മോസ്കോ: റഷ്യൻ ലോകകപ്പിലെ ഏറ്റവും ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിന് ഇന്ന് ലോകം കാഴ്ചക്കാരാവും. ലോകഫുട്ബോളിൽ പ്രതിഭാശാലികളായ യുവനിരയുടെ കരുത്തിൽ തിളങ്ങി നിൽക്കുന്ന ഫ്രാൻസും ബെൽജിയവും ഏറ്റുമുട്ടുമ്പോൾ തീപാറുമെന്ന് ഉറപ്പ്.
ചരിത്രത്തിലെ ആദ്യ ഫൈനൽ സ്വപ്നം കാണുന്ന ബെൽജിയവും രണ്ടാം ഫൈനൽ ലക്ഷ്യമിട്ടിറങ്ങുന്ന ഫ്രാൻസും ഇത്തവണ ലോകകപ്പിൽ തകർപ്പൻ മത്സരമാണ് ഇതുവരെ കാഴ്ചവച്ചത്. എങ്കിലും ഒരു കിരീടം നേടിയിട്ടുള്ളതിനാല്‍ ഫ്രാന്‍സിനെയാണ് വന്‍ ശക്തിയായി പലരും പരിഗണിക്കുന്നത്.
പരസ്പരം ഏറ്റുമുട്ടിയതിന്റെ കണക്കുകളിൽ പക്ഷെ ഫ്രാൻസിന് അത്ര ശുഭകരമല്ല കാര്യങ്ങൾ. 73 തവണ ഏറ്റുമുട്ടിയതിൽ 30 തവണ വിജയിച്ചത് ബെൽജിയമാണ്. 24 തവണ മാത്രമാണ് ഫ്രാൻസിന് ജയിക്കാനായത്. 19 മത്സരങ്ങൾ സമനിലയിലും കലാശിച്ചു. പക്ഷെ ലോകകപ്പിൽ ഇതുവരെ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ബെൽജിയത്തിന് മേൽ ആധിപത്യം നേടാനായി എന്നത് ഫ്രഞ്ച് പടയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ രണ്ട് വിജയങ്ങൾക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1938 ലോകകപ്പിന്റെ ആദ്യ റൗണ്ടിലും 1986 ലോകകപ്പിൽ മൂന്നാം സ്ഥാനത്തിന് വേണ്ടിയുളള പോരാട്ടത്തിലുമാണ് ഇരു രാജ്യങ്ങളും മുഖാമുഖം വന്നത്. 2015 ൽ ഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ബെൽജിയത്തിനൊപ്പമായിരുന്നു.