FIFA World Cup 2018; വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മൈതാനത്ത് മറുപടി നല്‍കി കൊണ്ട് മിശിഹ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. നിർണായക മൽസരത്തില്‍ നൈജീരിയയെ 2-1 ന് പരാജയപ്പെടുത്തി മെസിയും സംഘവും പ്രീ ക്വാർട്ടറിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ്. ആധികാരികമായിരുന്നു അര്‍ജന്റീനയുടെ വിജയം. ആദ്യ രണ്ട് മൽസരങ്ങളിലും കാണാതെ പോയ ആത്മവിശ്വാസവും ഒത്തിളക്കവും അവരുടെ കളിയിലുണ്ടായിരുന്നു.

ആദ്യ പകുതിയില്‍ മെസി നേടിയ ഗോളുമായി മുന്നിട്ടു നിന്ന അര്‍ജന്റീന മോസസിന്റെ ഗോളോടെ സമനിലയില്‍ കുരുങ്ങി പുറത്തു പോകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് മാര്‍ക്കസ് റോഹോയിലൂടെ വിജയം കൈവരിച്ചത്. മൽസരത്തിലുടനീളം ആക്രമിച്ചു കളിച്ചാണ് അര്‍ജന്റീന ജയിച്ചു കയറിയത്. നാടകീയമായിരുന്നു അവരുടെ പ്രകടനം. മൽസരത്തിന്റെ രണ്ടാം പകുതി ആരംഭിക്കും മുമ്പ് ടണലില്‍ വച്ച് മെസി മറ്റുളളവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന്റെ വീഡിയോയും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ മെസി തങ്ങളോട് എന്താണ് പറഞ്ഞതെന്ന് വിജയ ശില്‍പ്പിയായ റോഹോ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. മൽസരശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു റോഹോയുടെ വെളിപ്പെടുത്തല്‍.

‘ഇടവേളയ്‌ക്കിടെ മെസി ഞങ്ങളോട് പറഞ്ഞു, ഇത് ജീവിതമോ മരണമോ ആണ്. അതുകൊണ്ട് തളരരുത്. സമ്മർദ്ദത്തിലാവരുത്. ഗോള്‍ നേടുകയെന്നത് എല്ലാവരുടേയും ഉത്തരവാദിത്വമാണ്, അതിനാല്‍ ഒരു താരവും ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കരുത്, പരമാവധി ലക്ഷ്യത്തിലേക്ക് നിങ്ങള്‍ ഷോട്ടുകള്‍ പായിക്കണം, ഏത് പൊസിഷനില്‍ കളിക്കുന്ന താരമാണെങ്കിലും ഗോള്‍ ശ്രമത്തില്‍ നിന്നും വിട്ടുനില്‍ക്കരുത്, മഷറാനോയും ഇതുതന്നെയാണ് പറഞ്ഞത്. എന്തു സംഭവിച്ചാലും ആക്രമിക്കണം,’ റോഹോ പറഞ്ഞു.

‘കളിയേയും അതിലെ റിസ്‌കിനേയും അദ്ദേഹം വായിച്ചെടുത്തിരുന്നു. അതിനാലാണ് മൽസരം അതിന്റെ അവസാന മിനിറ്റുകളിലെത്തുമ്പോള്‍ എനിക്ക് ലഭിച്ച പന്തില്‍ താന്‍ ഗോളിന് ശ്രമിച്ചത്, മെസിയുടെ വാക്കുകളായിരുന്നു ഇതിന് എനിക്ക് പ്രചോദനമായത്” റോഹോ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook