FIFA World Cup 2018: മോസ്‌കോ: ലയണല്‍ മെസിയുടെ കരിയറില്‍ താരത്തെ എന്നും വേട്ടയാടുന്ന സംഭവമാണ് കഴിഞ്ഞ കോപ്പാ അമേരിക്ക ഫൈനലിന് ശേഷം താരം നടത്തിയ വിരമിക്കല്‍ പ്രഖ്യാപനം. ചിലിയ്‌ക്കെതിരായ ഫൈനലില്‍ പരാജയപ്പെട്ടതോടെ മെസിയും മഷറാനോയുമടക്കം ഒരു സംഘം താരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. വികാരത്തിന്റെ പുറത്തെടുത്ത തീരുമാനം തിരുത്തി മെസി വീണ്ടും കളിക്കളത്തിലേക്ക് മടങ്ങി വരികയായിരുന്നു.

പിന്നീട് അര്‍ജന്റീന പരാജയപ്പെടുമ്പോഴൊക്കെ വിമര്‍ശകര്‍ ആ വിരമിക്കല്‍ വീണ്ടും കുത്തിപ്പൊക്കുക പതിവായി മാറി. ഈ ലോകകപ്പിലും പുറത്തേക്കുള്ള വാതില്‍പ്പടിയില്‍ നില്‍ക്കുകയാണ് അര്‍ജന്റീന. പരാജയപ്പെട്ടാല്‍ മെസി വിരമിക്കുമോ എന്നാണ് ആരാധകരും വിമര്‍ശകരും ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അത്തരം ചര്‍ച്ചകള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് മെസി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

”ലോകകപ്പ് ഉയര്‍ത്തുക എന്നത് എന്റെ എക്കാലത്തേയും സ്വപ്‌നമാണ്. ആ നേട്ടം ലക്ഷക്കണക്കിന് അര്‍ജന്റീന ആരാധകരെ അഹ്ലാദവാന്‍മാരാക്കും. അതുകൊണ്ട് തന്നെ അത്ര എളുപ്പം ഉപേക്ഷിക്കാവുന്ന സ്വപ്‌നമല്ല അത്. പ്രധാന ടൂര്‍ണമെന്റുകള്‍ പലതും ഞാന്‍ നേടി, എന്നാല്‍ ഏറ്റവും മികച്ചത് നേടുന്നതാണ് സ്വപ്‌നം. അതുകൊണ്ട് തന്നെ ലോകചാമ്പ്യനാവാതെ രാജ്യാന്തര കരിയറില്‍ നിന്ന് വിരമിക്കുന്നതിനെ പറ്റി ആലോചിക്കാന്‍ ഇഷ്‌ടപ്പെടുന്നില്ല,” മെസി വ്യക്താക്കി.

ബാഴ്‌സലോണയ്‌ക്കായി നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയ മെസിയ്‌ക്ക് അര്‍ജന്റീനയ്‌ക്കായി പ്രധാന കിരീടങ്ങളൊന്നും നേടാന്‍ സാധിച്ചിട്ടില്ല. താരത്തിന്റെ നാലാമത്തെ ലോകകപ്പാണിതെന്നതും ശ്രദ്ധേയമാണ്.

നൈജീരിയയുമായി ചൊവ്വാഴ്‌ച മൽസരത്തിനിറങ്ങുന്ന അര്‍ജന്റീനയുടെ ലോകകപ്പ് ഭാവി അനിശ്ചിതത്വത്തിലാണ്. മൽസരത്തില്‍ ജയിച്ചാലും ക്രൊയേഷ്യ ഐസ്‌ലൻഡിനെ പരാജയപ്പെടുത്തിയാലേ അര്‍ജന്റീനക്ക് പ്രീ ക്വാര്‍ട്ടര്‍ കളിക്കാന്‍ സാധിക്കൂ. അതുകൊണ്ടു തന്നെ വളരെ നിര്‍ണ്ണായകമാണ് മെസിയ്‌ക്ക് ഈ മൽസരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook