FIFA World Cup 2018: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. റഷ്യൻ ലോകകപ്പിന്റെ വിസിലുകള്‍ മുഴങ്ങി. ടൂർണമെന്റിലെ മികച്ച ടീം, ഓരോ ടീമിന്റെയും സാദ്ധ്യതകൾ, ബ്രസീലോ അർജന്റീനയോ ഇത്തവണ കപ്പ് നേടുക, തുടങ്ങി പതിവ് ചർച്ചകൾ ഒക്കെയും തുടരുന്നു. നെയ്മർ, മെസ്സി, റൊണാൾഡോ, ഗ്രീസ്‌മാൻ, തുടങ്ങിയ സൂപ്പർ താരങ്ങൾ തങ്ങളുടെ ടീമുകൾക്കായി നടത്താന്‍ പോകുന്ന പ്രകടനത്തിന്റെ പ്രതീക്ഷയിലാകും ആരാധകരൊക്കെയും. എന്നാൽ ഓരോ ലോകകപ്പും സമ്മാനിക്കുന്നത് ഒരുപിടി പുത്തൻ താരോദയങ്ങളെയാണ്. അതിന്റെ കൂടി ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകവും. വലിയ വേദിയിൽ തങ്ങളുടെ പ്രതിഭ അനാവരണം ചെയ്യുന്നവർ. ഡോണോവനും ഹേമസ് റോഡ്രിഗസ്, മരിയോ ഗോട്സെ തുടങ്ങിയവരുടെ പിന്മുറക്കാരനായി റഷ്യയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേര് ആരുടേതാകും എന്ന ചോദ്യത്തിനോടൊപ്പം തന്നെ ശ്രദ്ധ തിരിയുന്നത് കിലിയൻ എംബാപ്പെയെന്ന ഫ്രഞ്ച് താരത്തിലേക്കാണ്.

ഫുട്ബോള്‍ ചര്‍ച്ചകളില്‍ ഇതിനോടകം തന്നെ പേരുകേട്ട താരമാണ് എംബപ്പേ. ക്ലബ് തലത്തിലുള്ള മിന്നുന്ന പ്രകടനങ്ങള്‍. ഫ്രഞ്ച് ലീഗിൽ എസ് മൊണോക്കോയിൽ നിന്നും വൻ ട്രാൻസ്ഫർ തുകയ്‌ക്ക് (ഒരു സീസൺ ലോൺ, അതിനുശേഷം വാങ്ങുക) ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെന്റ്‌ ജര്‍മെയ്ൻ പാളയത്തിലേക്ക് എത്തിയയാള്‍. റഷ്യയിൽ തന്റെ ആദ്യ ലോകകപ്പ് ടൂർണമെന്റിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന എംബാപ്പെയ്‌ക്ക് പത്തൊമ്പത് വയസ്സ് മാത്രമാണ് പ്രായം !

ലോകകപ്പിൽ ബൂട്ടുകെട്ടും മുൻപേ തന്നെ എംബാപ്പെ ഒരു താരമായിക്കഴിഞ്ഞു. 2015 ൽ പതിനാറാം വയസ്സിൽ മൊണാകോയുടെ ഫസ്റ്റ് ടീമിനായി അരങ്ങേറി. അവരുടെ ഫസ്റ്റ് ടീമിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ പഴങ്കഥയാക്കിയത് സാക്ഷാൽ തിയറി ഹെൻറിയുടെ ഇരുപത്തിയൊന്ന് വർഷങ്ങൾ നീണ്ടുനിന്ന റെക്കോർഡ്. അടുത്ത സീസണിൽ ട്രോയെസിനെതിരെ തന്റെ മൊണാക്കോ ജഴ്‌സിയിലുള്ള ആദ്യ ഗോൾ നേടി, ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ എന്ന ഹെൻറിയുടെ നേട്ടവും സ്വന്തം പേരില്‍ തിരുത്തി. പതിനെട്ടാം വയസ്സിൽ ഫ്രഞ്ച് ദേശീയ ടീമിനായി ബൂട്ടുകെട്ടിയ എംബാപ്പെ ഫ്രഞ്ച് ദേശീയ ടീമിനായി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരവുമാണ്. 2017 സീസണിൽ മൊണാകോയുമായി ലീഗ് 1 കിരീടം നേടിയപ്പോൾ 15 ഗോളുകൾ നേടിയ എംബാപ്പെയുടെ പ്രകടനം നിർണായകമായി. മികച്ച പ്രകടനങ്ങൾക്കുള്ള അംഗീകാരമായി മികച്ച യുവതാരത്തിനുള്ള ഗോൾഡൻ ബോയ് പുരസ്കാരവും എംബാപ്പെയെ തേടിയെത്തി.

 

കേവലം ഒരു സീസണിന്റെ പ്രകടനം മാത്രം കൊണ്ട് ഈ കൗമാരക്കാരന് വേണ്ടി 180 മില്യൺ യൂറോയോളം മുടക്കിയ പിഎസ്ജിയുടെ നീക്കത്തിൽ നെറ്റിചുളിച്ചവരാണ് അധികവും. എന്നാൽ പിഎസ്ജിക്കായി 44 മൽസരങ്ങളിൽ നിന്നും 21 ഗോളുകൾ നേടി, താൻ ഒരൊറ്റ സീസണിന്റെ അത്ഭുതമല്ല എന്ന് എംബാപ്പെ തെളിയിച്ചു.

റഷ്യയിലേക്കുള്ള ഫ്രഞ്ച് സ്ക്വാഡില്‍ എംബാപ്പെയെ പരിഗണിക്കുന്നത് ഒരു അവിഭാജ്യ ഘടകമായാണ്. കിരീടം നേടാൻ ഏറെ സാധ്യത കൽപിക്കപെടുന്ന ടീമുമായാണ് ഇത്തവണ ഫ്രാൻസ് ഇറങ്ങുന്നത്. കളിയുടെ സമസ്‌ത മേഖലകളിലും എണ്ണംപറഞ്ഞ താരങ്ങള്‍. എന്‍ഗോളോ കാന്റെ, പോള്‍ പോഗ്ബ, ആന്റോണിയോ ഗ്രീസ്‌മാൻ, ഒസ്‌മാന്‍ ഡെമ്പല്ലെ, എംബപ്പേ എന്നിവരെല്ലാം യൂറോപ്പിലെ മുന്നിര ക്ലബ്ബുകളില്‍ മിന്നും പ്രകടനങ്ങള്‍ നടത്തുന്നവര്‍. മാർഷ്യലും ലക്കസാട്ടെയടങ്ങുന്ന അനുഭവസ്ഥരായ താരങ്ങളെ അന്തിമ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയാണ് എംബാപ്പെയെ പോലെ ഒരു തുടക്കക്കാരനെ ഫ്രാന്‍സ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തുന്നത് എന്നത് കൗമാരക്കാരനില്‍ കോച്ച് അർപ്പിക്കുന്ന വിശ്വാസമാണ്. കൗമാരക്കാരനെങ്കിലും കളിക്കളത്തിൽ അയാൾ പുലർത്തുന്ന ശാന്തതയെയും പ്രായത്തിലും കവിഞ്ഞ പക്വതയെയും ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംസ് അഭിനന്ദിക്കുന്നുണ്ട്. ടീമിന് ഒരു മുതല്‍കൂട്ടാണ് എംബാപ്പെ എന്ന് കണക്കാക്കുന്നുണ്ട്.

സാക്ഷാൽ തിയറി ഹെൻറിയോട് അസാമാന്യ സാമ്യമുള്ള ശൈലിയാണ് എംബാപ്പെയുടേത്. വേഗം, പന്തടക്കം, ഡ്രിബ്ലിങ്, ബോക്‌സിനുള്ളിൽ മികച്ച ഡിസിഷൻ മേക്കിങ്, പൊസിഷനിങ്, ഗോളിന് മുൻപിലെ ശാന്തത, ഇതെല്ലാം സമന്വയിച്ച കളിക്കാരനാണ് എംബാപ്പെ. പന്തുമായി ചാട്ടുളിപോലെ കുതിക്കുന്ന അയാള്‍ എതിർ പ്രതിരോധ താരങ്ങളെ ഡ്രിബ്ലിങ്ങില്‍ മറികടന്ന് മനോഹരമായ ഫിനിഷുകള്‍ കണ്ടെത്തും. ഏറ്റവും നല്ല പൊസിഷനിൽ ഉള്ള സഹതാരത്തിനു പന്ത് മറിച്ചു നൽകും. ചില സമയങ്ങളില്‍ ഹെൻറിയെന്ന മാന്ത്രികനെ അനുസ്‌മരിപ്പിക്കും.

വലതു വിങ് /സ്‌ട്രൈക്കർ പൊസിഷനുകളില്‍ ആണ് പ്രധാനമായും കളിക്കുന്നത് എങ്കിലും ഇരു വിങ്ങിലും ഒരുപോലെ തിളങ്ങാനുള്ള ഫുട്ട്‌വര്‍ക്ക് അയാളുടെ സാധ്യതകള്‍ കൂട്ടുന്നു. കാന്റെ, പോഗ്ബ, ഡെമ്പല്ലെ, തുടങ്ങിയവരുമായി മികച്ചൊരു പങ്കാളിത്തം കെട്ടിപ്പടുക്കുമെങ്കില്‍ അവസരത്തിനൊത്ത് ഉയരാന്‍ എംബാപ്പെയ്‌ക്കാവും. ഗ്രീസ്‌മാൻ, ജിറൂഡ് എന്നിവരുടെ അനുഭവസമ്പത്തിനെ സ്ട്രൈക്കര്‍ പൊസിഷനില പരിഗണിക്കുമ്പോള്‍ വലതു വിങ്ങില്‍ മുന്നേറ്റത്തിന് വേഗത കൂട്ടുക എന്നതാകും എംബാപ്പെയുടെ ദൗത്യം. 2018 മുതൽ ഇതുവരെക്കും ദേശീയ ടീമിനായി കളിച്ച പതിനഞ്ച് കളികളില്‍ നിന്നും നാല് ഗോളുകൾ സ്വന്തമാക്കാനും ആയി എന്നത് എംബാപ്പെയുടെ സ്ഥിരതയെ സൂചിപ്പിക്കുന്നു.

ടീമിന്റെ പത്താം നമ്പർ ജഴ്‌സി തനിക്ക് നേരെ വച്ചു നീട്ടിയ കോച്ച് ദെഷാംസിന്റെ തീരുമാനത്തോട് നീതിപുലർത്തുന്ന പ്രകടനം എംബാപ്പെയിൽ നിന്നും പ്രതീക്ഷിക്കാം. പ്രായം പ്രതിഭയ്‌ക്ക് തടസ്സമല്ല എന്നിരിക്കെ തന്റെ മിന്നും ഫോം ലോകകപ്പിലും ആവർത്തിക്കാൻ എംബാപ്പെയ്‌ക്ക് കഴിയണം. തിയറി ഹെന്‍‌റിയും ലില്ലിയന്‍ തുറാമും സിദാനും അത്ഭുതമായ ഫ്രഞ്ച് ലോകകപ്പ് പോരാട്ടങ്ങളുടെ ഇതിഹാസത്തിലേക്ക് തന്റെ പേരും ചേര്‍ത്തുവയ്‌ക്കാന്‍ ഈ യുവതുര്‍ക്കി പോരാടും. കിലിയൻ എംബാപ്പെ മൈതാനത്തിലിറങ്ങുന്നത് റഷ്യന്‍ ലോകകപ്പിന്റെ ഉദയമാകാന്‍ തന്നെയാകും !

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ