സംഗീത് ശേഖര്‍

FIFA World Cup 2018:  1994ലെ യുഎസ്എ ലോകകപ്പ് സൗദി അറേബ്യ തങ്ങളുടെ ആദ്യ ലോകകപ്പ് കളിക്കുകയാണ്. ആദ്യ മൽസരത്തില്‍ ഹോളണ്ടിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ മൽസരത്തില്‍ മൊറോക്കോയെ പരാജയപ്പെടുത്തി കൊണ്ട് അടുത്ത റൗണ്ടിലേക്കുള്ള പ്രതീക്ഷകള്‍ ഉണര്‍ത്തിയെടുത്ത അവര്‍ നിര്‍ണായകമായ മൂന്നാമത്തെ മൽസരത്തില്‍ ബെല്‍ജിയത്തെ നേരിടുന്നു. സൗദി അറേബ്യ ഫുട്ബോള്‍ ലോകത്തിന്‍റെ ശ്രദ്ധയിലേക്ക് തങ്ങളുടെ പേര് ഉയര്‍ത്തി കാട്ടുന്നത് ഈ മൽസരത്തിലാണ്.

മൽസരം തുടങ്ങി നാലാം മിനിറ്റില്‍ സൗദി അറേബ്യന്‍ ഹാഫില്‍ വച്ചു ബെല്‍ജിയന്‍ മിഡ് ഫീല്‍ഡ് മാസ്ട്രോ എന്‍സോ ഷിഫോയിലെക്ക് വരുന്ന ഒരു പാസ് അയാള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. പന്ത് കിട്ടുന്ന സൗദി പ്രതിരോധനിരക്കാരന്റെ പാസ് സ്വീകരിച്ചു സ്വന്തം ഹാഫില്‍ നിന്നും ഓടി തുടങ്ങുന്ന സൗദിയുടെ പത്താം നമ്പറുകാരന്‍ മിഡ് ഫീല്‍ഡര്‍. സ്വന്തം ഹാഫില്‍ വച്ചു തന്നെ രണ്ടു ബെല്‍ജിയം കളിക്കാരെ തന്‍റെ വേഗത കൊണ്ട് മറികടന്ന ശേഷം ഗോള്‍ മുഖത്തേക്കാണ് കുതിപ്പ്. ബെല്‍ജിയം കളിക്കാര്‍ അൽപം കാഷ്വലായിട്ടാണ് അയാളെ നേരിടുന്നത്. ടാക്കിളുകള്‍ തികച്ചും സാധാരണമാണ്. വേഗതക്കൊപ്പം മികച്ച നിയന്ത്രണത്തോടെ രണ്ടു ബെല്‍ജിയം ഡിഫന്‍ഡര്‍മാരെ കൂടെ മറി കടന്ന മധ്യനിരക്കാരന്റെ ഫിനിഷും ക്ലിനിക്കലായിരുന്നു. ആ ഒരൊറ്റ ഗോള്‍ സൗദി അറേബ്യയെ ലോകകപ്പിന്‍റെ നോക്ക് ഔട്ട്‌ റൗണ്ടിലേക്ക് കയറ്റി വിടുകയും ചെയ്‌തു. പ്രീ ക്വാര്‍ട്ടറില്‍ സൗദി അറേബ്യ സ്വീഡനോട് പരാജയപ്പെട്ടു പുറത്താകുന്നുണ്ടെങ്കിലും ഒവൈറാന്‍റെ ഗോള്‍ ലോകകപ്പ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞിരുന്നു. സൗദി അറേബ്യ ലോകകപ്പിന്റെ നോക്ക് ഔട്ട്‌ ഘട്ടത്തിലേക്ക് കടക്കുന്ന ആദ്യത്തെ ഗള്‍ഫ് രാജ്യം എന്ന നേട്ടവും സ്വന്തമാക്കി.

ഒരേ സമയം ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളില്‍ ഒന്നിന്റെ ഉടമയും എക്കാലത്തും അവഗണിക്കപ്പെടുന്ന ഒരു മികച്ച ഗോളിന്റെ ഉടമയും എന്ന അപൂര്‍വ സൗഭാഗ്യവും പേറിയാണ് സായിദ് അല്‍ ഒവൈറാന്‍ നില്‍ക്കുന്നത്. ലോക ഫുട്ബോള്‍ ഭൂപടത്തിലെ അപ്രശസ്‌തരായ സൗദിക്ക് വേണ്ടി കളിച്ച അയാള്‍ ലോകഫുട്ബോളിലെ മിന്നും താരമായിരുന്നില്ല എന്നതൊരു കാരണമാകാം. ആ ഗോളിന് ശേഷം ഓര്‍ത്തു വയ്‌ക്കാന്‍ ഒന്നും തന്നെയില്ല എന്നതുമാകാം കാരണം. അതെന്തായാലും ഈ മനോഹരമായ ഗോള്‍ ഒരിക്കലും അവഗണിക്കപ്പെടേണ്ടതല്ല. മറഡോണയുടെ സോളോ ഗോളുമായോക്കെ താരതമ്യം ചെയ്യപ്പെടേണ്ടത് തന്നെയാണു ഏകദേശം 70 മീറ്ററോളം പന്തുമായി ഒറ്റക്ക് കുതിച്ച ശേഷം ഒവൈറാന്‍ നേടിയ ഈയൊരു ഗോള്‍. അറേബ്യന്‍ മറഡോണ എന്ന വിളിപ്പേരിനൊപ്പം സൗദിയുടെ ദേശീയ ഹീറോ എന്ന പരിവേഷവും അയാള്‍ക്ക് കൈ വന്നിരുന്നു.

 


ഒവൈറാന്റെ ഗോള്‍

ഒവൈറാന്റെ കരിയര്‍ 94 ലെ ആ സ്വപ്‌നതുല്യ ഗോളിന് മുന്നേയും ശേഷവും എന്ന് വിഭജിച്ചു വയ്‌ക്കാനൊന്നുമില്ല.
94 ലോകകപ്പിന് ശേഷം വിദേശത്ത് നിന്നയാള്‍ക്ക് ഓഫറുകള്‍ ലഭിക്കുന്നുണ്ടെങ്കിലും രാജ്യത്തിന് പുറത്തുള്ള ക്ലബ്ബുകള്‍ക്ക് കളിക്കാന്‍ പാടില്ലെന്ന നിയമം അയാള്‍ക്ക് വിനയായി. പെട്ടെന്ന് കൈ വന്ന പ്രശസ്‌തി അയാളെ വഴി തെറ്റിക്കുക തന്നെ ചെയ്‌തു. മദ്യപാനവും കൂട്ടുകെട്ടുകളും അയാളെ കൊണ്ട് ചെന്നെത്തിച്ചത് സൗദി ജയിലിലാണ്. ഫുട്ബോളില്‍ നിന്നും ഒരു വര്‍ഷത്തെ വിലക്ക് കൂടെയായപ്പോള്‍ അയാളുടെ കഥ മുടിയനായ പുത്രന്റേത് തന്നെയായിരുന്നു. നാലു കൊല്ലത്തിനു ശേഷം അയാള്‍ ഫ്രാന്‍സ് ലോകകപ്പില്‍ എത്തുന്നുണ്ട്. പക്ഷെ അയാളൊരിക്കലും പഴയ ഒവൈറാനായിരുന്നില്ല. സായിദ് ഒവൈറാന്‍ എന്ന ഫുട്ബോളര്‍ 94 ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരെ അഞ്ചാം മിനിറ്റിലാണ് ഉദിച്ചുയരുന്നത്, നിര്‍ഭാഗ്യവശാല്‍ അയാളുടെ അസ്‌തമനവും അതെ മിനിറ്റില്‍ തന്നെയായിരുന്നു. ഓര്‍മയില്‍ എന്നും സൂക്ഷിച്ചു വയ്‌ക്കേണ്ടൊരു ഗോള്‍ ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് നല്‍കിയ ശേഷം സായിദ് ഓര്‍മകളില്‍ നിന്ന് പോലും മാഞ്ഞു പോയി. എന്നിട്ടും ഓരോ നാല് കൊല്ലത്തിനു ശേഷവും ലോകകപ്പ് വന്നടുക്കുമ്പോള്‍ അയാളുടെ ഈ ഐതിഹാസിക ഗോള്‍ സ്‌മരിക്കപ്പെടും.

ആരവങ്ങളൊഴിഞ്ഞ പില്‍ക്കാലത്ത് തന്‍റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുന്ന ഒവൈറാന്‍ ഇരുതലമൂര്‍ച്ചയുണ്ടായിരുന്ന വാള്‍ എന്നാണു ആ ഗോളിനെ വിശേഷിപ്പിച്ചത്. ഒരൊറ്റ നിമിഷം കൊണ്ടയാളെ ലൈം ലൈറ്റിലേക്ക് കൊണ്ടുവന്ന ആ ഗോള്‍ ആത്യന്തികമായി അയാള്‍ക്ക് വിനയാകുകയും ചെയ്‌തിരുന്നു. തനിക്കാ ഗോള്‍ കണ്ടു മടുത്തു കഴിഞ്ഞെന്നു വരെ ഒവൈറാന്‍ പറയുന്നുണ്ടെങ്കിലും സൗദി ആരാധകര്‍ക്ക് ആ ഗോള്‍ ഒരിക്കലും വിസ്മ്‌മരിക്കാനാകാത്ത ഒരദ്ധ്യായമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ