ്കിലുമൊരിക്കൽ സിസിലിയിലെയോ റോമിലെയോ തെരുവുകളിൽ വെച്ച് ബാജിയോയെ കാണുന്നുവെങ്കിൽ, ഇന്ത്യയുടെ തെക്കേ അറ്റത്ത് ഇങ്ങനൊരു ആരാധികയുണ്ടെന്ന് അറിയിക്കണമെന്ന് ഞാൻ സിമോണിയെ ചട്ടം കെട്ടി. അവൻ ചെറിയ കണ്ണുകൾ വിടർത്തി വിസ്മയം പൂണ്ടു. പിന്നീട് കാപ്പി നുകർന്ന് ഞങ്ങൾ ആർത്തു ചിരിച്ചു.rahnathalib, football,memories

ഇതെല്ലാം പഴങ്കഥകൾ. ഓരോ ലോകകപ്പ് വന്നെത്തുമ്പോഴും അതുവരെ കണ്ട ലോകകപ്പ് മൈതാനങ്ങളുടെ ഓർമകൾ ഓരോന്നായി കണ്മുന്നിലേക്ക്‌ ഇരച്ചുവരും. ബാജിയോയുടെ പിൻഗാമികളുടെ പങ്കാളിത്തമില്ലാത്ത ഒരു ലോകകപ്പിനെ വരവേൽക്കാൻ കാത്തിരിക്കുകയാണ് ലോകം മുഴുക്കെയുള്ള ഫുട്ബോൾ പ്രേമികൾ. ആറു പതിറ്റാണ്ടിനിടെ അസൂറികൾ ഇല്ലാത്ത ഒരു ലോകകപ്പ്. ലോകകപ്പിന്റെ മുൻ അവകാശികൾ എന്ന നിലയ്ക്ക് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന അസാന്നിദ്ധ്യമായിരിക്കും ഇത്തവണ ഇറ്റലിയുടേത്. എങ്കിലും എന്റെ ബാജിയോ, നിങ്ങളും കൂട്ടരും എങ്ങനെ ഈ ടൂർണമെന്റ് കണ്ടിരിക്കും?

നിർഭാഗ്യം കൊണ്ട് മാത്രം ഒരിക്കലും ചാമ്പ്യന്മാരാവാതെ പോയ ഹോളണ്ടും ഇക്കുറിയില്ല. യൊഹാൻ ക്രൈഫിന്റെയും ഗുള്ളിറ്റിന്റെയും വാൻബാസ്റ്റന്റെയുമൊക്കെ കാലം തൊട്ടേ ഫുട്ബോൾ പ്രണയികളെ ത്രസിപ്പിച്ചവരാണ് ഓറഞ്ച് പട. കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർ. മൂന്നു പ്രാവശ്യം ലോകകപ്പിന്റെ ഫൈനലിൽ എത്തിയവർ. കഴിഞ്ഞ ലോകകപ്പിൽ എന്റെ പ്രിയ താരങ്ങളായിരുന്നു ആര്യൻ റോബനും വാൻ പേഴ്സിയും. എതിരാളികളുടെ ഗോൾ മുഖത്തേക്ക് പന്തുമായി ശരവേഗത്തിൽ മുന്നേറുന്ന ആര്യൻ റോബൻ എത്രപേരെയാണ് ഓറഞ്ചുപടയുടെ ആരാധകരാക്കി മാറ്റിയത്! റോബന്റെ മുന്നേറ്റങ്ങൾ കാണുന്നത് തന്നെ അത്രമാത്രം ആഹ്ലാദകരമായിരുന്നു. റോബൻ, നിങ്ങൾക്ക് വേണ്ടി കൂടെ ഹോളണ്ട് ഒരിക്കൽ ആ സ്വർണക്കപ്പുയർത്തുന്നത് ഞാൻ സ്വപ്നം കാണുന്നുണ്ട്.

ലോകം മുഴുക്കെയുള്ള ഫുട്ബോൾ ആരാധകരുടെ ഏറിയ ശ്രദ്ധയും മെസ്സി, നെയ്മർ, റൊണാൾഡോ എന്ന സൂപ്പർതാരങ്ങളിലേക്കായിരിക്കുമെന്നതിൽ സംശയമില്ല. പിറകെ സുവാരസും റോഡ്രിഗസും ഇനിയേസ്റ്റയും ഡീമരിയയും മാഷേറാനോയും സെർജിയോ റാമോസും മാഴ്‌സെലോയും തോമസ്‌ മുള്ളറും ഇസ്കോയും ഗ്രീസ്‌മാനുമുണ്ട്. ലോകകപ്പിലെ പുതുതാരങ്ങളായ ഗബ്രിയേൽ ജീസസ്, മുഹമ്മദ് സലാഹ്, ഫിർമിനോ, പൗലോ ഡിബാല തുടങ്ങിയവരും മനം കവരുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ.

ഖൽബിൽ നിറയെ ഫുട്ബോൾ സ്വപ്നങ്ങളുളള കൂട്ടുകാരൻ

മൂന്ന് പതിറ്റാണ്ടുകൾക്ക് മുന്നെ, ഫുട്ബോളിലായിരിക്കും തന്റെ കരിയർ എന്നുറപ്പിച്ച്, ഖൽബിൽ നിറയെ ഫുട്ബോൾ സ്വപ്നങ്ങളുമായി സുഹൃത്തിനോടൊപ്പം ബാംഗ്ലൂരിലേക്ക്‌ വണ്ടി കയറിയതായിരുന്നു എന്റെ കൂട്ടുകാരൻ. എന്നാൽ രണ്ടര വർഷം കഴിഞ്ഞപ്പോൾ ഗ്രൗണ്ടിലെ കളിയ്ക്കും അപ്പുറത്തുള്ള കളികളിൽ പരാജയപ്പെട്ട്, നിരാശയോടെയും സങ്കടത്തോടെയും അവർക്ക് ജേഴ്‌സിയൂരേണ്ടി വന്നു. പണ്ട് തൊട്ടേ മഞ്ഞപ്പടയുടെ കടുത്ത ആരാധകൻ. വൈകാരികമായുള്ള അടുപ്പത്താൽ ബ്രസീൽ കപ്പ് നേടണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഇക്കൊല്ലം ലോകകപ്പ് നേടാൻ ഏറ്റവും ശേഷിയുള്ള ടീം ജർമനി തന്നെയാണെന്ന് മൂപ്പർ സമ്മതിക്കുന്നുണ്ട്. താരപ്പൊലിമയിൽ മുങ്ങാതെ, വ്യക്തികേന്ദ്രികൃതമാവാതെ, കഴിഞ്ഞ കുറേ ലോകകപ്പുകളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന ടീമാണ് ജർമനി. ഏറെക്കുറെ കഴിഞ്ഞ ലോകകപ്പിൽ കളിച്ച ടീമംഗങ്ങൾ തന്നെയാണ് ഇക്കുറിയും കളിക്കുന്നതെന്നതിനാൽ പരിചയസമ്പന്നതയും കളിക്കാർ തമ്മിലുള്ള രസതന്ത്രവും ജർമനിയ്ക്ക് കരുത്താവുമെന്നതിൽ സംശയമില്ല.rahna thalib,football,memories

കഴിഞ്ഞ ലോകകപ്പിൽ കൊളംബിയയുമായുള്ള ക്വാർട്ടർ ഫൈനലിൽ ജുവാൻ സുനിഗയുടെ ചവിട്ടേറ്റ് നെയ്മർ വീണുപിടഞ്ഞത് ലോകം വേദനയോടെ കണ്ടമ്പരന്നു. അതോടെ ബ്രസീലിന്റെ കരുത്തിന് കളമൊഴിയേണ്ടി വന്നു. കരിയർ തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്ന വാർത്തകൾ ആരാധകരുടെ നെഞ്ചുപിളർത്തി. നെയ്മറുടെ ഇല്ലായ്മയിൽ, സമ്മർദം താങ്ങാനാവാതെ ബ്രസീൽ ഒന്നാകെ തളർന്നു. അവർ കളി മറന്നു. സെമിഫൈനലിൽ ജർമനിയോട് ദയനീയമായി കീഴടങ്ങി. ഓരോ ഗോൾ വഴങ്ങുമ്പോഴും എത്രയും പെട്ടെന്നാ കൂട്ടക്കുരുതി അവസാനിച്ചെങ്കിലെന്ന് കളി കണ്ട ബ്രസീലിന്റെ ശത്രുക്കൾ പോലും ആഗ്രഹിച്ചിട്ടുണ്ടാകും. സ്വന്തം നാട്ടിൽ 7 – 1 ന് സ്‌കൊളാരിയുടെ ശിഷ്യർ തോറ്റു. കാണികൾ അലറിക്കരഞ്ഞു. ഞാനും കളി മുഴുവനാകും മുൻപേ ടിവിക്ക് മുന്നിൽ നിന്നെണീറ്റു പോയി കിടന്നു. ആകാംഷയിൽ ഉറക്കെ ശബ്ദംവെച്ച മകനെ ശകാരിച്ചു. നാലു വർഷം കഴിഞ്ഞിട്ടും, ആ കളിയെ കുറിച്ചോർക്കുമ്പോൾ വല്ലാത്തൊരു നടുക്കം. ബ്രസീൽ ജനതയും ടീമിന്റെ അത്രയും ദയനീയമായ പ്രകടനമേൽപിച്ച ആഘാതത്തിൽ നിന്ന് മുക്തരായിട്ടുണ്ടാവില്ല. ആ ദുരന്തം മറക്കാൻ ഇക്കുറി അവർക്ക് കപ്പിൽ കുറഞ്ഞ ഒന്നും മതിയാവില്ല.

ലയണൽ മെസി നയിക്കുന്ന അർജന്റീന പലർക്കും പ്രിയപ്പെട്ട ടീമാകുന്നത് മെസ്സിയോടുള്ള ഇഷ്ടം കൊണ്ട് മാത്രമല്ല, മറഡോണയോടും ചെഗുവേരയോടുമുളള ഇഷ്ടം കൊണ്ട് കൂടിയാണ്. കഴിഞ്ഞ ലോകകപ്പിൽ മാരക്കാനയിലെ ഫൈനൽ മത്സരം പെനാൽറ്റിയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ച് ചങ്കിടിച്ചുകൊണ്ടിരിക്കെ, വെറും ഏഴു മിനിറ്റ് ബാക്കി നില്ക്കെ മാരിയോ ഗോട്സെ ഉജ്വലമായ ഗോളിലൂടെ ജർമനി ലോകകപ്പിന്റെ അവകാശികളായി. മിശിഹായെ പോലുള്ളവൻ ഹൃദയം പിടഞ്ഞ് ഗ്രൗണ്ടിലേക്ക് നോക്കി നിശ്ചലനായി നിന്നു. ടൂർണമെന്റിലുടനീളം തിളക്കമാർന്ന വിജയങ്ങളും ആവേശകരമായ നിമിഷങ്ങളും കാണികൾക്കു സമ്മാനിച്ച ജർമൻ ടീമിന്റെ നായകൻ ഫിലിപ്പ് ലാം ലോകകപ്പ് കിരീടം ഏറ്റുവാങ്ങി. മെസി തല കുമ്പിട്ട് നിന്നു. ഗോൾഡൻ ബോൾ വാങ്ങുമ്പോഴും ഒരിറ്റ് സന്തോഷം പോലും ആ മുഖത്ത് കാണാനായില്ല. അന്നത്തെ നിരാശയും വേദനയും ഇന്നോളം അർജന്റീനയുടെ ആരാധകരിൽ നിന്ന് മാഞ്ഞിട്ടില്ല.

കോപ്പ അമേരിക്കയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ചിലിയോട് തോറ്റതോടെ ഇനി രാജ്യത്തിന്റെ ജേഴ്‌സി അണിയാനില്ല എന്ന് മെസി നിരാശയോടെ പ്രഖ്യാപിച്ചപ്പോൾ ലോകം മുഴുക്കെ ആദ്യം അമ്പരന്നു. കേട്ട വാർത്ത ശരിയാണെന്നറിഞ്ഞപ്പോൾ, മെസിയുടെ മനമാറ്റത്തിനായി പ്രാർത്ഥിച്ചു. അധികം താമസിയാതെ, തന്റെ രാജ്യത്തിനു വേണ്ടി തീരുമാനം തിരുത്തുന്നുവെന്ന് മെസി അറിയിച്ചു. മൂന്നു പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അർജന്റീനയ്ക്കു വേണ്ടി റഷ്യയിൽ കിരീടം ഏറ്റുവാങ്ങാനായാണ് മെസി തീരുമാനം തിരുത്തിയത് എന്ന് മനസ്സ് പറയുന്നു. മാന്ത്രികമായ കളിനീക്കങ്ങളിലൂടെ ഫുട്ബോൾ പ്രണയികളെ ഏറെ കാലമായി ആഹ്ലാദിപ്പിക്കുന്ന മെസി, സ്വർണം പൊതിഞ്ഞ ആ സ്വപ്നത്തിൽ മുത്തമിടുന്നത് കാണാൻ അർജന്റീനയുടെ എതിരാളികൾ പോലും ആഗ്രഹിക്കുന്നുണ്ടാകുമെന്നും.

അനിശ്ചിതത്വത്തിന്റെ കളിയായിരുന്നു എന്നും ഫുട്ബോൾ. അപ്രതീക്ഷിതമായ വെല്ലുവിളികൾ ഉയർത്തി കണക്കുകൂട്ടലുകളെ അട്ടിമറിക്കുന്നവർ എക്കാലവും ഉണ്ടായിരുന്നു. വേഗതയിലും കരുത്തിലും മാത്രമല്ല, നീക്കങ്ങളിലെ കൃത്യതയും സമയാസമയങ്ങളിൽ പയറ്റുന്ന തന്ത്രങ്ങളും ഫിനിഷിങ്ങും എല്ലാത്തിനുമപ്പുറം ഒത്തിണക്കമുള്ള കളിയും പുറത്തെടുക്കാൻ കഴിയുന്നവരിൽ ആസ്വാദകരുടെ ശ്രദ്ധ പതിയുന്നു. പ്രതിരോധങ്ങളെ വകഞ്ഞുമാറ്റി ഒരൊറ്റ ലക്ഷ്യത്തിലേക്ക് മാത്രം കുതിച്ച് വിജയം കൊയ്യുന്ന നിമിഷങ്ങൾ ഫുട്ബോൾ ആരാധകരെ ത്രസിപ്പിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങൾ കളത്തിലിറങ്ങുമ്പോൾ, അവർ തോറ്റാലും ജയിച്ചാലും ആനന്ദത്തോടെ കളി കാണുന്നു.rahna thalib, football,memories

ഓർത്തുവെയ്ക്കാൻ എത്രയെത്ര നിമിഷങ്ങൾ സമ്മാനിച്ചാണ് ഓരോ ലോകകപ്പും കടന്നുപോകുന്നത്. ലോകകപ്പിന്റെ നിറങ്ങളും ഗാലറികളിലെ നിലയ്ക്കാത്ത ആരവവും പച്ചപ്പുൽമൈതാനങ്ങളും വിജയയാഘോഷങ്ങളും പരാജയപ്പെടുന്നവരുടെ കണ്ണീരും നിരാശയും ദിവസങ്ങളോളം മനസ്സിൽ മായാതെ നിൽക്കുന്നു.

ഒരുപിടി നക്ഷത്രങ്ങൾ ജനിക്കുന്ന മൈതാനം

ഓരോ ലോകകപ്പിനൊടുവിലും ഒരു താരം ജനിക്കുന്നു. ഒന്നല്ല, ഒരു പിടി നക്ഷത്രങ്ങൾ. റൊണാൾഡോ, സിദാൻ, സുക്കർ, ഫോർലാൻ, ഹേമസ് റോഡ്രിഗസ്…ഈ ലോകകപ്പിനൊടുവിലും തീർച്ചയായും അങ്ങനെ ചിലർ നമുക്ക് പ്രിയപ്പെട്ടവരാകും. ഒരു പക്ഷേ പ്രവചനങ്ങൾക്കതീതമായും ആരെങ്കിലും ഉയർന്നു വരും. ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും വാങ്ങുന്നവർ മാത്രമല്ല, ചിലപ്പോൾ ഉജ്വലമായ ഒരേ ഒരു ഗോളിലൂടെ, അല്ലെങ്കിൽ മാന്ത്രികമായ നീക്കങ്ങളിലൂടെ, അതുമല്ലെങ്കിൽ സെൽഫ് ഗോൾ അടിക്കുന്ന ഒരു ദുരന്തനായകനായി. അങ്ങനെ ചില താരങ്ങളെ എക്കാലവും മറക്കാനാവാതെ നാം മനസ്സിൽ സൂക്ഷിക്കും. കഴിഞ്ഞ ഫൈനലിൽ സബ്സ്റ്റിട്യൂട്ട് ആയി ഇറങ്ങി കളി തീരാൻ ഏഴു മിനിറ്റ് മാത്രം ബാക്കി നിൽക്കെ മെസിയുടെയും അർജന്റീനയുടെയും സ്വപ്നങ്ങൾ നിമിഷാർദ്ധനേരം കൊണ്ട് ഗോൾപോസ്റ്റിലേക്ക്‌ എറിഞ്ഞുടച്ച മാരിയോ ഗട്സെയെ പോലെ, വേഗം കൊണ്ട് നമ്മെ അമ്പരപ്പിച്ച റോബനെ പോലെ, സെൽഫ് ഗോൾ നേടിയതിന് ജീവൻ തന്നെ വിലയായി കൊടുക്കേണ്ടി വന്ന എസ്‌കോബാറിനെ പോലെ.

ഏറ്റവും വലിയ രാജ്യമായ റഷ്യയിലെ മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ ജൂൺ 14 നാണ് ലോകത്തിലെ ഏറ്റവും വലിയ ഉത്സവത്തിന്റെ കിക്ക് ഓഫ്‌. ജൂലൈ 15 ന് ഇതേ വേദിയിൽ ഫൈനൽ. നാലു വർഷം നീണ്ട കഠിനാദ്ധ്വാനത്തിനും, കാത്തിരിപ്പിനും ശേഷം 32 ടീമുകൾ മാറ്റുരയ്ക്കുന്ന റഷ്യൻ മൈതാനങ്ങളിലാണ്, ഇനി ഒരു മാസത്തേക്ക് ഫുട്ബോൾ കളി ആരാധകരുടെ ഹൃദയമുരുളുന്നത്. ഒരു പന്തിനെ മനസ്സുകൊണ്ട് പിന്തുടർന്ന് അവർ ആഹ്ലാദിക്കുന്നു, ചിലപ്പോഴൊക്കെ നിരാശപ്പെടുന്നു.

ലോകകപ്പ് സ്നേഹത്തിന്റെയും ഒരുമയുടെയും ആഹ്ലാദത്തിന്റെയും ദിനങ്ങളാണ് മനുഷ്യന് സമ്മാനിക്കുന്നത്. ഏതൊരുത്സവവും പോലെ ആൾക്കാർ ഒത്തുകൂടുന്നു. റഷ്യയിലെ ഗാലറികളിൽ ആവേശത്തിന്റെ കടലിരുമ്പുമ്പോൾ, ഇടവപ്പാതിയിലെ പെരുമഴയുടെ മുറുകിയും അയഞ്ഞുമുളള താളത്തിന്റെ അകമ്പടിയോടെ, ഒത്തുചേർന്നിരുന്നും അല്ലാതെയും നമുക്കും ഈ ഉത്സവത്തിൽ പങ്കുചേരാതിരിക്കാൻ കഴിയില്ല. കേരളത്തിലെ തെരുവുകളും വീടകങ്ങളും ഒരുങ്ങിക്കഴിഞ്ഞു. റോഡുകളും ബസ്‌സ്റ്റോപ്പുകളും മരക്കൊമ്പുകളും നിറയെ പ്രിയപ്പെട്ട ടീമുകളുടെ പതാകകളും ആ നിറങ്ങളിലുള്ള തോരണങ്ങളും പാറിക്കളിക്കുന്നു. ഓരോ ജംഗ്ഷനിലും പ്രിയടീമുകളുടെയും താരങ്ങളുടെയും കൂറ്റൻ ഫ്ലെക്സുകൾ.

മറ്റൊരു കായികമേളയ്ക്കും ഇതുപോലൊരു കാത്തിരിപ്പില്ല. ഒരു കായികമേളയെ വരവേൽക്കാനും ഈ വിധമൊരു തയ്യാറെടുപ്പും നടത്തുന്നില്ല. ജൂലൈ പതിനഞ്ച് വരെ സിരകൾ നിറയെ ഫുട്ബോൾ ചിന്തകൾ. ബസ്റ്റാന്റിലും, ചായക്കടയിലും, ഓഫീസുകളിലും, ക്ലബുകളിലും, സ്കൂൾപറമ്പുകളിലും ചർച്ചാവിഷയം ഓരോ കളിയെ കുറിച്ചുമുള്ള വിലയിരുത്തലുകളും പ്രതീക്ഷകളുമായിരിക്കും. ഓരോ കുട്ടിയും ഇനി മെസിയുടെയും റൊണാൾഡോയുടെയും നെയ്മറുടെയും ജേഴ്‌സിയണിഞ്ഞു നടക്കും.

ഇതൊക്കെയാണെങ്കിലും, ഇരുപത്തിയൊന്നാം പതിപ്പായിട്ടും ലോകകപ്പ് വേദി എന്നൊരു സ്വപ്നം സാക്ഷാത്കരിക്കാൻ ഇത്രയും കായികശേഷിയും പ്രതിഭാധനരുമുള്ള എന്റെ രാജ്യത്തിനു കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ എല്ലാ ഇന്ത്യക്കാരെയും പോലെ എന്നിലും നിരാശ പടരുന്നുണ്ട്. ജയിച്ചില്ലെങ്കിലും, ലോകകപ്പിൽ ഒരു ഗോൾ. വേണ്ട, ഒരിക്കലെങ്കിലും ലോകകപ്പിലേക്കൊരു എൻട്രി ടിക്കറ്റ്‌. എല്ലാ കാലത്തും മറ്റ് ജേഴ്സികളിലും പതാകകളിലും മാത്രം ആനന്ദം കണ്ടെത്തിയാൽ പോരല്ലോ നമ്മൾ! അതെ, എന്റെ വിദൂര സ്വപ്നങ്ങളിലൊന്നായി ഇന്ത്യ ലോകകപ്പിന് അർഹത നേടുന്ന, ഫുട്ബോൾ ഇന്ത്യയിലെ തോറ്റ കളിയല്ല എന്ന് മാറ്റിപ്പറയുന്ന ആ ദിവസവുമുണ്ട്. ലോകജനതയ്ക്കു മുന്നിൽ ത്രിവർണ്ണപതാക പാറുമ്പോൾ, വരാനിരിക്കുന്ന ഏതോ ഒരു പെരുമഴക്കാലത്ത്, വീടിനകത്തെ മുറിയിൽ എണീറ്റുനിന്ന് ഇന്ത്യൻ ടീമിന് അഭിവാദ്യമർപ്പിക്കുന്ന സുദിനം.

Get the latest Malayalam news and Fifa news here. You can also read all the Fifa news by following us on Twitter, Facebook and Telegram.

Web Title: Fifa world cup 2018 throwback as fifa fever builds rahna thalib

Next Story
FIFA World Cup 2018; എവിടുണ്ട് ഇതുപോലൊരു ആരാധകന്‍; കട്ട മെസി ഫാനായ ഒരു ചായക്കടക്കാരന്റെ കഥ
The moderation of comments is automated and not cleared manually by malayalam.indianexpress.com