FIFA World Cup 2018: ആവേശത്തിന് ഒരു കുറവും വരുത്തില്ലെന്ന് തെളിയിച്ചു റഷ്യ. ഇതുവരെ കളിച്ച എല്ലാ കളികളിലും വമ്പന്മാരെ വെള്ളംകുടിപ്പിച്ച കുഞ്ഞൻ ടീമുകൾ ഫുട്ബോൾ ആരാധകരെ അമ്പരപ്പിച്ചു. ഒരു ടീമെങ്കിലും ഗോളടിക്കാതെ അവസാനിച്ച ഒറ്റ മത്സരവും ഇതുവരെ ഉണ്ടായില്ലെന്നത് ലോകകപ്പിനെ സമ്പന്നമാക്കി.

ഗ്രൂപ്പ് തലത്തിലെ ആദ്യ ഘട്ടം കഴിഞ്ഞപ്പോൾ അർജന്റീനയും സ്പെയിനും ബ്രസീലും സമനിലയിൽ പെട്ടു. നിലവിലെ ചാമ്പ്യന്മാരായ ജർമ്മനിയാകട്ടെ മെക്സിക്കോയ്ക്ക് മുന്നിൽ തോറ്റു പത്തി താഴ്ത്തി.

അക്ഷരാർത്ഥത്തിൽ ഗോൾ വേട്ട നടത്തിയ ആതിഥേയരായ റഷ്യ, രണ്ട് മത്സരത്തിൽ നിന്ന് മാത്രം എട്ട് ഗോളുകളാണ് അടിച്ചു കൂട്ടിയത്. സൗദി അറേബ്യക്കെതിരെ ആദ്യ മത്സരത്തിൽ അഞ്ചും ഈജിപ്തിനെതിരെ മൂന്നും ഗോളടിച്ച റഷ്യ ആകെ വഴങ്ങിയത് ഒരൊറ്റ ഗോളാണ്. അതും ഈജിപ്തിനെതിരായ മത്സരത്തിൽ.

അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡൊയുടെ പോർച്ചുഗലും, കരുത്തരായ സ‌്പെയിനും തമ്മിൽ പോരടിച്ച മത്സരത്തിലാണ് ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്നത്. ഇരുപക്ഷവും മൂന്ന് ഗോൾ വീതം നേടിയ മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ ഹാട്രിക് നേട്ടം ഇത്തവണത്തെ ആദ്യത്തെ ഹാട്രിക്കുമായി.

റഷ്യൻ ലോകകപ്പിലെ ആദ്യ റൗണ്ടിലെ മികച്ച അഞ്ച് ഗോളുകളാണ് ഇവിടെ.

1. ക്രിസ്റ്റ്യാനോ റൊണാൾഡൊ. പോർച്ചുഗൽ vs സ്പെയിൻ

നിങ്ങളുടെ ടീം ഗോൾ നിലയിൽ 3-2 ന് പിന്നിൽ നിൽക്കുകയും, ഒപ്പമെത്താൻ അസുലഭ മുഹൂർത്തമെന്ന നിലയിൽ ഫ്രീ കിക്ക് ലഭിക്കുകയും ചെയ്താൽ നിങ്ങൾ നിങ്ങളുടെ ഏറ്റവും മികച്ച താരത്തെ തന്നെ രംഗത്തിറക്കും. അതാണ് റഷ്യയിൽ കണ്ടതും. സ്പെയിനിനെതിരെ 3-2 ന് പിന്നിൽ നിന്ന പോർച്ചുഗൽ വീണു കിട്ടിയ ഫ്രീ കിക്കിനെ തുറുപ്പുഗുലാനായി കണ്ടു. ക്രിസ്റ്റ്യാനോ തൊടുത്ത കിക്ക് ലോകം കണ്ണുമിഴിച്ചാണ് നോക്കി നിന്നത്. അയാളുടെ കാലുകൾക്ക് പിഴച്ചില്ല. ആർച് പോലെ വളഞ്ഞ് ആ കിക്ക് വലയിൽ വീണതോടെ സ്പെയിനിന്റെ വിജയസ്വപ്നങ്ങളും അസ്തമിച്ചു.

2. ഡ്രെയിസ് മെർട്ടൻസ്. ബെൽജിയം VS പനാമ

ലോകകപ്പിൽ ആദ്യമായി ബൂട്ടണിഞ്ഞ പനാമയ്ക്ക് എതിരെ ആദ്യ പകുതിയിൽ തങ്ങളുടെ വീര്യം പുറത്തെടുക്കാൻ ബെൽജിയം താരങ്ങൾക്കായില്ല. പക്ഷെ ആദ്യ പകുതിയിലെ പ്രകടനത്തിലെ പിന്നോട്ട് പോക്കിന് രണ്ടാം പകുതിയിൽ എണ്ണം പറഞ്ഞ മൂന്ന് ഗോളുകൾ കൊണ്ട് പ്രായശ്ചിത്തം ചെയ്തു ബെൽജിയം. അതിൽ പിറന്ന ആദ്യ ഗോൾ ബെൽജിയത്തിന്റെ കരുത്തിനെ, കളിമികവിനെ അടയാളപ്പെടുത്തുന്നതായി. ഗോൾ ബോക്സിന്റെ വലതുമൂലയിൽ നിന്ന് ഡ്രയിസ് മെർട്ടൻസ് തൊടുത്ത വലംകാൽ ഷോട്ട് ഗോളിയുടെ തലയ്ക്ക് മുകളിലൂടെ വലയിൽ.

3. ഫിലിപ്പ് കൊട്ടിഞ്ഞൊ. ബ്രസീൽ VS സ്വിറ്റ്സർലന്റ്

വിജയമുറപ്പിച്ചാണ് ബ്രസീൽ കളിക്കളത്തിലിറങ്ങിയത്. ആരാധകർ പ്രതീക്ഷിച്ചത് വിജയത്തിലും കൂടുതലായിരുന്നു. ആ പ്രതീക്ഷകൾ വാനോളമുയർത്തിയ തകർപ്പൻ ഗോളാണ് ഫിലിപ്പ് കൊട്ടിഞ്ഞോയുടെ ബൂട്ടിൽ നിന്ന് പിറന്നത്. പക്ഷെ ആ മികവ് പിന്നീട് കണ്ടില്ല. അത് മാത്രമല്ല, സ്വിറ്റ്സർലന്റ്, തങ്ങൾക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്ക് വലയിലാക്കുകയും ചെയ്തു. സ്വിറ്റ്സർലന്റിന്റെ ഗോൾ ബോക്സിനകത്ത് 20ാം മിനിറ്റിൽ ഉണ്ടായിരുന്നത് മാർസെലോയും നെയ്മറുമായിരുന്നു. മാർസെലോ നെയ്മർക്ക് നൽകിയ ക്രോസ് ഹെഡ് ചെയ്ത് അകറ്റിയ സ്വിസ് പ്രതിരോധ താരത്തിന് പക്ഷെ ആശ്വസിക്കാൻ ഒന്നും അവശേഷിച്ചില്ല. ഉയർന്നുതാഴ്ന്ന പന്ത് കൃത്യമായി കൊട്ടിഞ്ഞോയുടെ കാലിൽ. വെടിയുണ്ട പോലെ പറന്ന പന്ത് വല കുലുക്കിയത് സെക്കന്റുകൾ പോലും എടുക്കാതെയാണ്.

4. അലക്‌സാണ്ടർ കൊളറോവ്. കോസ്റ്ററിക്ക VS സെർബിയ

പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റാണാൾഡോ മാത്രമല്ല, ഈ ലോകകപ്പിൽ ലഭിച്ച ഫ്രീ കിക്ക് കൃത്യമായി ഗോൾ വലയിലെത്തിച്ച ക്യാപ്റ്റൻ. സെർബിയ ടീമിന്റെ നായകൻ അലക്സാണ്ടർ കൊളറോവാണ് കോസ്റ്ററിക്കയെ വെളളംകുടിപ്പിച്ച ഗോളടിച്ചത്. 54ാം മിനിറ്റ് വരെ ഗോൾരഹിത സമനിലയിലായിരുന്ന മത്സരത്തിൽ അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് വലയിലാക്കിയാണ് കൊളറോവ് സ്വന്തം ടീമിനെ വിജയത്തിലെത്തിച്ചത്.

5. ജുവാൻ ക്വിന്ററോ. കൊളംബിയ VS ജപ്പാൻ

കഴിഞ്ഞ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയ ജെയിംസ് റോഡ്രിഗസ് ഇല്ലാതെയാണ് കൊളംബിയ ഏഷ്യൻ ടീമായ ജപ്പാനെതിരെ അണിനിരന്നത്. വിജയമുറപ്പിച്ചിരുന്നെങ്കിലും വലിയൊരു അട്ടിമറിയായിരുന്നു മത്സരത്തിൽ നടന്നത്. ഒരു ദക്ഷിണ അമേരിക്കൻ രാജ്യത്തെ, ഏഷ്യൻ ടീമിനെ പരാജയപ്പെടുത്തുന്ന കാഴ്ചയ്ക്ക് റഷ്യ കാണിയായി. ജുവാൻ ക്വിന്ററോ നേടിയ ഒരു ഗോൾ കൊളംബിയയെ രക്ഷിച്ചില്ലെങ്കിലും ഇതുവരെ ലോകകപ്പ് കണ്ട മികച്ച ഗോളുകളിൽ ഒന്നായി അത് മാറി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ