FIFA World Cup 2018: ഓർമയിലുള്ള ആദ്യത്തെ വേൾഡ് കപ്പ് 1998 ആണ്. ഓർമകൾ എന്ന് അവകാശപ്പെടാൻ മാത്രം ഒരുപാടൊന്നുമില്ല. വീട്ടുകാർ ആരൊക്കെയോ രാത്രിയിൽ ഫൈനൽ കാണാനിരുന്നതിന്റെ മങ്ങിയ ഒരു ദൃശ്യം മാത്രം. ആറു വയസ്സായിരുന്നു അന്ന്. പിന്നെ വന്നത് 2002 ലോകകപ്പാണ്. ഏഷ്യയുടെയും ബ്രസീലിന്റെയും വേൾഡ് കപ്പ്. നാട്ടിൽ മുഴുവനും ബ്രസീൽ അർജന്റീന പതാകകളും തോരണങ്ങളും ആയിരുന്നു. അതിന്റെ ഇടയിൽ പ്രായം ചെന്ന രണ്ടുപേർ ഉയർത്തിയ ഒരു ജർമൻ പതാകയും ഒരു ഇറ്റാലിയൻ പതാകയും. അന്ന് വിചാരിച്ചിട്ടുണ്ട് ഇവരൊക്കെ എന്തു കണ്ടിട്ടാണ് ഈ ജർമ്മനിയെയും ഇറ്റലിയെയും ഒക്കെ സപ്പോർട്ട് ചെയ്യുന്നത് എന്ന്!!!! റോസിയെയും ബാജിയോയെയും കൈസെറിനെയും ഒന്നും അന്ന് അറിവില്ലായിരുന്നല്ലോ..!

അതിനൊക്കെ ശേഷമെപ്പോഴോ ആണ് അടുത്തുള്ള ക്ലബ്ബിൽ പോയി സ്‌പോർട്സ് മാസികകൾ വായിക്കുന്ന ശീലം ഉണ്ടാക്കിയെടുത്തത്. അങ്ങനെയാണ് തോറ്റു പോയവരോട് ഒരു ഇഷ്‌ടം ഉള്ളിലെവിടെയോ മൊട്ടിട്ടത്. വെറുതെയങ്ങ് പോയി തോറ്റു കൊടുത്തവരോടല്ല.. ലോകത്തെ മുഴുവൻ ത്രസിപ്പിച്ച, കോരിത്തരിപ്പിച്ച ഫുട്ബോൾ കാഴ്‌ചവച്ചതിനു ശേഷം നിർഭാഗ്യം കൊണ്ട് മാത്രം പരാജിതരാവേണ്ടി വന്നവരോട്. അങ്ങനെ വായിച്ചറിഞ്ഞ ലേഖനങ്ങളിലൂടെയാണ് നെതർലൻഡ്സ് എന്ന രാജ്യവും അവരുടെ ഓറഞ്ച് കുപ്പായവും മനസ്സിൽ കേറിയിരുന്നത്. യൂറോ 2004നോടനുബന്ധിച്ച് ക്ലാസ്സിൽ ഒരു പ്രവചന മൽസരം നടന്നപ്പോൾ ഹോളണ്ടിന് വേണ്ടി ഒറ്റയ്‌ക്ക് കൈപൊക്കി വോട്ട് ചെയ്‌തതും ഓർമ വരുന്നു.

ടുലിപ് പുഷ്‌പങ്ങള്‍ മൊട്ടിട്ടപ്പോള്‍ 

2006 ലോകകപ്പിന്റെ മുന്നോടിയായുള്ള മാസികയിൽ ഒരു ലേഖനം കൂടി വായിച്ചതിന്റെ കാര്യം കൂടി പറയണം. ലോക ഫുട്ബാളിന്റെ പൂര നഗരിയിൽ ഒരിക്കലും വിടരാതെ പോയ ഓറഞ്ചു കുടയെ പറ്റിയുള്ള പ്രൗഢ ഗംഭീരമായ എഴുത്ത്. എഴുതിയത് ആരെന്ന് ഇന്നും അറിയില്ല, രണ്ടാമതൊരിക്കൽ പോലും വായിച്ചിട്ടുമില്ല. പക്ഷേ ഹോളണ്ടിന്റെ ചരിത്രവും എഴുപതുകളിലെ ഡച്ച് ടോട്ടൽ ഫുട്ബോളിന്റെ മാസ്‌മരികതയുമൊക്കെ വാക്കുകളായി മുന്നിൽ തെളിഞ്ഞപ്പോൾ അതുവരെ മനസ്സിലുണ്ടായിരുന്ന ഇഷ്‌ടം ഒരു ഭ്രാന്തായി മാറിക്കഴിഞ്ഞിരുന്നു. ടിവിയിൽ വന്നുകൊണ്ടിരുന്ന എല്ലാ ഡോക്യുമെന്ററികളും തിരഞ്ഞു പിടിച്ചു കണ്ടു. അങ്ങനെയാണ് കണ്ണു മഞ്ഞളിപ്പിക്കുന്ന ആ ഓറഞ്ചു നിറം ജീവിതത്തിന്റെയും ഫുട്ബോൾ സ്‌നേഹത്തിന്റെയും ഭാഗമായത്. ഒരുകാലത്ത് ലോകത്തെ ഏറ്റവും മികച്ച ടീം ആയിരുന്നിട്ടും, ഏറ്റവും മികച്ച കളി പുറത്തെടുത്തിട്ടും, ഏറ്റവും മികച്ച താരത്തിന്റെ അകമ്പടി ഉണ്ടായിട്ടും ലോകകപ്പ് എന്ന മധുരം നുണയാനാകാതെ പോയതിന്റെ നിരാശ ആ ഇഷ്‌ടത്തിന്റെ മാറ്റുകൂട്ടി.

ഹോളണ്ട് ഫുട്ബോള്‍ ആരാധകര്‍

അതിനു ശേഷം നെതർലൻഡ്‌സ് ആരാധകനായി കൊണ്ട് മൂന്നു ലോകകപ്പുകൾ കടന്നു പോയി. പ്രീ ക്വാർട്ടർ, റണ്ണർ അപ്പ്, മൂന്നാം സ്ഥാനം എന്നിങ്ങനെ പോകുന്ന ഹോളണ്ടിന്റെ പ്രകടനങ്ങള്‍. അവസാനത്തെ രണ്ടു ലോകകപ്പിലെ സ്ഥിരതയുള്ള കളി കണ്ടപ്പോൾ വീണ്ടുമൊരു ഫുട്ബോൾ ശക്തിയായി നെതർലൻഡ്‌സ് തിരിച്ചു വരുന്നുവെന്ന് പ്രതീക്ഷിച്ചിരുന്നു. 2002 മുതൽ മികച്ച രീതിയിൽ പ്രകടനം നടത്തിയ ജർമൻ ടീം 2014 ലെ ലോകകപ്പ് സ്വന്തമാക്കിയത് കൂടി കണ്ടപ്പോൾ ഹോളണ്ടിന്റെ സമയവും വിദൂരമല്ല എന്ന തോന്നലാണ് ഉണ്ടായത്. റോബനും സ്‌നൈഡറും പേഴ്‌സിയും അടക്കം ഒരു പറ്റം താരങ്ങൾ കരിയറിന്റെ അവസാന ഘട്ടത്തിൽ ആണെന്നറിയാമായിരുന്നെങ്കിലും വളർന്നു വരുന്ന യുവതാരങ്ങളിൽ ശോഭനമായ ഒരു ഭാവി മുന്നിൽ കണ്ടിരുന്നു. അടുത്ത രണ്ടു ലോകകപ്പുകളിൽ ഒരെണ്ണം നെതെർലൻഡ്‌സിൽ എത്തണം എന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്‌തു. എന്നാൽ സംഭവിച്ചതോ 2018 ലോകകപ്പിൽ ഹോളണ്ട് യോഗ്യത പോലും നേടിയില്ല. ആരാധകൻ എന്ന നിലയിൽ ഇത്രയും വേദനിപ്പിച്ച ഒരു സംഗതി ഇതിന് മുൻപുണ്ടായിട്ടില്ല. ഹോളണ്ട് യോഗ്യത നേടിയില്ല എന്നത് മാത്രമല്ല അതിന് കാരണം പ്രതിഭകൾക്ക് പഞ്ഞമില്ലാതിരുന്ന ടീമിൽ നിന്നും പ്രതീക്ഷിച്ചതിന്റെ പകുതി പോലും പ്രകടനം ഉണ്ടായില്ല എന്നത് കൊണ്ടാണ്. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും അതിന്റെ യോഗ്യതാ റൗണ്ടുകളിലും കാഴ്‌ചവച്ച പോരാട്ട വീര്യം നെതർലൻഡ്‌സ് ടീമിന് കൈമോശം വന്നിരിക്കുന്നു എന്ന് മനസ്സിലാക്കിയപ്പോഴാണ്.

മാറുന്ന ഫുട്ബോളിങ് തന്ത്രങ്ങള്‍ 

ഈ പ്രവണത ഡച്ച് ഫുട്ബോളിന്റെ ചരിത്രത്തിൽ അത്ര വിരളമല്ല എന്നുള്ളതാണ് വാസ്‌തവം. എഴുപതുകളിലെ സുവർണ കാലഘട്ടത്തിന് ശേഷം രണ്ടു ലോകകപ്പുകളിലും ഒരു യൂറോ കപ്പിലും ഹോളണ്ട് യോഗ്യത നേടിയിരുന്നില്ല. എൺപതുകളുടെ അവസാനം മുതൽ 2000 വരെ തരക്കേടില്ലാത്ത പ്രകടനം കാഴ്‌ചവച്ച ടീമിന് 2002 ലോകകപ്പിൽ പങ്കെടുക്കാനായില്ല. തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാകുന്നത് കുറച്ചു കാര്യങ്ങളാണ്. അതിൽ ഏറ്റവും പ്രധാനമായി തോന്നുന്ന ഒന്നു സ്ഥിരതയില്ലാത്ത, ഹ്രസ്വകാല പദ്ധതികളാണ്. ഹെഡ് കോച്ചുകൾ മാറി മാറി വരുന്നു. അവരുടെ ശൈലികളും സങ്കൽപ്പങ്ങളും അതുപോലെ വ്യത്യസ്‌തം. അടിമുടി വ്യത്യസ്‌തരായിരുന്നെങ്കിലും മാറി വന്ന കോച്ചുകളെല്ലാം മുറുക്കി പിടിക്കാൻ നോക്കിയ ഒരു സംഗതിയുണ്ട്. ഗൃഹാതുരതയോടുള്ള ഒരു അഭിനിവേശം എന്ന് പറയാം. ലോക പ്രശസ്‌തമായ ടോട്ടൽ ഫുട്ബാൾ ആവർത്തിക്കാൻ ശ്രമിച്ചാണ് ഇവരെല്ലാം പരാജയപ്പെട്ടത്. 3-5-2 അല്ലെങ്കിൽ 3-4-3 തുടങ്ങിയ ടോട്ടൽ ഫുട്ബോൾ ഫോർമേഷനുകൾ അവർ കൈവിട്ടിരുന്നില്ല. ടോട്ടൽ ഫുട്ബോൾ പോലെ സുന്ദരമായ ഒരു കേളിശൈലിയുടെ കാലം കഴിഞ്ഞു എന്നു പറയാനല്ല വരുന്നത്. മുൻപുണ്ടായിരുന്നത് പോലെ അത് കൃത്യമായി നടപ്പിലാക്കാൻ പോകുന്ന താരങ്ങൾ ഹോളണ്ട് പോലെയൊരു രാജ്യത്ത് ഇപ്പോഴില്ല. അങ്ങനെ തങ്ങൾക്ക് ലഭ്യമായ വിഭവങ്ങളെ മികച്ച രീതിയിൽ ഉപയോഗിക്കാതെ, പഴമയിൽ അഭിരമിച്ചത് ഹോളണ്ടിലെ ഫുട്ബോളിന്റെ തകർച്ചയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്.

Read More : FIFA World Cup 2018: ചെറിയ ലോകവും വലിയ പന്തും

അതിന്റെ കൂടെ പറഞ്ഞു വയ്‌ക്കേണ്ട മറ്റൊരു കാര്യമാണ് ആവശ്യത്തിന് മിടുക്കരായ പ്രതിരോധ താരങ്ങൾ വളർന്നു വരാത്ത ഒരു അവസ്ഥ. ഫുട്ബോളിന്റെ സുന്ദരമായ വശങ്ങൾ മാത്രമാണ് ഒരു ഡച്ചുകാരനെ ഉണർത്തുന്നത്. അതുകൊണ്ട് തന്നെ അവിടെയെപ്പൊഴും കാണാൻ രസമുള്ള ഫുട്ബോൾ കളിക്കുന്ന മിഡ്ഫീൽഡർമാരുടേ, ഫോർവാർഡുകളുടെ ബാഹുല്യമാണ്. ഇഷ്‌ടപെട്ട, അല്ലെങ്കിൽ ലോകോത്തര നിലവാരത്തിലുള്ള ഒരു ഓറഞ്ചു കുപ്പായക്കാരന്റെ പേര് ഓർത്തെടുക്കാൻ ശ്രമിച്ചു നോക്കൂ. മുന്നിൽ തെളിയുന്ന നാമങ്ങൾ എല്ലാം തന്നെ മധ്യനിര, ആക്രമണ താരങ്ങളുടേതായിരിക്കും. എടുത്ത് പറയാൻ ഒരു പ്രതിരോധ നിരക്കാരൻ വിദൂരമായ ഓർമയിൽ പോലുമില്ല. ടോട്ടൽ ഫുട്ബോൾ കളിച്ചു ഫലിപ്പിക്കാൻ ഇന്നവർക്ക്‌ കഴിയാത്തതിന്റെ ഒരു പ്രധാന കാരണം ഇതും കൂടിയാണ്. എഴുപതുകളിൽ മാന്ത്രികത ഒളിപ്പിച്ചു വച്ച കാലുകളുമായി ക്രെയിഫും നീസ്കെൻസും കളം നിറഞ്ഞപ്പോഴും സ്വന്തം വലയിൽ ഗോൾ കയറാതെ നോക്കിയ അതുല്യരായ ഡിഫെന്റർമാർ അവർക്കുണ്ടായിരുന്നു. ഇസ്രയേലിനെയും, ക്രോളിനെയും ജാൻസെനെയും പോലുള്ളവർ. കാലം മാറിയപ്പോൾ, നെതർലൻഡ്സിനു നഷ്‌ടപ്പെട്ടതും ഇങ്ങനെയുള്ള താരങ്ങളെ ആയിരുന്നു. ആ നാട്ടിലെ ക്ലബ്ബുകളും കോച്ചുകളും അക്കാദമികളും സുന്ദരമായി കളിക്കുന്ന താരങ്ങൾക്ക് പുറകെ പോയപ്പോൾ അവരുടെ പിൻനിര ദുർബലമായത് സ്വാഭാവികം മാത്രം. അവിടെ പന്ത് തട്ടാൻ തുടങ്ങുന്ന കുട്ടികളിൽ നല്ല പ്രതിരോധ നിരക്കാരനാകാൻ കഴിവുള്ള കളിക്കാരില്ല എന്നതിന് അർത്ഥമില്ല. ജന്മനാ ഉള്ള പ്രതിഭ മാത്രമല്ലല്ലോ ഒരു കളിക്കാരന്റെ വളർച്ചയെ സ്വാധീനിക്കുന്നത്. അവന് ലഭ്യമാകുന്ന പരിശീലനം, അവൻ പങ്കെടുക്കുന്ന മൽസരങ്ങൾ, അവൻ സ്വായത്തമാക്കുന്ന ടാക്‌ടിക്‌സ് ഇതെല്ലാം തന്നെ ഒരുപോലെ പ്രധാനമാണ്. ഇത്തരം കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോൾ ഒരു യുവ ഡിഫെൻഡറിന് വളരാനുള്ള വളക്കൂറുള്ള മണ്ണ് നെതർലൻഡ്‌സ് എന്ന രാജ്യത്ത് നിലവിലില്ല എന്ന് ഉറപ്പിച്ചു പറയേണ്ടതായി വരും.

ആര്യന്‍ റോബന്‍

ഡച്ച് ഫുട്ബോൾ മൊത്തത്തിൽ, സമൂലമായ ഒരു മാറ്റത്തിന് വിധേയമായാൽ മാത്രമേ ഒരു വൻ ശക്തി എന്ന നിലയിൽ പൊരുതാൻ ടീമിന് ഭാവിയിൽ ആവുകയുള്ളൂ എന്നൊരു തോന്നൽ ബലപ്പെടുന്നുണ്ട്. അതിനായി രാജ്യത്തെ കളിക്കാരും ക്ലബ്ബുകളും കോച്ചുകളും എന്തിന് സൗന്ദര്യാത്മക ഫുട്ബാൾ മാത്രം ഇഷ്‌ടപ്പെടുന്ന കാണികൾ വരെ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. പുഴ പോലെയൊഴുകുന്ന, പൊയറ്റിക് ആയ – കാവ്യാത്മകമായ – ഫുട്ബാൾ അല്ല ഇനി വേണ്ടത്. റിസൾട്ടുകൾ ഉണ്ടാക്കുന്ന, വിജയം മാത്രം ലക്ഷ്യം വയ്‌ക്കുന്ന പ്രാഗ്മാറ്റിക് ഫുട്ബാൾ വരട്ടെ. ആദ്യത്തെ തരം കണ്ണും മനസ്സും നിറച്ചിരുന്നു. രണ്ടാമത്തേതിന് മാത്രമേ ഇനി ട്രോഫി കാബിനെറ്റ് നിറക്കാൻ പറ്റുകയുള്ളൂ. ജർമനിയും അർജന്റീനയും ബ്രസീലും ഒക്കെ മാറ്റത്തിന്റെ പാതയിലാണ്. മാറ്റം വരുത്താതെ രണ്ടാം വട്ടവും ലോകകപ്പിന് വന്ന സ്‌പെയിനിന്റെ അവസ്ഥ എല്ലാവരും കണ്ടതുമാണ്. അങ്ങനെ താഴെ തട്ടിൽ നിന്നും താരങ്ങളെ കണ്ടെടുത്ത്, അവരുടെ ശക്തികളിൽ ഊന്നിക്കൊണ്ട് വളർത്തിയെടുത്തു കൊണ്ടുവരാൻ ഉതകുന്ന തരത്തിൽ ഒരു പോളിസി നെതർലൻൻഡ്‌സ് ഫുട്ബോൾ സംഘടനയായ കെഎൻവിബി രൂപപ്പെടുത്തണം. അപ്പോഴും കൂടുതൽ ശ്രദ്ധ ഗോൾ കീപ്പർ/ പ്രതിരോധ താരങ്ങൾ എന്നിവരിൽ ആയിരിക്കുകയും വേണം. ഇവയൊക്കെ നടപ്പായാൽ മാത്രമേ ഒരു ഫുട്ബോൾ ശക്തി കേന്ദ്രം എന്ന നിലയിൽ ഇനിയൊരു തിരിച്ചുവരവ് അവർക്ക് സാധിക്കുകയുള്ളൂ.

ഈ ലോകകപ്പിന്റെ നഷ്‌ടങ്ങളാണ് ഹോളണ്ടും ഇറ്റലിയും. ചരിത്രത്തിൽ തന്നെ ഇടം പിടിച്ചിട്ടുള്ള, മികച്ചവർ എന്ന് ലോകം മുഴുവനും വാഴ്‌ത്തിയിട്ടുള്ള രണ്ടു രാജ്യങ്ങൾ. അവരുടെ അഭാവം ഈ ലോകകപ്പിന്റെ തിളക്കം അൽപം കുറച്ചേക്കാം. ഓറഞ്ച് നിറത്തിൽ മുങ്ങിയ ഗാലറികൾ ഈ ലോകകപ്പിൽ ഉണ്ടാവില്ല. ആരാധകരെ ആവേശത്തിൽ ആഴ്‌ത്താൻ ടുലിപ് പുഷ്‌പങ്ങളുടെ നാട്ടിൽ നിന്നും അതേ നിറമുള്ള ജഴ്‌സി അണിഞ്ഞ താരങ്ങളും ഈ വട്ടം ഉണ്ടാവില്ല. ഇതുവരെയുള്ള തോൽവികളിൽ നിന്നും പാഠമുൾക്കൊണ്ട് നെതർലൻഡ്‌സ് ഫുട്ബോൾ ടീം അടുത്ത വട്ടം തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു, ഈ വർഷത്തെ ഫുട്ബോൾ വസന്തം ഓറഞ്ചു പൂക്കളുടെ അഭാവത്തിലും മനസ്സ് നിറക്കുമെന്നും..

Read More : ഹാവിയര്‍ മസ്‍‌കരാനോ: തെന്നിയൊഴുകുന്ന അര്‍ജന്‍റീനിയന്‍ കാവ്യം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook