നാല് വർഷത്തെ പ്രീമിയർ-സ്പാനിഷ്-ചാമ്പ്യൻസ് ലീഗുകളുടെ വേനലിന് ശേഷം കോരിച്ചൊരിയുന്ന കുളിർമഴയാണ് ഓരോ മലയാളിയുടേയും ലോകകപ്പ്. മഴയോർമ്മകൾ പോലെ ഗൃഹാതുരവുമാണ് ലോകകപ്പ് ഓർമ്മകളും.

വിരോധാഭാസമെങ്കിലും, കാൽപ്പന്തിന്റെ ലോകകപ്പിനെപ്പറ്റിയുള്ള ആദ്യ ഓർമ്മകൾ ചെന്ന് നിൽക്കുന്നത് ദൈവത്തിന്റെ ആ കയ്യിൽ തന്നെയാണ്. കൈകൊണ്ടും ഫുട്ബോൾ കളിക്കാമെന്ന മിഥ്യാ ധാരണ തെറ്റാൻ വീണ്ടും രണ്ട് വർഷങ്ങൾ കൂടി വേണ്ടി വന്നു… ഇതേ മത്സരത്തിൽ തന്നെയായിരുന്നു നൂറ്റാണ്ടിന്റെ ഗോൾ എന്ന ലോകം വിശേഷിപ്പിച്ച, ഇടത് വിങ്ങിലൂടെ അഞ്ച് പേരെ കബളിപ്പിച്ച് സാക്ഷാൽ മറഡോണ നേടിയ ആ ഗോളും പിറന്നത്… കാതങ്ങൾ അകലത്തുള്ള ഒരു തലമുറയെ തന്നെ ഫുട്ബോളിന്റെ മഹാസാഗരത്തിലേക്ക് എടുത്തുചാടാൻ പ്രേരണയായ ആ ഗോൾ… നാട്ടിലെ വയലുകളിൽ അന്നത്തെ ഫുട്ബോൾ മത്സരങ്ങളിൽ ഇരു ടീമുകളിലുമുണ്ടായിരുന്നു ഒരു മറഡോണ. നാട്ടിൽ ഇന്നും അതേ പേരിൽ തന്നെ അറിയപ്പെടുന്ന ഒരു കൂട്ടുകാരനുമുണ്ട്.

തൊണ്ണൂറിലെ ലോകകപ്പാകുമ്പോഴേക്കും, വീടിനു മുകളിൽ ആന്റിനകൾ തലയുയർത്തി നിൽക്കാൻ തുടങ്ങിയിരുന്നു. ആ കാലത്ത് ഏറ്റവും കൂടുതൽ ടി.വികൾ വിറ്റഴിഞ്ഞത് ലോകകപ്പ് സമയത്ത് തന്നെയായിരുന്നു. വീടുകൾക്കുള്ളിൽ പതിയേ അക്കാലത്തെ ടി.വികളായ കെൽട്രോണും, സോളിഡയറും, ഡയനോരയും ഷാർപ്പും, ECയു മൊക്കെ സ്ഥാനം പിടിക്കാൻ തുടങ്ങി, അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗവുമായി.. ലോകകപ്പ് പ്രമാണിച്ച് അടുത്ത വീട്ടിൽ ടി.വി വാങ്ങിയ സംഭവം ഇപ്പോഴും ഓർമ്മയിലുണ്ട്. അതൊരു ഉത്സവം തന്നെയായിരുന്നു. ഓടിട്ട വീടിന്റെ മുകളിൽ കയറി ആന്റിന ഘടിപ്പിക്കാൻ ഒരു നാലഞ്ചുപേർ, താഴെ ടിവി ട്യൂൺ ചെയ്യാൻ ഒരു നാലഞ്ചുപേർ, പിക്ചർ ക്ലിയറാണോ എന്ന് മേലോട്ട് വിളിച്ച് പറയാൻ ഞങ്ങൾ കുറച്ച് കുട്ടികൾ. അന്നത്തെ ആ 21 ഇഞ്ച് ടി.വി ക്ക് മുന്നിൽ മത്സരം കാണാൻ ഉത്സാഹഭരിതരായ ഒരു മുപ്പതോളം ഫുട്ബോൾ പ്രേമികൾ. കയ്യടികളും, ആർപ്പുവിളികളും, രോമാഞ്ചവും, നിരാശയുമൊക്കെയായി ഒരു ഉത്സവമയം തന്നെയായിരുന്നു. ഈയടുത്ത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒരു മത്സരം വലിയ സ്ക്രീനിൽ കണ്ടപ്പോൾ അന്നത്തെ തലമുറ ഇതെല്ലാം മിസ്സ് ചെയ്തല്ലോ എന്ന ഒരു സങ്കടം ബാക്കിയായി.

അതിനു മുൻപ് റേഡിയോ കമന്ററികൾ കേട്ടതും മറക്കാനാവാത്ത ഓർമ്മയാണ്. പുതിയ തലമുറയ്ക്കൊന്നും ആ ഒരു രംഗം സങ്കൽപ്പിക്കാനേ കഴിയില്ല. ഒരു റേഡിയോക്ക് ചുറ്റും കുറേ പേർ ഉണ്ടാകും. “അതാ ഇടതു വിങ്ങിലൂടെ പന്തുമായി മുന്നേറുന്നു………” എന്നൊക്കെയുള്ള ആവേശഭരിതമായ കമന്ററി കേട്ട് കണ്ണടച്ചിരിക്കും. മൈതാനവും, പന്തും, 22 പേരും, കാണികളുമൊക്കെ മനസ്സിലേക്ക് പറന്നുവരും. കമന്ററിയുടെ താളത്തിൽ കളികൾ നടക്കുന്നത് നമ്മുടെ ഹൃദയത്തിൽ തന്നെയായിരുന്നു. ടി.വി.യിൽ കളി കാണാൻ തുടങ്ങിയതോടെ കമന്ററിയുടെ മനോഹാരിത പഴയ തലമുറകൾ ഇപ്പോഴും മിസ്സ് ചെയ്യുന്നു. ഒരു പെനാൽറ്റി കിക്ക് പോലും ആസ്വദിച്ചിരുന്നത് കമന്ററിയിലൂടെ ആണെന്ന് പറയുമ്പോൾ കൂടുതൽ വിശദീകരണം ഒന്നും തന്നെ ആവശ്യമില്ലല്ലോ?manas, football

ഇതോടൊപ്പം തന്നെ എടുത്തു പറയേണ്ടതാണ് വിംസിയെ പോലെയുള്ളവരുടെ ഫുട്ബോൾ എഴുത്തുകൾ. വേൾഡ് കപ്പ് സമയത്ത് മാത്രം സ്പോർട്ട്സ്റ്റാർ മാഗസിൻ വാങ്ങാറുള്ള പതിവും, ഇഷ്ടതാരങ്ങളുടെ ചിത്രങ്ങൾ മുറിയിൽ ഒട്ടിച്ചുവെക്കുന്ന ശീലവും ഉണ്ടായിരുന്നു.

റേഡിയോ വരുന്നതിനും മുൻപ് ഏങ്ങിനെയായിരിക്കും ആളുകൾ ലോകകപ്പൊക്കെ ആസ്വദിച്ചിരുന്നത്? തീർച്ചയായും അന്നത്തെ ആരാധകർക്ക് തുണയായത് “ഭാവനയെ ഉണർത്തുന്ന” അടുത്ത ദിവസത്തെ പത്രങ്ങളിലെ റിപ്പോർട്ടുകളും, ചിത്രങ്ങളും തന്നെയായിരിക്കണം.

ലോകകപ്പിനെപ്പറ്റിയുള്ള അടുത്ത ഓർമ്മ തങ്ങിനിൽക്കുന്നത് എസ്കോബാറിലാണ്. 94-ലെ ആദ്യ മത്സരങ്ങളിൽ ഒന്നിൽ തന്റെ കാലിൽ നിന്നും പിറന്ന സെൽഫ് ഗോളിന് വെടിയുണ്ടകൾ ഏറ്റുവാങ്ങേണ്ടി വന്ന എസ്കോബാർ. ആദ്യ റൗണ്ടിൽ പുറത്തായതിന് ശേഷം സ്വന്തം നാടായ കൊളംബിയയിൽ, ഗോളി പോലുമില്ലാത്ത ജീവിതത്തിന്റെ പോസ്റ്റിൽ ആരാധകർ തൊടുത്തുവിട്ട ഉണ്ടകൾ സ്വന്തം നെഞ്ചിലേറ്റുവാങ്ങിയ എസ്കോബാർ 94ലെ ലോകകപ്പിന്റെ ദു:ഖമായിരുന്നു.

നാട്ടിൽ നടക്കുന്ന ചെറിയ ഫുട്ബോൾ ടൂർണ്ണമെന്റുകളിൽ പോലും തങ്ങളുടെ ടീം വിജയിച്ചാൽ കളിക്കാരെ മാലയണിയിച്ച് ചുമലിലെടുത്ത് ബാൻഡ്മേളത്തോടെ പ്രകടനം നടത്തുമായിരുന്നു നമ്മൾ. അതേപക്ഷം കളിയിൽ തോറ്റാൽ ചുമലിൽ തട്ടി “പോട്ടെടാ സാരല്യാ” എന്നും പറഞ്ഞ്, അടുത്ത ഹോട്ടലിൽ ചെന്ന് ബീഫും പൊറാട്ടയും കഴിച്ച് നിർവൃതിയടഞ്ഞവരാണ് നമ്മൾ. അതിനുമീതെ ഇളംചൂടുവെള്ളം കുടിച്ച് പിരിയുമ്പോൾ തോൽവിയും, എരിവും ചേർന്ന് കണ്ണുകൾ ഈറനണിയും. ഇത്തരം കാഴ്ചകളിലൂടെ കടന്നുപോയ തലമുറയ്ക്ക് കൊളംബിയ എന്ന രാജ്യം വെറുപ്പിന്റെ പര്യായമായി മാറുകയായിരുന്നു. റോബർട്ടോ ബാജിയോയുടെ പിഴവിലും, റൊമേരിയോ- ബെബറ്റോ കൂട്ടുകെട്ടിന്റെ മികവിലും 94 ബ്രസീൽ നേടി. ഗോൾ നേടുമ്പോൾ കുഞ്ഞിനെ താരാട്ടുന്ന ചുവടുകൾ വച്ച ബെബെറ്റോയും കൂട്ടരും ഓർമ്മയിൽ തങ്ങി നിൽക്കുന്നു.

98-ലെ ലോകകപ്പിന് മുൻപ് തന്നെ റൊണാൾഡോ എന്ന ബ്രസീലിയൻ / ഇന്റർമിലാൻ കളിക്കാരൻ മലയാളക്കരയെ സ്വാധീനിച്ചിരുന്നു. ചടുല വേഗതയോടെയുള്ള ഡ്രിബ്ലിംഗും, ആരെയും അമ്പരപ്പിക്കുന്ന ഫിനിഷിംങ്ങുമായി കളിക്കളം നിറഞ്ഞാടിയ റൊണാൽഡോയെ അനുകരിക്കാൻ സദാ പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന എത്രയെത്ര കളിക്കാർ..! ഇപ്പോഴും ഓർക്കുന്നു, അന്നത്തെ സെവൻസ് മത്സരങ്ങളിൽ റൊണാൾഡോയെ പോലെ മൊട്ടയടിച്ച്, സ്വയം ഒരു റൊണാൾഡോയായി മാറിയ കളിക്കാരെ.manas cp ,football

റൊണാൾഡോ പ്രതീക്ഷയ്ക്കൊത്തുയർന്നെങ്കിലും 98 സാക്ഷ്യം വഹിച്ചത് മറ്റൊരു താരത്തിന്റെ ഉദയമായിരുന്നു.. സാക്ഷാൽ സിനദേൻ സിദാൻ.. സിദാനെപ്പോലൊരു പ്ലേ-മേക്കറെ അതിനു മുൻപോ പിന്നീടോ കാണാൻ സാധിച്ചിട്ടില്ല. ഒരോ മത്സരങ്ങൾ കളിക്കുമ്പോഴും കോച്ചിങ് ക്യാമ്പുകളിൽ നിന്നും സ്വായത്തമാക്കിയ വിദ്യകളേക്കാൾ നമ്മളെ നയിക്കുന്നത് നമ്മുടെ ഇഷ്ടതാരങ്ങൾ തന്നെയാണ്. 98വരെ മറഡോണയെയും, റൊണാൾഡോയേയും സ്മരിച്ചായിരുന്നു കളിച്ചതെങ്കിൽ, അതിനും ശേഷം എന്നും സിദാനെ തന്നെയായിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം പരമ്പരാഗത ബ്രസീൽ – അർജന്റീന ഫാൻസ് യുദ്ധത്തിൽ നിന്ന് മാറിച്ചിന്തിക്കുവാനും സിദാൻ ഒരു ഹേതു തന്നെയാണ്. 2006ൽ മൈതാനത്തിൽ വച്ച് എതിർകളിക്കാരന്റെ വംശീയ അധിക്ഷേപം സഹിക്കവയ്യാതെ ഹെഡ് ചെയ്ത് വീഴ്ത്തിയെങ്കിലും, സിദാൻ എന്ന കാൽപ്പന്തിന്റെ രാജാവ് കോട്ടം തട്ടാതെ എന്നും ഹൃദയത്തിൽ നിറഞ്ഞുനിൽക്കും.

റൊണാൾഡോയുടെ കൂടെ, കളിക്കളത്തിൽ സാംബാ നൃത്തച്ചുവടുകൾ വച്ച റൊണാൾഡീഞ്ഞോയും, ലോകം കണ്ട എക്കാലത്തെയും പവർ പ്ലയറായ റോബർട്ടോ കാർലോസും, റിവാൾഡോയും, കഫുവും എല്ലാം ചേർന്ന ഒരു ടീമിനെ പരാജയപ്പെടുത്തുക എന്നത് ശ്രമകരം തന്നെ. 2002 പ്രതീക്ഷകൾ തെറ്റിച്ചില്ല. റൊണാൾഡീഞ്ഞോയെ ഓർക്കുമ്പോൾ നാട്ടിലെ ഒരു പ്രശസ്ത ക്ലബ്ബായ ഫ്ലെമിംഗോ വെള്ളിമാടുകുന്നിന്റെ അനിൽകുമാർ എന്ന കളിക്കാരനെയാണ് ഓർമ്മവരിക. പന്തിന് മുന്നിൽ ഇരുവശത്തേയ്ക്ക് നൃത്തം വെക്കുകയും, എതിർകളിക്കാരെ സംശയമുനയിൽ നൃത്തം വെയ്പ്പിക്കുകയും ചെയ്യുന്ന റൊണാൾഡീഞ്ഞോയെ അക്ഷരാർത്ഥത്തിൽ അനിൽകുമാർ അനുകരിച്ചിരുന്നു.

എന്നും അത്ഭുതത്തോടെ നോക്കുകയും, അനുകരണാതീതനുമായിരുന്നു റോബർട്ടോ കാർലോസ്. കാർലോസിന്റെ ത്രോ-കൾ ഒരു ഫ്രീക്കിക്കോളം മികച്ചു നിന്നിരുന്നു.

2014ലെ ലോകകപ്പ് സമയത്ത് ഒരു വൈകുന്നേരം മീഡിയകളിൽ ഒരു ബ്രേക്കിങ്ങ് ന്യൂസ് വന്നത് ഓർക്കുന്നു. “ബ്രസീൽ-അർജന്റീന ഫാൻസ് തമ്മിൽ ഏറ്റുമുട്ടി” എന്നതായിരുന്നു ആ വാർത്ത. കേരളമല്ലാതെ വേറെ ഏതൊരു സ്ഥലത്താണ് നമ്മൾക്ക് ഇങ്ങനെ ഒരു വാർത്ത കേൾക്കാനാവുക? മലയാളിയല്ലാത്ത ഏതൊരാൾക്കും ഈ വാർത്ത കേട്ടാൽ ഭ്രാന്താണെന്നേ തോന്നൂ. അതെ ഭ്രാന്ത് തന്നെയാണ് നമുക്ക് ഫുട്ബോളിനോട്. തങ്ങളുയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം പോലെ, തങ്ങളിഷ്ടപ്പെടുന്ന ടീമിന് വേണ്ടി ഏതറ്റം വരെയും നമ്മൾ പോകും. ടീം തോറ്റാൽ പാതി മുടിയും, പാതി മീശയും എടുക്കാൻ നമ്മൾ തയ്യാറാണ്. ഇപ്പോൾ കേരളത്തിന്റെ പലയിടങ്ങളും വർണ്ണാഭമാണ്. ഇഷ്ടപ്പെട്ട ടീമിന്റെ കൊടികളോ, കളിക്കാരുടെ ഫ്ലക്സോ നിറഞ്ഞാടുന്നു,manas c p , football

ഇനിയുള്ള ഒരു മാസം ലോകകപ്പിന്റേത് മാത്രമാണ്. എല്ലാ ദു:ഖങ്ങളും മറന്ന് നമ്മൾ ഒരു പന്തിന് പിറകേ ഉരുളും. നാട്ടിലും ഇത്തരത്തിൽ ആഴ്ചകൾ നീണ്ടു നിൽക്കുന്ന നിരവധി ടൂർണ്ണമെന്റുകൾ ഉണ്ടായിരുന്നു. പക്ഷേ ഇന്ന് അവസ്ഥ മാറി. ഇന്നത്തേത് ഭൂരിപക്ഷവും വൺഡേ ടൂർണ്ണമെന്റുകളാണ്. രാവിലെ തുടങ്ങി വൈകീട്ടോ, അല്ലെങ്കിൽ വൈകീട്ട് തുടങ്ങി “ഫ്ലഡ് ലൈറ്റിൽ” പുലർച്ചയ്ക്കോ തീരുന്ന മത്സരങ്ങൾ. പഴയതിൽ നിന്നും തിരക്കുപിടിച്ച പുതിയ കാലമാകാം ഇത്തരത്തിലൊരു സംസകാരത്തിലേക്ക് നമ്മെ നയിച്ചത്. കളിക്കാരെ സംബന്ധിച്ചിടത്തോളം ആദ്യ മത്സരങ്ങൾ കഴിഞ്ഞാൽ ക്ഷീണിക്കുകയും, ഫൈനലിലേക്കെത്തുമ്പോൾ കാര്യങ്ങൾ ഒരു ഒത്തുതീർപ്പിലേയ്ക്കുമാണ് നീങ്ങാറുള്ളത്. കാണികളെ സംബന്ധിച്ചിടത്തോളം കുറച്ച് മത്സരങ്ങൾ കഴിഞ്ഞാൽ ഒരു മരവിപ്പാണ്. ഇങ്ങനെയൊരു ടൂർണ്ണമന്റ് അടുത്തയിടെ കാണുവാനായി. കോഴിക്കോട് കിണാശ്ശേരിയിൽ ഡി.വൈ.എഫ്.ഐ നടത്തിയ മത്സരങ്ങൾ. ഫ്ല്ഡ് ലൈറ്റിൽ നിറഞ്ഞ കാണികൾക്ക് നടുവിലായി കണ്ട ഈ മത്സരങ്ങൾ കണ്ടപ്പോൾ ഒന്നു തീർച്ചയായി. ഒരു നിധി പോലെ നമ്മൾ ഫുട്ബോളിനെ സൂക്ഷിക്കുന്നു. ഇവിടുത്തെ ഒരു മത്സരത്തിൽ “സുഡാനി ഫ്രം നൈജീരിയ” എന്ന സിനിമയിലെ ഉമ്മയോടൊത്ത് കളിക്കാരെ പരിചയപ്പെടാൻ സാധിച്ചതിന്റെ ആഹ്ലാദവും ഇവിടെ പങ്കുവെയ്ക്കുന്നു.

മറഡോണയും, ബ്രസീലിന്റെ റൊണാൾഡോയും, സിദാനും കഴിഞ്ഞാൽ നമുക്ക് രണ്ട് സൂപ്പർ താരങ്ങളേ ഉള്ളൂ. മെസ്സിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും. ക്ലബ് കിരീടങ്ങൾ നിരവധി നേടിയിട്ടുണ്ടെങ്കിലും, ഇരുവർക്കും തങ്ങളുടെ രാജ്യത്തിന് വേണ്ടി ലോകകപ്പ് നേടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ലോകപ്പ് നേടാൻ തീർത്തും യോഗ്യർ ജർമ്മനി തന്നെയായിരുന്നു. എന്നാലും അധികസമയത്ത് ഗോളി മാത്രം മുന്നിലുള്ളപ്പോൾ മെസ്സിയുടെ ഒരു പ്ലേസ്മൻറ് ഇഞ്ചുകളുടെ വ്യത്യാസത്തിൽ വെളിയിൽ പോയപ്പോൾ, മെസ്സിയെ സ്നേഹിച്ച, ഹൃദയം കൊണ്ട് ഫുട്ബോളിനെ സ്നേഹിച്ചവരുടെ ഹൃദയം ഒന്നു തേങ്ങിയിരിക്കും. ഒരുപക്ഷേ ഈ രണ്ടുപേരുടെയും അവസാനത്തെ ലോകകപ്പാണ് ഇത് എന്നത് സങ്കടകരം തന്നെ. ഇഷ്ടരാജ്യങ്ങളുടെയും, താരങ്ങളുടെയും മത്സരങ്ങൾക്കും, പുത്തൻ തരോദയങ്ങൾക്കും, സർവ്വോപരി നല്ല കളികൾക്കുമായി നമുക്ക് കാത്തിരിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook