FIFA World Cup 2018: മോസ്‌കോ: തങ്ങളുടെ പോരാട്ട വീര്യം കൊണ്ട് വിറപ്പിച്ച ജപ്പാനെ ക്ലാസുകൊണ്ടായിരുന്നു ബെല്‍ജിയം മറി കടന്നത്. ആദ്യ പകുതിയില്‍ ഗോളൊന്നും വിഴാതെ നിന്ന മൽസരത്തില്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ച് ജപ്പാന്‍ മുന്നിലെത്തുകയായിരുന്നു. 70 മിനിറ്റിന് ശേഷമായിരുന്നു ബെല്‍ജിയം രണ്ട് ഗോളടിച്ച് ഒപ്പമെത്തുന്നത്. ഒടുവില്‍ 94-ാം മിനിറ്റില്‍ വിജയ ഗോളുമടിച്ച് ബെല്‍ജിയം ക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു.
നാസര്‍ ചാഡ്‌ലിയാണ് ബെല്‍ജിയത്തിന്റെ വിജയ ഗോള്‍ നേടിയത്. പക്ഷെ ആ ഗോളിന്റെ ക്രെഡിറ്റ് മുഴുവന്‍ പോകുന്നത് സൂപ്പര്‍ സ്‌ട്രൈക്കര്‍ ലുകാക്കുവിനാണ്. ലോകകപ്പിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നാണ് ലുകാക്കു ഇന്നലെ കളി കണ്ടവര്‍ക്ക് സമ്മാനിച്ചത്. ജപ്പാന്‍ പ്രതിരോധത്തെ കാഴ്‌ചക്കാരാക്കി മാറ്റി ലുകാക്കു നല്‍കിയ ഡമ്മി പാസിലാണ് ചാഡ്‌ലി ഗോളടിച്ചത്.
സ്വന്തം പകുതിയില്‍ നിന്നും ലഭിച്ച പന്തുമായി ഡിബ്രുയിന്‍ കുതിക്കുമ്പോള്‍ ലുകാലു ഡിബ്ര്യുയിന്റെ വലതു ഭാഗത്തായിരുന്നു. തന്നെ ജപ്പാന്‍ പ്രതിരോധം മാര്‍ക്ക് ചെയ്‌തെന്ന് വ്യക്തമായ ലുകാക്കു അവരെ തനിക്കൊപ്പം കൊണ്ടുവരാനായി മധ്യത്തിലേക്ക് ഓടിക്കയറി. ഇതോടെ ജപ്പാന്റെ രണ്ട് താരങ്ങളും ലുകാക്കുവിനെ പിന്തുടര്‍ന്നു. എന്നാല്‍ ഇതേസമയം, വലതു വിങ്ങിലൂടെ എത്തിയ മുയിനര്‍ക്ക് ഡിബ്രുയിന്റെ പാസ്.
മുയിനര്‍ വീണ്ടും പന്ത് ലുകാക്കുവിലേക്ക് പാസ് ചെയ്‌തു. എന്നാല്‍ തനിക്ക് ഇടവും വലവും ജപ്പാന്‍ താരങ്ങളുള്ളതിനാല്‍ പന്ത് റിസീവ് ചെയ്യാതെ കാലുയര്‍ത്തി അതിനെ പിന്നിലേക്ക് കടത്തി വിടുകയായിരുന്നു ലുകാക്കു. ജപ്പാന്‍ പ്രതിരോധത്തേയും ഗോളിയേയും ഒരുപോലെ കബളിപ്പിച്ച നിമിഷം. പന്ത് നേരെ ചാഡ്‌ലിയുടെ കാലിലേക്ക്. ചാഡ്‌ലി അത് കൃത്യമായി ജപ്പാന്റെ വലയിലേക്ക് തിരിച്ചു വിടുകയും ചെയ്‌തു. എല്ലാം ശുഭം.
ലുകാക്കുവിന്റെ ഡമ്മി പാസ് സോഷ്യല്‍ മീഡിയയാണ് റിപ്ലേകളില്‍ നിന്നും കണ്ടെത്തിയത്. ലുകാക്കുവിന്റെ മൈന്‍ഡ് ഗെയിമിനും അവസരോചിതമായ ഇടപെടലിനും സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയായിരുന്നു.
Just look at Lukaku's movement… 2 defenders nullified in that attack thanks to him. I salute #mufc pic.twitter.com/diFUdC3fAa
— Chuma Hwai Mukuruvambwa (@263MJ) July 2, 2018