തന്റെ രണ്ടാം ലോകകപ്പിനിറങ്ങിയ റൊമേലു ലുകാക്കു ആദ്യ കളിയില്‍ തന്നെ ഇരട്ട ഗോളടിച്ച് താന്‍ ചില്ലറക്കാരനല്ലെന്നത് അടിവരയിട്ട് പറഞ്ഞിരിക്കുകയാണ്. ഇന്ന് ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്ന ഗോള്‍ വേട്ടക്കാരനിലേക്കുള്ള ലുകാക്കുവിന്റെ ജീവിതം പക്ഷെ പട്ടിണിയോടുള്ള പോരാട്ടമായിരുന്നു.
ലുകാക്കുവിന്റെ ഇളയ സഹോദരന്‍ ജോര്‍ദാനും ചുവന്ന ചെകുത്താന്മാരുടെ ടീമിലുണ്ട്. ലുകാക്കുവിന്റെ പിതാവ് റോജര്‍ ലുകാക്കുവും മുന്‍ ഫുട്‌ബോള്‍ താരമാണ്. ബെല്‍ജിയം ക്ലബ്ബായ കെവി മെക്ലെന്റെ താരമായിരുന്നു അദ്ദേഹം. ലുകാക്കുവിന് ആറ് വയസ് പ്രായമുള്ളപ്പോള്‍ 1999ലാണ് അച്‌ഛന്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നത്.
തന്റെ ജീവിതത്തിലെ കഷ്‌ടപ്പാടുകളെ കുറിച്ച് ലുകാക്കു പറയുകയാണ്.
”കുളിക്കണമെങ്കില്‍ ചൂടുവെള്ളമൊന്നുമുണ്ടായിരുന്നില്ല. അമ്മ ചായപാത്രത്തില്‍ വെള്ളം ചൂടാക്കി കൊണ്ടു വരുമായിരുന്നു. ഞാന്‍ ഷവറിന്റെ കീഴെ നിന്ന് ആ വെള്ളം കപ്പ് കൊണ്ട് തലയിലൂടെ കോരിയൊഴിക്കും. പലപ്പോഴും അടുത്തുള്ള ബേക്കറിയില്‍ നിന്നും അമ്മയ്‌ക്ക് ബ്രെഡ് കടം വാങ്ങേണ്ടി വന്നു.”
”എന്റെ അനിയനെ കടയുടമയ്‌ക്ക് അറിയാമായിരുന്നു. അതുകൊണ്ട് തിങ്കളാഴ്‌ച റൊട്ടി കടമായി തരും. വെളളിയാഴ്‌ച കാശ് കൊടുത്താല്‍ മതിയാകും.” ഒരു മാധ്യമത്തിന് വേണ്ടി എഴുതിയ അനുഭവക്കുറിപ്പിലായിരുന്നു ലുകാക്കു മനസ് തുറന്നത്.
‘കഞ്ഞിയിൽ വെള്ളമൊഴിച്ച് മാത്രം കുടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ഞങ്ങൾക്ക്. വീട്ടിലാകെ ഓടി നടക്കുന്ന എലികൾ, അവറ്റയുടെ ശല്യമാണെന്ന് തോന്നുന്നു എന്നെ ഒരു ചൂടനാക്കിയത്. ഈ ചുറ്റുപാടിൽ നിന്നാണ് ഞാനും ജോർദനും ഇന്നത്തെ നിലയിൽ എത്തിയത്’. അന്ന് ആറു വയസുകാരനായിരുന്ന ലുകാക്കു തന്റെ അച്‌ഛനും അമ്മയ്‌ക്കും ഉറപ്പു നല്‍കുകയായിരുന്നു, 16-ാം വയസില്‍ താനൊരു പ്രൊഫഷണല്‍ താരമായി മാറുമെന്നും തങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും.
”ഞാന്‍ നിങ്ങളോട് പറയട്ടെ, ഞാന്‍ കളിച്ച ഓരോ കളിയും ഫൈനലായിരുന്നു. പാര്‍ക്കില്‍ കളിച്ചപ്പോള്‍ അത് ഫൈനലായിരുന്നു. കിന്റര്‍ഗാര്‍ഡനില്‍ കളിച്ചപ്പോള്‍ അത് ഫൈനലായിരുന്നു. ഞാന്‍ വളരെ സീരിയസായിരുന്നു. ഓരോ തവണയും ഗോളടിക്കുമ്പോള്‍ ഞാന്‍ പന്ത് വലിച്ച് കീറാന്‍ ശ്രമിക്കും. ഞാന്‍ കളിക്കുകയല്ല, നിന്നെ കൊല്ലാന്‍ നോക്കുകയാണെന്ന് പറയുന്ന പോലെ,” ലുകാക്കു പറയുന്നു.
12-ാം വയസില്‍ യൂത്ത് ക്ലബ്ബായ ലിയേ്‌സിന് വേണ്ടി കളിച്ച ലുക്കാക്കു 34 മൽസരങ്ങളില്‍ നിന്നും നേടിയത് 76 ഗോളുകളായിരുന്നു. വീട്ടില്‍ കേബിളില്ലാത്തതിനാല്‍ 2002 ലോകകപ്പ് തനിക്ക് കാണാന്‍ സാധിച്ചിരുന്നില്ലെന്നും കൂട്ടുകാരുടെ വീട്ടില്‍ നിന്നുമായിരുന്നു കളി കണ്ടിരുന്നതെന്നും ലുകാക്കു പറയുന്നു.
പ്രാദേശിക ക്ലബ്ബിന്റെ അണ്ടര്‍ 19 ടീമിലെത്തിയ ലുകാക്കു കളിക്കളത്തില്‍ ഇറങ്ങുന്നത് കോച്ചിനോട് ബെറ്റ് വച്ചായിരുന്നു. അന്ന് പ്രായം 16 ആയിരുന്നു. കളിപ്പിക്കാന്‍ താല്‍പര്യമില്ലാതിരുന്ന കോച്ചിനോട് ലുകാക്കു പറഞ്ഞത് ഡിസംബര്‍ ആകുമ്പോഴേക്കും 25 ഗോളുകള്‍ അടിക്കാം എന്നായിരുന്നു. ഇല്ലെങ്കില്‍ തിരിച്ച് ബെഞ്ചിലേക്ക് മടങ്ങണമെന്ന കോച്ചിന്റെ നിബന്ധയില്‍ ലുകാക്കു കളിക്കളത്തിലിറങ്ങി. തീര്‍ന്നില്ല ലുക്കാക്കു ജയിച്ചാല്‍ താരങ്ങളുടെ വണ്ടി ക്ലീന്‍ ചെയ്യാമെന്നും എല്ലാവര്‍ക്കും പാന്‍ കേക്കുണ്ടാക്കി തരാമെന്നുമായി കോച്ച്.
പക്ഷെ നവംബര്‍ ആകുമ്പോഴേക്കും ലുകാക്കു വാക്ക് പാലിച്ചു. 25 ഗോള്‍ താരം നേടി. കോച്ച് തന്റെ വാക്കും പാലിച്ചു. 2009 ല്‍ ആന്‍ഡെര്‍ലെച്ചറ്റും സ്റ്റാന്‍ഡേര്‍ഡ് ലീഗും പോയിന്റ് ടേബിളില്‍ തുല്യരായപ്പോള്‍ വിജയികളെ പ്ലേ ഓഫിലൂടെ തീരുമാനിക്കാം എന്നായി. അന്ന് ലുകാക്കുവിനെ ടീമിലേക്ക് വിളിച്ചു. തന്റെ ആദ്യ പ്രൊഫഷണല്‍ കരാറില്‍ അങ്ങനെ ലുക്കാക്കു ഒപ്പിട്ടു. കളിയുടെ 63-ാം മിനിറ്റില്‍ ആന്‍ഡെര്‍ലെച്റ്റിനായി മൈതാനത്തെത്തി.
തന്റെ 16-ാം വയസില്‍ എന്ത് ചെയ്യുമെന്ന് തന്റെ അമ്മയ്‌ക്ക് ലുകാക്കു വാക്കു കൊടുത്തുവോ അത് അയാള്‍ പാലിച്ചിരുന്നു. പക്ഷെ തനിക്കന്ന് പതിനാറ് വര്‍ഷവും 11 ദിവസവുമായിരുന്നു പ്രായമെന്നും അതുകൊണ്ട് താന്‍ വാക്കു പാലിക്കുന്നതില്‍ 11 ദിവസം വൈകിയെന്നുമാണ് ലുകാക്കു പറയുന്നത്.
തന്റെ കരിയറിന്റെ തുടക്കത്തില്‍ ബെല്‍ജിയം ആരാധകര്‍ വരെ തന്നെ അപമാനിച്ചിരുന്നുവെന്നും ലുകാക്കു പറയുന്നു. താന്‍ ഗോളടിക്കാന്‍ തുടങ്ങിയപ്പോഴാണ് തന്നെ അവര്‍ ബെല്‍ജിയം സ്‌ട്രൈക്കര്‍ എന്നു വിളിക്കാന്‍ തുടങ്ങിയതെന്നും അല്ലെങ്കില്‍ കോങ്കോക്കാരനായ ബെല്‍ജിയം സ്‌ട്രൈക്കര്‍ എന്നാണ് വിളിച്ചിരുന്നതെന്നും താരം ഓര്‍ക്കുന്നു. ലുകാക്കു ജനിച്ചത് ബെല്‍ജിയത്തിലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കുടുംബ വേരുകള്‍ കോങ്കോയിലായിരുന്നു. താന്‍ അനുഭവിച്ച പട്ടിണിയെ കുറിച്ച് അവര്‍ക്ക് അറിയില്ലെന്നും അതുകൊണ്ടാണ് അവര്‍ തന്നെ പിന്തുണയ്‌ക്കാത്തതെന്നും ലുക്കാക്കു പറയുന്നു.
കുട്ടിക്കാലത്ത് താന്‍ കളിക്കാനിറങ്ങുമ്പോള്‍ എതിര്‍ ടീമിലെ കുട്ടികളുടെ രക്ഷിതാക്കള്‍ തന്റെ പ്രായവും എവിടുത്തുകാരനാണെന്നും അറിയാനായി ഐഡി കാര്‍ഡ് ചോദിച്ച സംഭവത്തെ കുറിച്ചും ലുകാക്കു ഓര്‍മ്മിക്കുന്നു. ഇവനേതാണെന്നായിരുന്നു അവര്‍ ചോദിച്ചിരുന്നുവെന്നും തന്റെ ഐഡി കാര്‍ഡ് വാങ്ങി അവര്‍ പരിശോധിക്കുമ്പോള്‍ തന്റെ രക്തം തിളയ്‌ക്കുകയായിരുന്നുവെന്നും താരം പറയുന്നു.
‘എനിക്ക് ഒന്നുമില്ലാത്തപ്പോള്‍ നിങ്ങള്‍ എനിക്കൊപ്പം നിന്നില്ലെങ്കില്‍, പിന്നെ എന്നെ നിങ്ങള്‍ക്ക് എങ്ങനെയാണ് മനസിലാക്കാന്‍ സാധിക്കുക.” ലുകാക്കു ചോദിക്കുന്നു. താന്‍ ചെല്‍സിയിലെത്തിയതിന് ശേഷം കളിക്കാതിരുന്നപ്പോള്‍ അവര്‍ തന്നെ നോക്കി ചിരിക്കുന്നത് കണ്ടിട്ടുണ്ടെന്നും താരം പറയുന്നു.
തന്റെ ജീവിതത്തില്‍ ലുകാക്കു ഏറ്റവും കൂടുതല്‍ ഇഷ്‌ടപ്പെടുന്ന വ്യക്തി അദ്ദേഹത്തിന്റെ മുത്തച്‌ഛനാണ്. അയാളാണ് ലുകാക്കുവിനെ കോങ്കോയുമായി ബന്ധപ്പെടുത്തുന്ന ഘടകം. ഒരിക്കല്‍ കളി ജയിച്ചെത്തിയ തന്നെ അദ്ദേഹം വിളിച്ച സംഭവം ലുകാക്കു ഇങ്ങനെയാണ് ഓര്‍ക്കുന്നത്.
”മുത്തച്‌ഛന്‍ വിളിച്ചു. ഞാന്‍ കളിയെ കുറിച്ച് കുറേ സംസാരിച്ചു. ഞാന്‍ ഗോളടിച്ചതും ഞങ്ങള്‍ ജയിച്ചതുമൊക്കെ പറഞ്ഞു. പക്ഷെ അദ്ദേഹം എന്നോട് തനിക്ക് ഒരു വാക്കു തരുമോ എന്നായിരുന്നു ചോദിച്ചത്. എന്താണെന്ന് ചോദിച്ചപ്പോള്‍ എന്റെ മകളെ നോക്കുമെന്ന് വാക്കുതരാന്‍ പറഞ്ഞു. എനിക്കൊന്നും മനസിലായില്ല. അഞ്ച് ദിവസം കഴിഞ്ഞ് അദ്ദേഹം ഞങ്ങളോട് വിട പറഞ്ഞു. അപ്പോഴാണ് ആ വാക്കുകളുടെ അര്‍ത്ഥം എനിക്ക് മനസിലായത്.”
ഇന്ന് തന്റെ മുത്തച്‌ഛന്‍ ജീവനോടെയുണ്ടായിരുന്നുവെങ്കില്‍ എന്ന് ലുകാക്കു ആഗ്രഹിക്കുന്നുണ്ട്. ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് തനിക്ക് പറയാമായിരുന്നു നിങ്ങളുടെ മകളെ ഞാന്‍ പൊന്നു പോലെ നോക്കുന്നുണ്ടെന്ന്.
ബെല്‍ജിയത്തിന്റെ ചരിത്രത്തിലെ ഏറ്റവും മഹാനായ താരമാവുകയായിരുന്നു എന്നും തന്റെ സ്വപ്‌നമെന്നും ലുകാക്കു കുറിപ്പില്‍ പറയുന്നു. ആഴ്‌സണലിന്റെ ഇതിഹാസ താരം തിയറി ഹെന്റിയുടെ പരിശീലനത്തെ കുറിച്ചും ലുക്കാക്കു വാചാലനാകുന്നുണ്ട്.
”ഞങ്ങള്‍ കുട്ടികളായിരുന്ന കാലത്ത് തിയറി ഹെന്‍റിയുടെ കളി കാണാന്‍ പോലും സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ എന്നും അദ്ദേഹത്തോടൊപ്പമാണ് കളിക്കുന്നത്. ഒരു ഇതിഹാസത്തോടൊപ്പമാണ് ഞാന്‍ നില്‍ക്കുന്നത്. അദ്ദേഹമാണ് എനിക്ക് കളി പറഞ്ഞ് തരുന്നത്. ഇതിലും വലുത് എന്തു വേണം,” ലുകാക്കു കൂട്ടിച്ചേര്‍ക്കുന്നു.
”ഇന്ന് അവര്‍ എന്നോട് ഐഡി കാര്‍ഡ് ചോദിക്കില്ല. അവര്‍ക്കിന്ന് എന്റെ പേരറിയാം” ലുകാക്കു പറഞ്ഞവസാനിപ്പിക്കുന്നു. ബെല്‍ജിയത്തിനായി എതിരാളികളുടെ വല നിറയ്‌ക്കാനുള്ള യാത്ര അയാള്‍ തുടരുകയാണ്.