FIFA World Cup 2018: 1975 ലെ കോപ്പാ അമേരിക്കയില്‍ ബ്രീസിലിനായി ബൂട്ടു കെട്ടിയ ഇവോ വോര്‍ട്ട്മാന്‍ 2005 ലാണ് ഡൈനാമോ മോസ്‌കോയുടെ പരിശീലകനായി റഷ്യയിലെത്തുന്നത്. ക്ലബിലെത്തിയ ഉടനെ തന്നെ വോര്‍ട്ട്മാന്‍ ടീമിന്റെ പരിശീലനം വീക്ഷിക്കാനായി മൈതാനത്തെത്തി. ഡൈനാമോയിലത്തുമ്പോള്‍ വോര്‍ട്ട്മാന്റെ മനസില്‍ ഒരു പേരുണ്ടായിരുന്നു, തിയാഗോ സില്‍വ. ബ്രസീലില്‍ യുവന്റുഡെയുടെ താരമായിരുന്ന തന്റെ ശിഷ്യനായ 20 കാരന്‍.

യുവന്റഡെയില്‍ നിന്നും പോര്‍ച്ചുഗീസ് ടീമായ പോര്‍ട്ടോയിലെത്തിയ തിയാഗോയെ ലോണ്‍ അടിസ്ഥാനത്തിലാണ് മോസ്‌കോയിലെത്തിക്കുന്നത്. പക്ഷെ മോസ്‌കോയുടെ ബെഞ്ചിലില്‍ തിയാഗോ ഇരിക്കുന്നത് കണ്ടതും വോര്‍ട്ട്മാന് വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. ‘ഞാന്‍ തകര്‍ന്നു പോയി അവനെ കണ്ടതും’ എന്നായിരുന്നു തിയാഗോയുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ച് വോര്‍ട്ട്മാന്‍ പറഞ്ഞത്.

‘എനിക്കവനെ തിരിച്ചറിയാന്‍ പോലും സാധിച്ചിരുന്നില്ല. അത്രയ്ക്ക് മാറി പോയിരുന്നു. പത്തോ പന്ത്രണ്ടോ കിലോയോളം കൂടിയിരുന്നു. പിന്നെയാണ് അറിഞ്ഞത് അവന്‍ മരുന്ന് കഴിക്കുന്നുണ്ടെന്നും അതാണ് ഭാരം കൂട്ടിയതെന്നും. അവനെ ഓര്‍ത്ത് എനിക്ക് നല്ല ഉത്കണ്ഠയുണ്ടായിരുന്നു.” വോര്‍ട്ട്മാന്‍ പറയുന്നു.

അദ്ദേഹത്തിന് അറിയുന്ന തിയാഗോ ഇതായിരുന്നില്ല. യുവന്റുഡെയില്‍ നാല്‍ഡോയ്ക്കും ഇന്‍ഡിയോയ്‌ക്കൊപ്പവും തിളങ്ങിയ ചെറുപ്പക്കാരനായിരുന്നില്ല അത്. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഏജന്റ് ജോര്‍ജേ മെന്‍ഡെസ് നേരിട്ട് ബ്രസീലിലെത്തിയാണ് പോര്‍ട്ടോയിലേക്കുള്ള തിയാഗോയുടെ ട്രാന്‍സ്ഫര്‍ നടത്തിയത്. അത്ര മിടുക്കനായിരുന്നു അവന്‍.

മോസ്‌കോയില്‍ വോര്‍ട്ട്മാന്‍ കണ്ട തിയാഗോ ക്ഷയ രോഗത്തിന് അടിമയായിരുന്നു. മൂന്ന് മാസമായി ടീമിന്റെ സൈഡ് ബെഞ്ചിലാണ് അവന്റെ സ്ഥാനം. കാര്യങ്ങള്‍ നിരന്തരം വഷളായി കൊണ്ടിരിക്കുകയായിരുന്നു.

സോകേള്‍നികിയിലെ ആശുപത്രിയിലായിരുന്നു തിയാഗോയുടെ ചികിത്സ നടന്നിരുന്നത്. ഫ്രീസറും ചെറിയ ഒരു കുളിമുറിയും മാത്രമുള്ള ഒരു കൊച്ചു മുറിയില്‍ ദിവസങ്ങളോടും സന്ദര്‍ശകര്‍ക്ക് പോലും അനുമതിയില്ലാതെ അവന്‍ ചികിത്സയില്‍ കഴിഞ്ഞു. പിന്നീട് വീക്ക് എന്‍ഡില്‍ പുറത്ത് പോകാം എന്നായെങ്കിലും ആരോഗ്യ നിലയില്‍ വല്യ മാറ്റങ്ങളൊന്നുമുണ്ടായില്ല.

”ഒരു ദിവസം ഡോക്ടര്‍ എന്നോട് പറഞ്ഞു, തിയാഗോയുടെ ശ്വാസ കോശത്തില്‍ ഒരു ദ്വാരമുണ്ട്. അതുകൊണ്ട് സര്‍ജറി അത്യാവശ്യമാണ്. തിയാഗോയ്ക്ക് ഇനി ട്രെയ്‌നിംഗിന് ഇറാങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ അര്‍ത്ഥം അവന്റെ കരിയര്‍ അവിടെ അവസാനിച്ചു എന്നായിരുന്നു. ശ്വാസ കോശത്തിന്റെ ഒരു ഭാഗമില്ലാതെ അവനെങ്ങനെ ഓടാനാണ്.” വോര്‍ട്ട്മാന്‍ ഓര്‍ത്തെടുക്കുന്നു.

മരണം വരെ മുന്നില്‍ കണ്ട നിമിഷമായിരുന്നു. എന്നാല്‍ സില്‍വയുടെ ഏജന്റായ പൗലോ ടോനിറ്റോ കാര്യങ്ങള്‍ ഗൗരവ്വമാണെന്നും അതുകൊണ്ട് തന്നെ ഏത്രയും പെട്ടെന്ന് അവനെ രാജ്യത്തിന് പുറത്തെത്തിക്കണമെന്നും തീരുമാനിച്ചു. ഇതിനായി മെന്‍ഡെസിന്റെ സഹായം അയാള്‍ തേടി. തിയാഗോയെ തിരികെ പോര്‍ച്ചുഗലില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം.

ആ വര്‍ഷം സെപ്തംബറില്‍ ആശുപത്രിയില്‍ നിന്നും തിയാഗോ ഡിസ്ചാര്‍ജായി. ആറ് മാസം ഇതിനോടകം അവന്‍ ആശുപത്രിയില്‍ ചിലവഴിച്ചിരുന്നു. നാല് ദിവസത്തിനകം പോര്‍ച്ചുഗലിലെ ആശുപത്രിയില്‍ തിയാഗോയുടെ ചികിത്സ വീണ്ടും ആരംഭിച്ചു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം കാത്തിരുന്ന ആ വാര്‍ത്ത തിയാഗോയെ തേടിയെത്തി. ഇനി വീണ്ടും ഫുട്‌ബോള്‍ കളിക്കാം, സന്തോഷം കൊണ്ടവന്‍ പൊട്ടിക്കരയുകയായിരുന്നു.

വര്‍ഷങ്ങള്‍ പിന്നിട്ടു. ഇപ്പോഴിതാ തിയാഗോ വീണ്ടും റഷ്യയിലെത്തിയിരിക്കുകയാണ്. ഒരിക്കല്‍ മരണം തന്നെ നോക്കി നിഗൂഢമായി ചിരിച്ച അതേ റഷ്യയില്‍. കരിയറും ജീവിതവും എല്ലാം അവസാനിച്ചെന്ന് കരുതിയ ഇടത്ത്. ഇന്നവന് 33 വയസുണ്ട്. ബ്രസീലിന്റെ ഇതുവരെയുള്ള യാത്രയില്‍ നിര്‍ണായകമായിരുന്നു സില്‍വയുടെ സാന്നിധ്യം.

ഒരിക്കല്‍ ഇനി ഒരിക്കലും ഫുട്‌ബോള്‍ കളിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ അതേ നാട്ടില്‍, 32 കിലോമീറ്ററാണ് നാല് മത്സരങ്ങളിലുമായി തിയാഗോ ഓടിയത്. ഒരിക്കല്‍ സര്‍ജറി വേണമെന്ന് പറഞ്ഞ അതേ ശ്വാസ കോശവുമായി. ഇത്തവണ റഷ്യയില്‍ നിന്നും മടങ്ങുന്നത് കിരീടവുമായി തന്നെയാകുമെന്ന് സില്‍വ പറയുന്നു.

‘എന്റെ കരിയര്‍ അവസാനിക്കേണ്ടതായിരുന്നു. ആ സാഹചര്യത്തില്‍ നിന്നും എന്നെ രക്ഷിക്കണമെങ്കില്‍ മാലാഖമാര്‍ തന്നെ വേണമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്. ഇത്തവണ ഇവിടം ഞാന്‍ ഒരുപാട് ആസ്വദിക്കുന്നുണ്ട്.’ സെര്‍ബിയ്‌ക്കെതിരായ മത്സരത്തിന് ശേഷം സില്‍വ പഴയ നാളുകളെ ഓര്‍ത്തെടുത്തു കൊണ്ട് പറഞ്ഞ വാക്കുകളാണിത്.

ഒരു രോഗത്തിന് അത്ര പെട്ടെന്നൊന്നും സില്‍വയെ തളര്‍ത്താന്‍ സാധിക്കില്ല. അഞ്ചാം വയസില്‍ അച്ഛനുപേക്ഷിച്ച് പോയതാണ് സില്‍വയെ. പിന്നീടങ്ങോട്ട് അമ്മയുടെ കൈ പിടിച്ചാണവന്‍ വളര്‍ന്നത്. ഫുട്‌ബോള്‍ താരമായുള്ള ജീവിതവും തിളക്കങ്ങളുടേതായിരുന്നില്ല. ബ്രസീലിന്റെ പ്രമുഖ ടീമുകളുടെയെല്ലാം വാതില്‍പ്പടിയോളം എത്തി പല വട്ടം മടങ്ങിയിട്ടുണ്ട്. അതില്‍ നിന്നെല്ലാം കര കയറി വന്നവനാണ്. അതുകൊണ്ട് ക്ഷയത്തിന് സില്‍വയെ തോല്‍പ്പിക്കണമെങ്കില്‍ അത്ര എളുപ്പമായിരുന്നില്ല.

തന്റെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവില്‍ സില്‍വ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് വോര്‍ട്ട്മാന്‍ എന്ന മനുഷ്യനോടാണ്. തിയാഗോയുടെ ശ്വാസകോശത്തില്‍ സര്‍ജറി നടത്തുന്നത് തടയുകയും മറ്റ് മാര്‍ഗം തേടുകയും ചെയ്ത വോര്‍ട്ട്മാനോട്.

‘ഞാനൊരു ഡോക്ടറൊന്നുമല്ല. പക്ഷെ ക്ഷയ രോഗം കാരണം 2000 ങ്ങളില്‍ ഒരാള്‍ മരിക്കുമെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. ചികിത്സിക്കാന്‍ കഴിയുമെന്നും രോഗം മാറ്റാന്‍ പറ്റുമെന്നും വിശ്വസിച്ചിരുന്നു.’ വോര്‍ട്ട്മാന്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook