FIFA World Cup 2018:ലോകകപ്പിന്റെ ആദ്യ റൗണ്ടിലെ പ്രധാന ചര്‍ച്ചകളിലൊന്നായിരുന്നു ബ്രസീല്‍ താരം നെയ്മറുടെ വീഴ്ച്ചകളും അഭിനയവും. ലോകകപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ടിട്ടുള്ള താരമാണ് നെയ്മര്‍. പക്ഷെ കളി കണ്ടവര്‍ക്ക് അറിയാം അതില്‍ പലതും നെയ്മറിന്റെ വീഴല്‍ നാടകങ്ങളായിരുന്നുവെന്ന്. താരത്തെ പരിഹസിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

പ്രീക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍ മെക്‌സിക്കോയാണ്. അടിമുടി ആവേശഭരിതാരായാണ് മെക്‌സിക്കോ എത്തുന്നത്. ചാമ്പ്യന്മാരായ ജര്‍മ്മനിയെ പുറത്താക്കിയതാണ് അവരുടെ ആത്മവിശ്വാസം. ബ്രസീലിനെതിരായ മത്സരത്തിന് മുന്നോടിയായി നെയ്മറിന് മുന്നറിയിപ്പുമായി മെക്‌സിക്കന്‍ നായകന്‍ ആന്ദ്രേസ് ഗ്വാര്‍ഡാഡോ രംഗത്തെത്തിയിരിക്കുകയാണ്.

നെയ്മറിന് ധൈര്യമുണ്ടെങ്കില്‍ ഡൈവ് ചെയ്യട്ടെയെന്നാണ് മെക്‌സിക്കന്‍ നായകന്‍ പറഞ്ഞത്. നെയ്മര്‍ ആരാണെന്നും ഫൗളുകളെ പര്‍വ്വതവത്കരിക്കുന്ന സ്വഭാവമുണ്ടെന്ന് എല്ലാവര്‍ക്കും അറിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നെയ്മര്‍ തങ്ങള്‍ക്കെതിരായ മത്സരത്തിലും അതാവര്‍ത്തിച്ചാല്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ റഫറിമാര്‍ക്ക് കഴിയുമെന്നും താരം പറഞ്ഞു.

വാര്‍ സംവിധാനം നെയ്മറിനെ വീക്ഷിക്കാന്‍ റഫറിമാര്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോസ്റ്റാറിക്കയ്‌ക്കെതിരായ മത്സരത്തിനിടെ നെയ്മറുടെ വീഴ്ച്ച വാറില്‍ അഭിനയമാണെന്ന് കണ്ടെത്തിയതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം, ബ്രസീലിനെതിരായ മത്സരം മെക്‌സിക്കോയെ സംബന്ധിച്ചിടത്തോളം ജീവിന്‍ മരണ പോരാട്ടമാണെന്നും താരം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook