‘നിങ്ങള്‍ എന്തൊരു ദുരന്തമാണ്. കളി നടക്കുമ്പോള്‍ എവിടെയായിരുന്നു നിങ്ങള്‍. ആ പന്ത് കിട്ടാന്‍ എന്തേ നിങ്ങള്‍ ഓടിയില്ല. അതിനെ നിങ്ങള്‍ ഒരു കോര്‍ണര്‍ എന്നു വിളിക്കുമോ. കുത്തുന്ന ചോദ്യങ്ങള്‍ കൊണ്ട് അക്ഷരാര്‍ഥത്തില്‍ വരിയുടച്ചുകളയും ഷെരീഫ്. സത്യമാണ്, അന്ന് ഒന്നിച്ചൊരു മുറിയില്‍ ഉറങ്ങാന്‍ കഴിയില്ല. ഷെരീഫിനെ എനിക്കറിയുന്ന പോലെ മറ്റാര്‍ക്കും അറിയില്ലല്ലോ. എന്തൊക്കെയായാലും അവള്‍ എന്റെ ഭാര്യയല്ലെ.’ തന്റെ ഭാര്യയെ കുറിച്ച് സ്വീഡന്‍ സ്‌ട്രൈക്കര്‍ എമില്‍ ഫോഴ്‌സ്‌ബെര്‍ഗ് പറയുന്ന വാക്കുകളാണ്.

ഫുട്‌ബോള്‍ മൈതാനത്ത് തോറ്റിട്ട് വീട്ടിലേക്ക് ചെന്നാലുണ്ടാകുന്ന അനുഭവത്തെ കുറിച്ച് പറയുകയായിരുന്നു ഫോഴ്‌സ്ബര്‍ഗ്. മുന്‍ ഫുട്‌ബോള്‍ താരമാണ് എമിലിന്റെ ഭാര്യ ഷാംഗ ഹുസൈന്‍. അതുകൊണ്ടു തന്നെ ഫുട്‌ബോള്‍ മൈതാനത്ത് ഭര്‍ത്താവ് കാണിക്കുന്ന മണ്ടത്തരങ്ങള്‍ അവള്‍ കയ്യോടെ തന്നെ പിടിക്കും. പിന്നെ തിരിച്ച് വീട്ടിലെത്തുന്ന എമിലിനെ അതൊക്കെ പറഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ പഞ്ഞിക്കിടും.

തന്റെ ജീവിത വിജയത്തിന്റെ പിന്നില്‍ ഭാര്യയുടെ ഈ കാര്‍ക്കശ്യവും സ്‌നേഹവുമാണെന്ന് എമില്‍ പറയുന്നു. പ്ലെയേഴ്‌സ് ട്രിബ്യൂണലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.

‘ഞാന്‍ തമാശ പറയുകയാണെന്നാവും എല്ലാവരും കരുതുന്നത്. പക്ഷെ കളിയുടെ കാര്യത്തില്‍ അവള്‍ക്ക് നല്ല ധാരണയാണ്. സീരിയസാണ് അക്കാര്യത്തില്‍ അവള്‍. ആ അഭിപ്രായങ്ങളോട് യോചിക്കാതെ തരമില്ല. തര്‍ക്കിച്ചിട്ട് കാര്യമുണ്ടാകില്ലെന്ന് എനിക്ക് നന്നായി അറിയാം.” എമില്‍ പറയുന്നു.

സ്വീഡന്‍ വനിതാ ടീമിലെ താരമായിരുന്നു ഷാംഗ. കൂടാതെ ലെയ്പസിഗിനു വേണ്ടിയും കളിച്ചിട്ടുണ്ട്. പോരത്തതിന് തന്നേക്കാള്‍ കൂടുതല്‍ ലോക ഫുട്‌ബോള്‍ കാണുകയും വിലയിരുത്തകയും ചെയ്യുന്നയാളാണെന്നും എമില്‍ പറയുന്നു.

തന്റെ ജീവിതത്തില്‍ എമില്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ഷാംഗയോടാണ്. സണ്ടസ് വളിലെ സാധാരണ കുടുംബത്തിലെ അല്‍പ്പം നാണം കുണുങ്ങിയായ പയ്യനില്‍ നിന്നും ഇന്നു കാണുന്ന തരത്തിലേക്ക് തന്നെ വളര്‍ത്തിയതില്‍ ഭാര്യയുടെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറയുന്നു.

‘സണ്ട്‌സ്‌വാള്‍ വടക്കന്‍ സ്വീഡനിലെ ഒരു ശാന്തപ്രദേശമാണ്. സ്വീഡനിലെ മറ്റ് സ്ഥലങ്ങളില്‍ ഉള്ളവരേക്കാള്‍ ശാന്തപ്രകൃതക്കാരാണ് വക്കന്‍ സ്വീഡിനിലുള്ളവര്‍. ഒന്നും മിണ്ടായിരിക്കുക. എന്നും പിന്‍നിരയില്‍ നില്‍ക്കുക എന്നിവയാണ് വടക്കന്‍ സ്വീഡന്‍കാരുടെ പൊതുവേയുള്ള പ്രകൃതം. അച്ഛന്‍ ലെയ്ഫില്‍ നിന്ന് കിട്ടിയതാണ് എനക്കീ സ്വഭാവം. അച്ഛനെ ടെഡ്ഡി ബേര്‍ എന്നാണ് ഷാംഗ വിളിക്കുക.’ എമില്‍ പറയുന്നു.

തന്റെ അച്ഛനില്‍ നിന്നുമാണ് എമിലിന് ഫുട്‌ബോള്‍ കിട്ടുന്നത്. അദ്ദേഹം പഴയ സ്‌ട്രൈക്കറാണ്. പക്ഷെ അദ്ദേഹത്തോളം മനക്കരുത്തില്ലാതിരുന്നതിനാല്‍ എമിലിന് പലപ്പോഴും അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. ഉയരക്കുറവും പ്രശ്‌നമായിരുന്നു. സ്വീഡന് വേണ്ടി കളിക്കുക എന്ന ആഗ്രഹവുമായി നടക്കുന്ന സമയത്ത് ഉയരമില്ലെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുമ്പോള്‍ താന്‍ ഒരുപാട് വിഷമിച്ചിരുന്നുവെന്നും ഉയരം കൂട്ടാന്‍ എന്തു ചെയ്യാം എന്നായിരുന്നു ചിന്തയെന്നും എമില്‍ പറഞ്ഞു.

‘ഇക്കാലത്താണ് ഞാന്‍ ഷാംഗയെ പരിചയപ്പെടുന്നത്. കുര്‍ദിസ്താനില്‍ നിന്നുള്ളവരാണ് അവരുടെ വീട്ടുകാര്‍. അവര്‍ ഞങ്ങള്‍ സ്വീഡന്‍കാരെപ്പോലെ ഒതുങ്ങിക്കഴിയുന്നവരായിരുന്നില്ല. എന്തെങ്കിലുമൊരു പ്രശ്‌നമുണ്ടെങ്കില്‍ നേരിടുന്നവരായിരുന്നു അവര്‍. എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ അത് പറയുക തന്നെ ചെയ്യും. ഷാംഗയുടെ പ്രകൃതം അങ്ങനെയാണ്. എല്ലാം നേരിട്ട് പറയും. ആരെയും ഭയവുമില്ല.’ അദ്ദേഹം പറയന്നു. ഇങ്ങനെ വെട്ടിത്തുറന്ന് പറയുകയും തന്നെ യാതൊരു ദയയുമില്ലാതെ ചീത്ത പറയുകയും ചെയ്യുന്നതിനാലാണ് അവര്‍ക്ക് ഷെരീഫ് എന്ന പേരിട്ടതെന്നും താരം പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ