ഈ ലോകകപ്പ് ആരുടേതാകും? മലയാളക്കരയിലടക്കം ലോകമാകെ മെസിയെ സ്‌നേഹിക്കുന്ന വലിയൊരു വിഭാഗം ആളുകളും ആ കപ്പ് അയാൾ ഏറ്റുവാങ്ങുന്നത് കാണാൻ മാത്രം ആഗ്രഹിക്കുന്നതാണ്. പക്ഷെ, അതിന് മുകളിൽ വീണ കരിനിഴലായിരുന്നു ഐസ്‌ലൻഡിനെതിരായ സമനിലയും ക്രെയേഷ്യക്കെതിരായ തോൽവിയും.

മെസിപ്പടയെ തോൽപ്പിക്കുമെന്നും ഗോളടിക്കുമെന്നും ഉറപ്പിച്ചാണ് നൈജീരിയൻ സംഘം ഇന്നലെ കളിക്കാനിറങ്ങിയത്. അർജന്റീനയുടെ ആരാധകർക്ക് ജയിക്കുമെന്ന ഉറപ്പ് തീരെയില്ലായിരുന്നു.

പക്ഷെ, മെസി പറഞ്ഞത് അങ്ങിനെയല്ല. തനിക്കും ടീമിനും ഇന്നലത്തെ കളി ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നാണ് മെസി പറഞ്ഞത്.

“ഞങ്ങൾ ജയിക്കുമെന്ന് ഞങ്ങൾക്കുറപ്പായിരുന്നു. ദൈവത്തിന്റെ സഹായമുണ്ടാകുമെന്നും എല്ലാം നന്നായി വരുമെന്നും ഞങ്ങൾ ഓരോരുത്തരും ഉറച്ചു വിശ്വസിച്ചു. എന്നാൽ ആ സമനില ഗോൾ, അത് ഞങ്ങൾ തീരെ പ്രതീക്ഷിച്ചതായിരുന്നില്ല. എങ്കിലും അവസാനം ഞങ്ങളാഗ്രഹിച്ചത് പോലെ തന്നെ എല്ലാം നടന്നു,” മെസി ഇന്നലെ കളിക്ക് ശേഷം പറഞ്ഞു.

ഐസ്‌ലൻഡിനെതിരായ മൽസരത്തിൽ നൈജീരിയ 2-0 ന് വിജയിച്ചത് അനുകൂലമായെന്നും മെസി പറഞ്ഞു. “ആദ്യ രണ്ട് മൽസരങ്ങളും ഞങ്ങൾക്ക് ജയിക്കാൻ സാധിച്ചില്ല. അപ്പോഴാണ് ഐസ്‌ലൻഡ്, നൈജീരിയയോട് 2-0 ന് തോൽക്കുന്നത്. ആകാശത്ത് നിന്നും ഒരവസരം ഞങ്ങൾക്ക് വീണുകിട്ടിയതായാണ് ഞങ്ങൾ കരുതിയത്.  അത് നഷ്‌ടമാകില്ലെന്നും ഞങ്ങൾക്കുറപ്പായിരുന്നു,” അദ്ദേഹം ഒരു അർജന്റീനൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.

വ്യക്തിപരമായി എന്ത് തോന്നുന്നുവെന്ന ചോദ്യത്തിന് മെസിയുടെ മറുപടി ഇങ്ങനെ: “ഞാൻ നന്നായിരിക്കുന്നു. സന്തോഷമുണ്ട്. ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നെങ്കിൽ അത് വളരെയേറെ വേദനിപ്പിച്ചേനെ,” അദ്ദേഹം പറഞ്ഞുനിർത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ