FIFA World Cup 2018: ഒരു ആഫ്രിക്കാൻ രാജ്യം ലോകകപ്പ് നേടുക എന്നതാണ് എന്റെ സ്വപ്നം 90-ൽ റോജർ മില്ലയുടെ കാമറൂൺ, 2002-ൽ പോപ്പ് ബൂപ ദിയൂപിന്റെ സെനഗൽ,2010-ൽ അസ്മാവോ ഗ്യാനിന്റെ ഘാന എന്നീ ആഫ്രിക്കൻ കരുത്തൻമാർ പ്രതീക്ഷ നല്കി ക്വാർട്ടർ ഫൈനൽ വരെ മുന്നേറി പൊരുതി തോറ്റ് പിൻമാറിയവരാണ്.നിർഭാഗ്യം ആഫ്രിക്കൻ വൻകരയിലേക്ക് ആദ്യ ലോക കപ്പ് എന്ന സ്വപനം സാക്ഷാത്കരിക്കാൻ തടസ്സമായി.

സെനഗൽ വീണ്ടും വരുന്നു റഷ്യയിൽ കൊടുംങ്കാറ്റാവാൻ.റഷ്യയിൽ പന്തുതട്ടാൻ വരുന്ന രാജ്യങ്ങളിൽ എറ്റവും ദാരിദ്യം നിലനില്കുന്ന രാജ്യമായ സെനഗൽ.ഫുട്ബോൾ അവരുടെ എല്ലാ പോരായ്മക്കൾക്കും ഉള്ള മറുമരുന്നാവുകയാണ്.ഒർമ്മയില്ലേ എഷ്യയിൽ നടന്ന നൂറ്റാണ്ടിലെ ആദ്യ ലോകകപ്പിൽ അത്ഭുത ചെപ്പ് തുറന്ന സെനഗൽ കറുപ്പിന്റെ കരുത്ത് സൗന്ദര്യം അവർ ഗ്രൗണ്ടിൽ തുറന്നു കാട്ടി. ഇരുവശങ്ങളിലൂടെയും തിരമാല കണക്കേ സെനഗൽ താരങ്ങൾ എതിർ ഗോൾ മുഖത്തേക്ക് മുന്നേറി.സുന്ദരമായ ഗോളുകൾ കൊണ്ട് ലോകത്തെ ഞെട്ടിച്ചു.

2002 ൽ സെനെഗലിറ്റ്ന്റെ ആ വരവ് ആരും മറക്കാനിടയില്ല, ആദ്യ ലോകകപ്പിനെത്തിയ അവർ ഉദ്ഘാടന മത്സരത്തിൽ തന്നെ 1998 ലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ച് ലോകത്തെ അമ്പരിപ്പിച്ചു.ലോകോത്തര താരങ്ങളായ സിദാനും ഹെൻറിയും ലിലിയൻ തുറാമും വിയേരയും സിസേയും ബാർത്തേസും അണിനിരന്ന ഫ്രാൻസ് എത്രഗോളിന് സെനഗലിനെ തകർക്കും എന്ന ചോദ്യത്തിന് ഉത്തരം തേടിയെത്തിയ ഫുട്ബോൾ പ്രേമികൾക്ക്‌ പോപ്പ് ബൂപ ദിയൂപ് എന്ന സൂപ്പർ താരം നേടിയ ആ ഗോളിലൂടെ മറുപടി നല്കി സെനഗല് അവരുടെ വരവറിയിച്ചു. ഗോളടിച്ച ശേഷം ദിയുപ് തന്റെ ടീമിനൊപ്പം കോർണർ ഫ്ലേഗിനടുത്ത് വന്ന് ജേഴ്സി നിലത്തു വിരിച്ച് അതിനു ചുറ്റും നടത്തിയ ആനന്ദ നൃത്തം ആവേശത്തോടെയല്ലാതെ ഫുട്ബോൾ പ്രേമികൾക്ക് ഓർമ്മിക്കാൻ കഴിയില്ല.സെനഗലിന്റെ ഫ്രാൻസിനെതിരെയുള്ള ജയത്തെ പലരും ഭാഗ്യം എന്ന് പറഞ്ഞ് തള്ളി കളഞ്ഞു എന്നാൽ അത് കൊടുങ്കാറ്റിന് മുൻപേയുള്ള ഒരു മുന്നറിയിപ്പ് മാത്രമായിരുന്നു പിന്നീട് കണ്ടത് വന്യമായ ആഫ്രിക്കൻ കരുത്തിന്റെ വിസ്മയ കാഴ്ചയായിരുന്നു.

രണ്ടാം മത്സരത്തിൽ പരിചയ സമ്പന്നരായ ഡെൻമാർക്കിനെ സമനിലയിൽ തളയ്ക്കുകയും ( 1-1), മൂന്നാം മത്സരം സാക്ഷാൽ ഡീഗോ ഫോർലാന്റെ ഉറുഗ്വായുമായിട്ടായിരുന്നു. ആദ്യ 40 മിനിറ്റിനുള്ളിൽ 3 ഗോളുകൾ സെനഗൽ ഉറുഗ്വായുടെ വലയിലെത്തിച്ചു..! പക്ഷേ സെനഗലിന്റെ പ്രതിരോധത്തിലെ പരിചയ കുറവ് മുതലെടുത്ത് പരിചയ സമ്പന്നരായ ഉറുഗ്വായ് രണ്ടാം പകുതിയിൽ 3 ഗോൾ തിരിച്ചടിച്ചു. 90 മിനിറ്റ് കഴിഞ്ഞപ്പോൾ സ്കോർ സമനില (3-3 ). ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾ A ഗ്രൂപ്പിൽ നിന്ന് അട്ടിമറികളുമായി സെനഗലും ഡെൻമാർക്കും പ്രീ ക്വാർട്ടറിലെത്തി. ഫ്രാൻസും ഉറുഗ്വായും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി മടങ്ങി. പ്രീ ക്വാർട്ടറിൽ സെനഗലിന്റ എതിരാളികൾ ഹെഡറിന്റെ ഉസ്താദായ ലാർസനും ബൈസിക്കിൾ കിക്കിന്റെ ആശാനായ സ്ലാട്ടൻ ഇബ്രാഹിമിവിച്ചും കരുത്തിന്റെ പ്രതീകമായ ലുങ്ങ് ബർഗും നിറഞ്ഞ സ്വീഡനെയായിരുന്നു.

കളിതുടങ്ങി 11 ാം മിനിറ്റിൽ തന്നെ ലാർസന്റെ ഗോളിലൂടെ സ്വീഡൻ മുന്നിലെത്തി. അധികം വൈകാതെ 37ാം മിനിറ്റിൽ കാമറ സെനഗലിനെ ഒപ്പമെത്തിച്ചു. സ്കോർ( 1-1). പിന്നീട് ആവേശകരമായ കളി കെട്ടഴിച്ചിട്ടും ഇരു ടീമും ഗോൾ നേടിയില്ല. ഒടുവിൽ ഗോൾഡൻ ഗോളിലേക്കായി കളി. നെഞ്ചിടിപ്പു കൂട്ടുന്ന കൂട്ടപൊരിച്ചിലിനിടയിൽ 103ാം മിനിറ്റിൽ സ്വീഡന്റ വലയിലേക്ക് വീണ്ടും പന്തെത്തിച്ച് കാമറ സെനഗലിന് ക്വാർട്ടർ ബർത്ത് നേടികൊടുത്തു… സ്വീഡൻ പുറത്ത്…!

ക്വാർട്ടറിൽ സെനഗലിന്റെ എതിരാളികൾ ശക്തരായ തുർക്കിയായിരുന്നു. തുല്യശക്തികളുടെ പോരാട്ടം. തുർക്കിയുമായുള്ള കളിതുടങ്ങി. നിരവധി ഗോളവസരങ്ങൾ വന്നിട്ടും 90 മിനുറ്റ് പൂർത്തിയായിട്ടും ഗോൾ പട്ടിക അനങ്ങിയില്ല (0 – 0). 4 മിനിറ്റ് ഇഞ്ചുറി ടൈം എന്ന ബോർഡുയർന്നു. കളിയുടെ വേഗതയും വാശിയും കൂടി. ഒടുവിൽ നാലാം മിനിറ്റിലെ അവസാനനിമിഷത്തെ ഒരു കൂട്ടപൊരിച്ചിൽ തുർക്കിയുടെ ഇൽഹാനിന്റെ ഷോട്ട് സെനഗലിന്റെ ഹൃദയം തകർത്ത് ഗോൾ വലക്കുള്ളലായി. സെനഗലിന്റെ ലോകകപ്പിലെ സ്വപ്ന സഞ്ചാരം അവിടെ അവസാനിച്ചു. പക്ഷേ അതൊരു ചരിത്രമായിരുന്നു. കളിയാരാധകരുടെ ഹൃദയം കവർന്നാണ് സെനഗൽ ടീം നാട്ടിലേക്ക് വിമാനം കയറിയത്ത്.

മാനെ

ഹെന്‍ട്രി കമാറ, ഒമര്‍ ദാഫ്, ട്രവോരി, എല്‍ ഹാജി ദിയൂഫ്, ബാബ ദിയൂപ്, സാലിഫ്‌ ദിയാവോ അന്ന് ഹൃദയം കീഴടക്കിയ സെനഗലീസ് താരങ്ങൾ. തുടർന്ന് വന്ന 2006, 2010, 2014 ലോകകപ്പുകളിൽ സെനഗലിന് യോഗ്യത നേടാനായില്ല.2018ൽ സെനഗൽ വീണ്ടും വരുന്നു അട്ടിമറിക്കളുടെ അമിട്ടുപ്പൊട്ടിക്കാൻ. അന്നത്തെ മാസ്മരിക പ്രകടനത്തിന് ശേഷം സെനഗൽ ലോകകപ്പിന് റഷ്യയിലാണ് വീണ്ടും എത്തുന്നത്. ഫിഫ 28-ആം റാങ്കുള്ള ആഫ്രിക്കൻ ശക്തികൾ അട്ടിമറികൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

2013 ൽ 99-ാം സ്ഥാനത്തായിരുന്ന ഫിഫ റാങ്കിങ് സെനഗൽ 2018 ആയപ്പോഴേക്കും മികച്ച വിജയത്തിലൂടെ 27 ആം സ്ഥാനത്തേക്ക് എത്തി. നായകനായിരുന്ന അലിയോ സിസ്സേ ആണ് സെനഗലിന്റെ പരിശീലകൻ. 2015ൽ സ്ഥാനമേറ്റ അദ്ദേഹ ഒരു കളി പോലും തോൽക്കാതെ ആണ് ടീമിനെ ആഫ്രിക്കൻ ഗ്രൂപ്പ് ഡിയിൽ നിന്നും റഷ്യയിലേക്ക് എത്തിക്കുന്നത്.

ലിവര്‍പൂള്‍ മുന്നേറ്റ നിരക്കാരന്‍ സാദിയോ മാനെയാണ് സെനഗൽ ആക്രമണ നിരയെ നയിക്കുന്നത്. മൊണാക്കോ സ്‌ട്രൈക്കര്‍ കീറ്റ ബാല്‍ഡേ, വെസ്റ്റ് ഹാം മധ്യനിരക്കാരന്‍ ചീഖോവു കൊയാറ്റേ, എവര്‍ട്ടന്റെ ഇഡ്രിസ തുടങ്ങിയവരും ടീമിലുണ്ട്.

ഇരുപത്തിയാറുകാരനായ സാദിയോ മാനെ ഈ സീസണില്‍ ലിവര്‍പൂളിനായി 19 ഗോളുകള്‍ നേടിയിട്ടുണ്ട്.ഏറ്റവും വിലയേറിയ ആഫ്രിക്കൻ താരമായ മാനേ അദ്ദേഹത്തിന്റെ വേഗവും പന്തടക്കവും ഗോളടി മികവും കൊണ്ട് ഫുട്ബോൾ പ്രേമിക്കളെ വിസ്മയിപ്പിക്കും. മാനയോടൊപ്പം മൂസ്സ സൊയും, മമേ ഡിയ്‌ഫും ആക്രമണനിരയിലും,കരബോഡ്‌ജിയും സാലിയോ സൈസും അടങ്ങുന്ന ശക്തമായ പ്രതിരോധവും എതിരാളികൾക്ക് തലവേദന സൃഷ്ട്ടിക്കും. പോളണ്ട്, ജപ്പാന്‍, കൊളമ്പിയ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എച്ചിലാണ് സെനഗല്‍ ഇത്തവണ മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ ജൂണ്‍ 19 ന് അവര്‍ മോസ്‌ക്കോയില്‍ പോളണ്ടുമായി ഏറ്റുമുട്ടും.

നമ്മുക്ക് കത്തോർക്കാം റഷ്യയിൽ ഒരു സെനഗലീസ് വസന്തതിന്നായി. കറുത്തവന്റെ പുതിയ വിജയഗാഥകൾക്കായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook