FIFA World Cup 2018;മോസ്കോ: ആവേശകരമായ ആദ്യ ദിവസത്തിന് ശേഷം ലോകകപ്പ് രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആരാധകരെ കാത്തിരിക്കുന്നത് വമ്പന്‍ പോരാട്ടങ്ങളാണ്. മൂന്ന് മത്സരങ്ങളാണ് ഇന്ന് ലോകകപ്പില്‍ അരങ്ങേറുക.
ലാറ്റിനമേരിക്കന്‍ കരുത്തരായ ഉറുഗ്വായും അട്ടിമറി ടീമാകുമെന്ന് പ്രതീക്ഷിക്കുന്ന ഈജിപ്തും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയ്ക്കാണ് മത്സരം. ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനില്‍ സെര്‍ജിയോ റാമോസിന്റെ കൈക്കളിയില് പരുക്കേറ്റ് പുറത്ത് പോയ സലാഹിന്റെ മടങ്ങിവരവ് എന്ന നിലയിലാകും ഇന്നത്തെ മത്സരം ശ്രദ്ധേയമാവുക.
പരുക്കേറ്റ സലാഹ് ലോകകപ്പില്‍ കളിക്കുമോ എന്നു വരെ സംശയമുണ്ടായിരുന്നു. എന്നാല്‍ താന്‍ കളിക്കുമെന്ന് താരം ലോകകപ്പിന് മുമ്പ് വ്യക്തമാക്കി. പക്ഷെ അപ്പോഴും ആരാധകരുടെ ആശങ്ക വിട്ടൊഴിഞ്ഞിരുന്നില്ല. ആശങ്കള്‍ക്ക് വിരാമമിട്ടുകൊണ്ട് ടീം അധികൃതര്‍ സലാഹ് കളിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സലാഹിന്റെ ജന്മദിനമാണിന്ന് എന്നതും കളിയുടെ മാറ്റ് കൂട്ടുന്നു.
28 വര്‍ഷങ്ങള്‍ക്ക് ശേഷം ഈജിപ്തിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത സലാഹിന്റെ കാലുകളിലാണ് ആ രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷയും. ലോകഫുട്ബോളില് മെസിയ്ക്കും ക്രിസ്റ്റിയാനോയ്ക്കും നെയ്മറിനും ഒപ്പം ഉയര്‍ന്നു വരുമെന്ന് പ്രതീക്ഷിക്കുന്ന താരമാണ് സലാഹ്. അതുകൊണ്ടു തന്നെ സലാഹിലായിരിക്കും ലോകത്തിന്റെ ശ്രദ്ധ. സലാഹും ഉറുഗ്വായുടെ ബാഴ്സലോണ താരം സുവാരസും നേര്‍ക്കുനേര്‍ എത്തുന്നു എന്നതും ഈ മത്സരത്തിന്റെ പ്രത്യേകതയാണ്.
ഇറാനും മൊറോക്കയും തമ്മിലാണ് ഇന്നത്തെ രണ്ടാമത്തെ മത്സരം. അടുത്ത മത്സരം പോര്‍ച്ചുഗലും സ്പെയിനുമെതിരെ ആയതിനാല്‍ ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്കാണ് കളി.
ഇന്നത്തെ ഏറ്റവും വലിയ മത്സരം രാത്രി പതിനൊന്നരയ്ക്കാണ്. ലോക ഫുട്ബോളിലെ ഏറ്റവും കരുത്തരായ ടീമുകളായ സ്പെയിനും പോര്‍ച്ചുഗലും ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കെന്ന് കണ്ടുതന്നെ അറിയണം. ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡെര്ബികളിലൊന്നായ ഐബീരിയന്‍ ഡെര്‍ബിയില്‍ കണക്കില്‍ മുമ്പില്‍ സ്പെയിനാണെങ്കിലും സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കാലുകള്‍ പറങ്കിപ്പടയ്ക്ക് പ്രതീക്ഷ നല്കുന്നു.
റയല്‍ മാഡ്രിഡ് താരങ്ങളായ ക്രിസ്റ്റ്യാനോയും സെര്‍ജിയോ റാമോസും നേര്‍ക്കുനേര്‍ എത്തുന്നു എന്നതാണ് ഈ മത്സരത്തിന്റെ മറ്റൊരു സവിശേഷത.