FIFA World Cup 2018: ഐസ്ലാന്റ് പ്രതിരോധം ഭേദിച്ച് സെര്‍ജിയോ അഗ്യൂറോയുടെ ഗോള്‍. അര്‍ജന്റീനയെ ഒരു ഗോളിന് മുന്നിലെത്തിക്കാന്‍ അഗ്യൂറോയ്ക്ക് സാധിച്ചെങ്കിലും മിനുറ്റുകള്‍ക്കുള്ളില്‍ തിരിച്ചടിച്ച് ഐസ് ലാന്റ് തിരികെ വന്നു. അഗ്യൂറോയുടെ ഗോള്‍ താരത്തിന് നേടി കൊടുത്തത് അപൂര്‍വ്വമായൊരു നേട്ടം കൂടിയാണ്.
അര്‍ജന്റീനയ്ക്കായി മെസിയല്ലാതെ ഒരു താരം ഗോള്‍ നേടുന്നത് 19 മാസങ്ങള്‍ക്ക് ശേഷമാണ്. കൃത്യമായി പറഞ്ഞാല്‍ 578 ദിവസങ്ങള്‍ക്ക് ശേഷം. ലോകകപ്പിനിറങ്ങുന്ന അര്‍ജന്റീനയുടെ അറ്റാക്കിങ് എത്ര ദുര്‍ബലമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്. മെസിയില്‍ എത്ര മാത്രം അവര്‍ പ്രതീക്ഷിക്കുന്നു എന്നും.
19 മാസത്തെ ഗോള്‍ വരള്‍ച്ചയ്ക്ക് അഗ്യൂറോയിലൂടെ അര്‍ജന്റീന വിരാമമിട്ടതോടെ തങ്ങളുടെ തന്ത്രങ്ങളില്‍ മാറ്റം വരുത്തിയതായും വിലയിരുത്താം. 19 മാസങ്ങള്‍ക്കിടെ 12 അന്താരാഷ്ട്ര മത്സരങ്ങളാണ് അര്‍ജന്റീന കളിച്ചത് എന്നതും ശ്രദ്ധേയമാണ്. മെസിയല്ലാതെ അര്‍ജന്റീനയ്ക്കായി ഇതിന് മുമ്പ് ഗോള്‍ നേടിയതാരം അത് നേടിയത് മെസിയുടെ പാസില്‍ നിന്നാണെന്നതു മറ്റൊരു സവിശേഷതയാണ്.
അതേസമയം, ഗ്രൂപ്പ് ഡിയിലെ ആദ്യ പോരാട്ടത്തില്‍ അര്‍ജന്റീനയും ഐസ് ലാന്റും ഇഞ്ചോടിഞ്ച് പോരാടുകയാണ്. രണ്ടു ടീമും ഓരോ ഗോളുകള്‍ വീതം നേടിയിട്ടുണ്ട്. പ്രതിരോധത്തില്‍ ഊന്നിയാണ് ഐസ് ലാന്റ് കളിക്കുന്നതെങ്കിലും കൗണ്ടര്‍ അറ്റാക്കിങിലൂടെ അര്‍ജന്റീനയുടെ ചങ്കിടിപ്പ് അവര്‍ കൂട്ടുന്നുണ്ട്.
എന്നാല്‍ മറുവശത്ത് അഗ്യൂറോയെ മുന്നില്‍ നിര്‍ത്തി മെസി മധ്യനിരയില്‍ കളി മെനയുകയാണ്. പന്തടക്കത്തില്‍ അര്‍ജന്റീന മുന്‍ തൂക്കം പാലിക്കുമ്പോള്‍ നിരന്തരം ഐസ് ലാന്റിന്റെ പ്രതിരോധ മലയില്‍ തട്ടി മടങ്ങുന്നത് തിരിച്ചടിയാവുകയാണ്.