FIFA World Cup 2018: കോഴിക്കോട് കല്ലായില്‍ കഴിഞ്ഞ ദിവസം ഒരു വസ്ത്രശാല ഉദ്ഘാടനം ചെയ്‌തു. പേര് ബ്രാസീസ് ഫ്യൂഷന്‍. ലോകകപ്പല്ലേ ഏതെങ്കിലും ബ്രസീല്‍ ആരാധകനാകും ഷോപ്പിന്റെ ഉടമ എന്ന് കരുതി അന്വേഷിക്കാന്‍ ചെന്നാല്‍ എത്തുക അതിലും കൗതുകം നിറഞ്ഞ ഒരു പേരിലേക്കായിരിക്കും. ബ്രസീലിയ, അതെ ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയ. കോഴിക്കോട്ടുകാരുടെ ബ്രസീലിയ ആണ് ബ്രാസീസ് ഫ്യൂഷന്‍ എന്ന ഷോപ്പിന്റെ ഉടമ.

1982 ലാണ് ബ്രസീലിയ ജനിക്കുന്നത്. മൂത്ത മകള്‍ക്ക് ബദ്‌രിയ എന്ന പേരിട്ടതു പോലെ തന്നെ ബിയില്‍ തുടങ്ങുന്ന ഒരു പേര് മകള്‍ക്കിടണം എന്നു കരുതിയ മാതാപിതാക്കളോട് ബ്രസീലിയ എന്ന പേര് നിര്‍ദ്ദേശിക്കുന്നത് അമ്മാവനാണ്. അദ്ദേഹത്തിന് ബ്രസീലിനോടുള്ള സ്‌നേഹം എത്രയുണ്ടെന്ന് കൂടുതലൊന്നും പറയേണ്ടതില്ലല്ലോ.

വളര്‍ന്നപ്പോള്‍ ബ്രസീലയയും ഒരു ഫുട്‌ബോള്‍ ആരാധികയും ബ്രസീലിനെ നെഞ്ചിലേറ്റുന്നവളുമായി.  വനിതാ ലീഗിന്റെ  സ്‌റ്റേറ്റ് സെക്രട്ടറിയായ ബ്രസീലിയയുടെ രാഷ്ട്രീയ ജീവിതത്തിലും ബ്രസീലും ബ്രസീലിനോടുള്ള ആരാധനയും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

Read More : FIFA World Cup 2018 : ഓറഞ്ച് പൂക്കളില്ലാത്ത ഫുട്ബോൾ വസന്തം

2010ലാണ് ബ്രസീലിയ കോഴിക്കോട് നൈനാന്‍ വളപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മൽസരിക്കുന്നത്. ബ്രസീല്‍ ആരാധകരെ കൊണ്ട് നിറഞ്ഞ നാടാണ് നൈനാന്‍ വളപ്പ്. അവരുടെ ഫുട്‌ബോള്‍ ആരാധനയെ ഫിഫ വരെ അംഗീകരിച്ചതാണ്. ലീഗിന്റെ പിന്തുണയോടു കൂടിയ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബ്രസീലിയ. തങ്ങളുടെ ഇഷ്‌ട ടീമിന് നല്‍കുന്ന പിന്തുണ നൈനാന്‍ വളപ്പുകാര്‍ ബ്രസീലയക്കും നല്‍കിയപ്പോള്‍ കൗണ്‍സിലറായി വിജയിച്ചു.

തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ബ്രസീലിയ എന്ന പേരും ഫുട്‌ബോളും വലിയ സ്വാധീനമായിരുന്നുവെന്ന് ബ്രസീലിയ തന്നെ സമ്മതിക്കുന്നു. കുഞ്ഞായിരുന്നപ്പോള്‍ തന്റെ പേരിനെ കുറിച്ച് അത്ര ബോധവതിയായിരുന്നില്ല ബ്രസീലിയ. പക്ഷെ പേരെന്താണെന്ന് ചോദിക്കുമ്പോള്‍ ബ്രസീലിയ എന്ന മറുപടി കേള്‍ക്കുമ്പോള്‍ ആളുകളുടെ മുഖത്തുണ്ടാകുന്ന ആകാംഷയാണ് ബ്രസീലിയ പേരിന് പിന്നിലേക്ക് നടത്തിച്ചത്.

”ആദ്യമൊന്നും പേരിനെ കുറിച്ച് ആലോച്ചിരുന്നില്ല. പിന്നെ വലുതാകുന്തോറും ആളുകള്‍ പേര് കേള്‍ക്കുമ്പോള്‍ എന്താ എന്ന് ചോദിക്കുന്നത് കൗതുകമായി. കോളേജിലൊക്കെ പഠിക്കുമ്പോള്‍ പേര് പറയുമ്പോള്‍ എല്ലാവരും കരുതിയിരുന്നത് കളിയാക്കുകയാണെന്നായിരുന്നു. പക്ഷെ പിന്നെ സത്യമാണെന്ന് അറിയുമ്പോള്‍ എല്ലാവരും അടുത്ത് കൂടും” ബ്രസീലിയ പറയുന്നു.

ബ്രസീലിയയുടെ വീട് കല്ലായിലാണ്. കല്ലായില്‍ രണ്ട് ടീമിന്റെ ആരാധകരാണ് കൂടുതലും ബ്രസീലും ജര്‍മ്മനിയും. തങ്ങളുടെ ഫ്‌ളക്‌സ് ഉയര്‍ത്തുന്നേരം ബ്രസീലുകാര്‍ ബ്രസീലിയോടായി പറയും ‘നമ്മള്‍ ഫ്‌ളക്‌സ് വച്ചിട്ടുണ്ട്‌ട്ടോ, കൂടെ തന്നെ ഉണ്ടല്ലോ’ എന്ന്. കഴിഞ്ഞ ലോകകപ്പിലെ തോല്‍വിയില്‍ നിന്നും ഇത്തവണ കപ്പു നേടി ബ്രസീല്‍ തിരികെ വരുമെന്നു തന്നെയാണ് ബ്രസീലിയയും പ്രതീക്ഷിക്കുന്നത്.

”കഴിഞ്ഞ തവണത്തെ പോലൊരു തോല്‍വിയ്‌ക്ക് ഇത്തവണ കപ്പ് നേടി മറുപടി കൊടുക്കും. നെയ്മറും കുട്ടീഞ്ഞോയുമൊക്കെയുള്ള യുവനിര അതിന് കഴിയുന്നവരാണ്.” ബ്രസീലിന്റെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ റൊണാള്‍ഡോയുടെ കട്ട ആരാധികയായ ബ്രസീലിയ പറഞ്ഞു.

ഭര്‍ത്താവും മൂന്ന് മക്കളും ഉപ്പയും ഉമ്മയും അടങ്ങുന്ന തന്റെ കുടുംബത്തിന്റെ അടുത്ത തലമുറയിലേക്കും പേരിലെ ബ്രസീല്‍ പാരമ്പര്യം കൈമാറണമെന്ന് ബ്രസീലിയ ആഗ്രഹിച്ചിരുന്നു. ഇളയമകനായ അഹമ്മദ് റസീന് ഇടാന്‍ തീരുമാനിച്ചിരുന്ന പേര് റിയോ ഡി ജനീറോ എന്നായിരുന്നു. എന്നാല്‍ പിന്നീട് അത് മാറ്റുകയായിരുന്നു. ഭര്‍ത്താവ് ഷംസുദ്ദീനും തന്റെ കുടുംബാംഗങ്ങളെ പോലെ തന്നെ ഒരു കട്ട ബ്രസീല്‍ ആരാധകന്‍ തന്നെയാണെന്ന് ബ്രസീലിയ സാക്ഷ്യം പറയുന്നു. മക്കളായ നഫീസ റെന്ന, അഹമ്മദ് റനീം, അഹമ്മദ് റസീന്‍ ഉപ്പ മുസ്‌തഫ, ഉമ്മ നജൂമ്മ എന്നിവരും ബ്രസീല്‍ ആരാധകര്‍ തന്നെ. ബ്രസീലിയയും കാത്തിരിക്കുന്നത് റഷ്യയില്‍ നെയ്മറും സംഘവും ലോകകപ്പ് ഉയര്‍ത്തുന്നതിനായാണ്.

Read More : FIFA World Cup 2018 : റഷ്യയില്‍ പയറ്റി തെളിയിക്കാന്‍ ‘കൊറിയന്‍ മെസി’ ലീ സൂങ് വൂ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ