‘വീടില്ലാത്തവനായിരുന്നു അലിറെസ ബൈറന്‍വാന്‍ഡ്, പക്ഷെ അയാള്‍ക്കൊരു സ്വപ്‌നം ഉണ്ടായിരുന്നു’, ഇറാന്‍ ഗോളി അലിറെസ ബൈറന്‍വാന്‍ഡിനെ കുറിച്ച് ഒരു ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞ വാക്കുകളാണിത്. ഫിഫ ലോകകപ്പിലെ ബി ഗ്രൂപ്പ് മൽസരത്തില്‍ പോര്‍ച്ചുഗലിനെതിരെ സമനില പിടിക്കാന്‍ ഇറാനെ സഹായിച്ചത് ഗോളി അലിറെസ ബൈറന്‍വാന്‍ഡിന്റെ മികച്ച പ്രകടനം ആയിരുന്നു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റി തടഞ്ഞ അദ്ദേഹം ഒറ്റ രാത്രി കൊണ്ടാണ് ഫുട്ബോള്‍ പ്രേമികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയത്. എന്നാല്‍ ഒരു നാടോടിയെ പോലെ ഉള്ളുലയ്‌ക്കുന്ന ജീവിതസാഹചര്യങ്ങളിലൂടെയാണ് അദ്ദേഹം കടന്നുവന്നത്.

തെരുവുകളില്‍ കിടന്നുറങ്ങിയും, കാര്‍ കഴുകി പണം കണ്ടെത്തിയും ജീവിച്ചിരുന്ന അദ്ദേഹം ഒരു ഫുട്ബോള്‍ താരം ആവണമെന്ന ആഗ്രഹത്തോടെ ടെഹ്റാനിലേക്ക് നാടുവിട്ടു. ഇറാഖി മനുഷ്യാവകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനും ആയ സ്റ്റീവന്‍ നബീല്‍ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ബൈറന്‍വാന്‍ഡ് ഒരു പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന മറ്റു ചില വിവരങ്ങളും ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകന്‍ പുറത്തുവിട്ടു. ‘ഫുട്ബോള്‍ ക്ലബ്ബിന്റെ ഗേറ്റിന് പുറത്ത് കിടന്നുറങ്ങുന്ന ബൈറന്‍വാന്‍ഡിനെയാണ് പലപ്പോഴും കടന്നുപോവുന്നവര്‍ കാണുക. വീടില്ലാത്ത യാചകനാണെന്ന് കരുതി വഴിയാത്രക്കാര്‍ അദ്ദേഹത്തിന് നാണയതുട്ടുകള്‍ എറിഞ്ഞ് കൊടുക്കും. വീടില്ലാത്തവനായിരുന്നു ബൈറന്‍വാന്‍ഡ്, പക്ഷെ അയാള്‍ക്കൊരു സ്വപ്‌നം ഉണ്ടായിരുന്നു. ഇന്ന് ലോകത്തെ എല്ലാ ടെലിവിഷന്‍ സ്ക്രീനിലും അയാള്‍ ജ്വലിച്ച് നില്‍ക്കുന്നു’, നബീല്‍ വ്യക്തമാക്കി.

1-1ന് സമനിലയിലായ മൽസരത്തില്‍ 53-ാം മിനിറ്റില്‍ പെനാല്‍റ്റി എടുക്കാന്‍ എത്തുമ്പോള്‍ ആരാധകരുടെ വിശ്വസ്‌തനായ റൊണാള്‍ഡോയ്‌ക്ക് പിഴച്ച് പോയത് ബൈറന്‍വാന്‍ഡിന്റെ മുമ്പിലായിരുന്നു. ബോക്‌സില്‍ വച്ച് പ്രതിരോധ താരം എസാറ്റലോഹി ക്രിസ്റ്റ്യാനോയെ ഫൗള്‍ ചെയ്‌തതിനാണ് പെനാല്‍റ്റി വിധിച്ചത്. വാറിലൂടെയായിരുന്നു തീരുമാനം. വലങ്കാല്‍ കൊണ്ട് പോസ്റ്റിന്റെ ഇടതുഭാഗത്തേക്ക് അടിച്ച കിക്ക് ബെയ്റാന്‍വാന്‍ഡ് കൈപ്പിടിയിലൊതുക്കുകയായിരുന്നു.

45-ാം മിനിറ്റില്‍ മനോഹരമായ നീക്കത്തിനൊടുവില്‍ റിക്കാര്‍ഡോ ഖൊറേഷ്‌മയാണ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ അധിക സമയത്ത് നേടിയ ഗോളിലൂടെയാണ് ഇറാന്‍ സമനില പിടിച്ചത്. ആന്ദ്രെ സില്‍വയുടെ അസിസ്റ്റില്‍ മനോഹരമായ നീക്കത്തിലൂടെയാണ് ഖൊറേഷ്‌മ പന്ത് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് ഉയര്‍ത്തിയിട്ടത്. സ്‌പെയിനിനെതിരെ സമനില നേടിയ മൽസരത്തില്‍ ക്രിസ്റ്റ്യാനോ ഹാട്രിക്കും മൊറോക്കോയ്ക്കെതിരേ ക്രിസ്റ്റ്യാനോ വിജയഗോളും നേടിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ