Fifa World Cup 2018 : ഓസ്ട്രേലിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പെറു. കറിലോയും നായകന്‍ ഗുവേരേരോയും നേടിയ ഗോളുകളുടെ മികവിലാണ് പെറുവിന്റെ വിജയം.
മുപ്പത്തിയഞ്ച് വര്‍ഷത്തിന് ശേഷം ലോകകപ്പിലേക്ക് യോഗ്യത നേടിയ പെറുവിന് ഒരു വിജയമെങ്കിലും അനിവായമായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഡെന്മാര്‍ക്ക് ഫ്രാന്‍സിനോട് പരാജയപ്പെടുകയും ഗോള്‍ വ്യത്യാസത്തില്‍ തങ്ങള്‍ക്ക് പിന്നില്‍ നില്‍ക്കുകയും ചെയ്യുകയാണ് എങ്കില്‍ ഓസ്ട്രേലിയയ്ക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കാം.
4-2-3-1 എന്ന ഫോര്‍മേഷനില്‍ ഇറങ്ങിയ ഇരു ടീമുകളുടെയും റഷ്യന്‍ ലോകകപ്പിലെ റെക്കോര്‍ഡുകളും സമാനമാണ്. കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് പെറു ഇറങ്ങിയത് എങ്കില്‍ ഓസ്ട്രേലിയന്‍ നിരയില്‍ ആന്‍ഡ്രൂ നബൗട്ടിന് പകരം ടോം ജ്യൂറിക്കിന് ഇടംലഭിച്ചു.
തുടക്കത്തില്‍ ആക്രമിച്ച് മുന്നേറിയത് ഓസ്ട്രേലിയയാണ്. പതിനെട്ടാം മിനുട്ടില്‍ ഓസ്ട്രേലിയയെ ഞെട്ടിച്ചുകൊണ്ട് പെറുവിന്റെ കറിലോ സ്കോര്‍ ചെയ്യുന്നു. ഇടത് വിങ്ങില്‍ നടന്ന മുന്നേറ്റം വലത് വിങ്ങിലുള്ള കറിലോയിലേക്ക് ക്രോസ് ആയി പിറന്നു. കാറിലോയുടെ വോളി രണ്ട് പ്രതിരോധ താരങ്ങളെയും ഓസ്ട്രേലിയന്‍ ഗോള്‍കീപ്പറേയും മറികടന്ന് പോസ്റ്റിലേക്ക് !
Read More : Fifa World Cup 2018 : കൊക്കെയ്‌നും, മഞ്ഞുമലയിലെ പ്രേതങ്ങളും; പെറു നായകന്റെ റഷ്യൻ യാത്ര
ഒരു ഗോളിന് പിന്നിലായെങ്കിലും ഓസ്ട്രേലിയന്‍ ആക്രമത്തിന്റെ മൂര്‍ച്ച കുറഞ്ഞില്ല. ആദ്യ പകുതിയില്‍ ആക്രമിച്ച് കളിച്ച ഓസ്ട്രേലിയക്ക് ഇരട്ടി പ്രഹരമായിക്കൊണ്ട് രണ്ടാം പകുതിയുടെ അഞ്ചാം മിനുട്ടില്‍ പെറു നായകന്റെ ഗോള്‍. കുവേവയുടെ പാസ് കൈപ്പറ്റിയ ഗുവെരേരോ ഓസ്ട്രേലിയന്‍ ഗോളിയെ മറികടന്ന് പന്ത് ലക്ഷ്യത്തിലെത്തിച്ചതോടെ പെറു ആദ്യ വിജയത്തിന്റെ ആവേശത്തിലേക്ക്.
തൊട്ടുപിന്നാലെ തന്നെ ബെഞ്ചിലായിരുന്ന മുതിര്‍ന്ന താരം ടിം കാഹിലിനെ ഇറക്കിയ ഓസ്ട്രേലിയ ഒരു അത്ഭുതം പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. മുപ്പത്തിയെട്ടുകാരനായ കാഹിലിന് ഇത് ഒമ്പതാമത്തെ ലോകകപ്പ് മത്സരം. ഓസ്ട്രേലിയന്‍ റെക്കോര്‍ഡ് ആണിത്.
പക്ഷെ തൊണ്ണൂറ് മിനുട്ടുകള്‍ മുഴുവന്‍ ശ്രമിച്ചെങ്കിലും നല്ലൊരു ഫിനിഷിങ് കണ്ടെത്താന്‍ ഓസ്ട്രേലിയയ്ക്ക് ആയില്ല. രണ്ടാം പകുതിയിലും പെറുവിന്റെ കൗണ്ടര്‍ അറ്റാക്കുകള്‍ ഓസ്ട്രേലിയയ്ക്ക് ഭീഷണിയാകുന്നുണ്ടായിരുന്നു. പ്രീ ക്വാര്‍ട്ടര്‍ റൗണ്ടിലേക്ക് പ്രവേശനം ലഭിക്കാത്ത ഇരു രാജ്യങ്ങളുടെയും പുറത്തായി. മുപ്പത്തിയഞ്ച് വര്‍ഷത്തിന് ശേഷം ലോകകപ്പിലെത്തിയ പെറുവിന് വിജയത്തോടെ മടങ്ങാം എന്നൊരു ആശ്വാസം.