FIFA World Cup 2018: കഴിഞ്ഞ ഓഗസ്റ്റ് മാസം മെക്‌സിക്കന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ റാഫേല്‍ മാര്‍ക്വസിന്റെ കരിയര്‍ അതിന്റെ ആന്റി ക്ലൈമാക്‌സിലേക്ക് എത്തുകയായിരുന്നു. മയക്കുമരുന്ന് മാഫിയ തലവനായ ഫ്‌ളോറസ് ഹെര്‍ണാണ്ടസനുമായുള്ള മാര്‍ക്വേസിന്റെ ബന്ധം 38 കാരനായ താരത്തെ വിവാദത്തിലേക്ക് എത്തിക്കുകയായിരുന്നു. മാര്‍ക്വേസ് അടക്കം 21 പേര്‍ക്കെതിരായിരുന്നു ഫ്‌ളോറസുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നത്.

കിങ്പിന്‍ ആക്ട് പ്രകാരം മാര്‍ക്വേസിനെതിരെ നടപടിയെടുക്കാന്‍ യുഎസിന്റെ ഫോറിന്‍ അസറ്റ്‌സ് കണ്ട്രോള്‍ വിഭാഗം നീക്കങ്ങള്‍ ആരംഭിച്ചു. ഫോളറസിന്റെ അടുത്തയാളാണ് മാര്‍ക്വേസ് എന്നായിരുന്നു അവരുടെ ആരോപണം. ഫ്‌ളോറസിന്റെ സ്വത്തുകളുടെ സംരക്ഷണവും മാര്‍ക്വേസിന്റെ നേതൃത്വത്തിലാണെന്നും അവര്‍ കണ്ടെത്തി. ഇത് മാര്‍ക്വേസിന് മെക്‌സിക്കോയിലെ രണ്ട് അപകടകാരികളായ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളിലേക്കും എത്തിച്ചു.

തുടര്‍ന്ന് മുന്‍ ബാഴ്‌സലോണ താരമായ മാര്‍ക്വേസിന്റെ സ്വത്തുകളും ബാങ്ക് അക്കൗണ്ടുകളുമെല്ലാം മരവിപ്പിച്ചു. യുഎസ്എയിലേക്കുള്ള വിസയും ഉടനെ തന്നെ റദ്ദാക്കി. ന്യൂയോര്‍ക്ക് റെഡ് ബുള്‍സിന് വേണ്ടി മാര്‍ക്വേസ് കളിക്കുന്നുണ്ടായിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും താരത്തിന് അമേരിക്കയിലേക്കുള്ള പ്രവേശനം നിരോധിച്ചു.

വിവാദം മാര്‍ക്വേസിന്റെ ഫുട്‌ബോള്‍ ജീവിതത്തിന് മുകളിലും കാര്‍മേഘങ്ങളെ സൃഷ്ടിക്കുകയാിരുന്നു. താരം 2018 ലോകകപ്പില്‍ കളിക്കുമോ എന്നു സംശയിക്കുന്നിടത്തു വരെ കാര്യങ്ങളെത്തി. എന്നാല്‍ അതെല്ലാം ഇന്ന് മാര്‍ക്വേസ് മറക്കുകയാണ്. റഷ്യയില്‍ തങ്ങളുടെ ആദ്യ കളിയ്ക്ക് മെക്‌സിക്കോയെത്തിയപ്പോള്‍ ക്യാപ്റ്റന്റെ റോളില്‍ തന്നെ മാര്‍ക്വേസുമെത്തി.

കളിയുടെ രണ്ടാം പകുതിയില്‍ മൈതാനത്തേക്ക് ക്യാപ്റ്റന്റെ ആം ബാന്‍ഡുമായെത്തിയ മാര്‍ക്വേസിനിത് ക്യാപ്റ്റനായുള്ള തുടര്‍ച്ചയായ അഞ്ചാം ലോകകപ്പ്. ലോകകപ്പ് ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് മാര്‍ക്വേസ്. ലോതര്‍ മാത്തേസിനും അന്റോണിയോ കാര്‍ബജാലിനും ശേഷം മാര്‍ക്വേസാണ് അഞ്ച് ലോകകപ്പുകളില്‍ ടീമിനെ നയിക്കുന്നത്. 2002 മുതല്‍ മെക്‌സിക്കോയെ ലോകകപ്പില്‍ നയിക്കാന്‍ മാര്‍ക്വേസുണ്ട്.

എല്‍ കൈസറെന്നു മെക്‌സിക്കന്‍ ആരാധകര്‍ വിളിക്കുന്ന മാര്‍ക്വേസ് കഴിഞ്ഞ വര്‍ഷം കോണ്‍ഫെഡറേഷന്‍ കപ്പില്‍ കളിച്ചതിന് ശേഷം പിന്നീട് ടീമിന്റെ ഭാഗമായിരുന്നില്ല. മയക്കുമരുന്ന് വിവാദത്തെ തുടര്‍ന്ന് താരത്തിന്റെ ലോകകപ്പ് മോഹങ്ങളും കരിനിഴലിലായിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ലോകകപ്പിനുള്ള മെക്‌സിക്കന്‍ ടീമിനെ യുവാന്‍ കാര്‍ലോസ് ഒസോറിയോ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ മാര്‍ക്വേസിന്റെ പേരുമുണ്ടായിരുന്നു.

മാര്‍ക്വേസിന്റെ അനുഭവസമ്പത്തും നേതൃപാടവവും ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് കോച്ച് പറയുന്നത്. ടീമിലെ മുഖ്യ സ്‌ട്രൈക്കറായ കാര്‍ലോസ് വേല മാര്‍ക്വേസിനായി തന്റെ സ്ഥാനം ത്യജിക്കാന്‍ വരെ തയ്യാറായിരുന്നു.

മെക്‌സിക്കോയുടെ ചരിത്രത്തിലെ ഏക്കാലത്തേയും മികച്ച താരമായി വിലയിരുത്തപ്പെടുന്ന ഈ പ്രതിരോധ താരം ഏഴ് വര്‍ഷം ബാഴ്‌സലോണയുടേയും താരമായിരുന്നു. രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. മെസി കഴിഞ്ഞാല്‍ ബാഴ്‌സയ്ക്കായി ഏറ്റവും കൂടുതല്‍ കളികളില്‍ ഇറങ്ങിയ നോണ്‍ യൂറോപ്യന്‍ താരം കൂടിയാണ് മാര്‍ക്വേസ്.

സീരി എയില്‍ മൊണോക്കയ്ക്കായും വെറോണയ്ക്കായും കളിച്ചിട്ടുണ്ട് മാര്‍ക്വേസ്. 2010 ല്‍ യുഎസ്എയിലെത്തിയ മാര്‍ക്വേസിന്റെ കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു അവിടെ കളിച്ച രണ്ട് വര്‍ഷങ്ങള്‍. വന്‍ തുകയ്ക്കായിരുന്നു താരത്തെ ന്യൂയോര്‍ക്കിലെത്തിച്ചത്. പക്ഷെ അമേരിക്കയിലെ കളിയുടെ നിലവാരത്തെ കുറിച്ച് തുറന്നടിച്ചു മാര്‍ക്വേസ്. ”അമേരിക്കയിലേക്ക് കളിക്കാന്‍ പോയതില്‍ ഞാന്‍ ഖേദിക്കുന്നു,”

ഇന്നലെ ലോകകപ്പിലെ ഏറ്റവും കരുത്തരായ ടീമായ ജര്‍മ്മനിയെ ഞെട്ടിച്ചുകൊണ്ട് മെക്‌സിക്കോ വിജയിച്ചപ്പോള്‍ ആ കാഴ്ച്ചയ്ക്ക് സാക്ഷിയായി മാര്‍ക്വേസുമുണ്ടായിരുന്നു. തങ്ങളുടെ എല്‍ കൈസറിന് മെക്‌സിക്കോയുടെ മറുപടിയായി മാറുകയായിരുന്നു ആ വിജയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook