FIFA World Cup 2018: ലോകകപ്പിലെ ആദ്യ ജയം തേടിയിറങ്ങിയ പനാമയ്‌ക്കെതിരെ പിന്നില്‍ നിന്നും ജയിച്ചു കയറി ടുണീഷ്യ. 33-ാം മിനിറ്റില്‍ മെറിയയിലൂടെ പനാമയാണ് ആദ്യം മുന്നിലെത്തിയത്. തങ്ങളുടെ ആദ്യ ലോകകപ്പിനെത്തിയ പനാമയ്‌ക്ക് ജയത്തോടെ മടങ്ങാനുള്ള സാധ്യത തെളിഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ ടുണീഷ്യ തിരിച്ചടിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ടുണീഷ്യയുടെ ജയം.
51-ാം മിനിറ്റില്‍ ബെന്‍ യൂസുഫിലൂടെ ടുണീഷ്യ ഒപ്പമെത്തുകയായിരുന്നു. ഇതോടെ ജയത്തിനായി ഇരു കൂട്ടരും ഒരു പോലെ ശ്രമിച്ചപ്പോള്‍ മൽസരം ചൂടു പിടിച്ചു. രണ്ട് കൂട്ടരും ജയത്തോടെ ലോകകപ്പ് അവസാനിപ്പിക്കാനുള്ള ശ്രമമായിരുന്നു. 66-ാം മിനിറ്റില്‍ കസാരിയിലൂടെ ടുണീഷ്യ മുന്നിലെത്തുകയായിരുന്നു. പിന്നീട് ഗോള്‍ അടിക്കാന്‍ പനാമ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.
ഗ്രൂപ്പ് ജിയില്‍ നിന്നും ഇംഗ്ലണ്ടും ബെല്‍ജിയവും പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയതിനാല്‍ ഇരു ടീമുകള്‍ക്കും ഇന്നത്തെ കളി നാണക്കേട് ഒഴിവാക്കാനുള്ളതായിരുന്നു. തങ്ങളുടെ ആദ്യ ലോകകപ്പിനെത്തിയ പനാമ ജയമൊന്നുമില്ലാതെയാണെങ്കിലും കൈയ്യടി നേടി തന്നെയാണ് മടങ്ങുന്നത്. അതേസമയം ജയത്തോടെ ടുണീഷ്യയും മടക്കം ചിരിച്ചു കൊണ്ടാക്കി.