FIFA World Cup 2018 : ഗ്രൂപ്പ് ഇ മൽസരത്തില്‍ സെർബിയക്കെതിരെ കാനറികള്‍ക്ക് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് വിജയം. പൗളീഞ്ഞോയും സില്‍വയുമാണ് കാനറികള്‍ക്ക് വേണ്ടി ഗോള്‍ നേടിയത്. ഇന്നത്തെ വിജയത്തോടെ ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു.
കഴിഞ്ഞ കളിയില്‍ നിന്ന് യാതൊരു മാറ്റവും ഇല്ലാതെയാണ് ബ്രസീല്‍ ഇറങ്ങിയത് എങ്കിലും ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ പരുക്കേറ്റ മാഴ്സലോയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യേണ്ടി വന്നു. അറ്റ്ലറ്റിക്കോ മാഡ്രിഡ് താരം ഫിലിപ്പെ ലൂയിസ് ആണ് പകരക്കാരനായി ഇറങ്ങിയത്.
ഇരുപതും ഇരുപത്തിരണ്ടും വയസ്സുള്ള രണ്ട് സെന്‍ട്രല്‍ ബാക്കുകളടക്കം യുവാക്കളുടെ ഒരു നിരയെ ഇറക്കിയ സെര്‍ബിയയ്ക്ക് വിജയം അനിവാര്യവുമായിരുന്നു. തുടക്കം മുതല്‍ ബ്രസീലിയന്‍ മുന്നേറ്റങ്ങളെ തടുത്ത് നിര്‍ത്താനാകാതെ അവര്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
ആദ്യപകുതി പൂര്‍ണമായും ബ്രസീലിന് അനുകൂലമായിരുന്നു. 36-ാം മിനിറ്റില്‍ ബാഴ്സലോണയുടെ മധ്യനിരതാരം പൗളീഞ്ഞോയിലൂടെ ബ്രസീല്‍ തങ്ങളുടെ അക്കൗണ്ട് തുറന്നു. ബോക്സിനരികില്‍ ഇടംപിടിച്ച താരത്തിന് കുട്ടീഞ്ഞോ നല്കിയ ഒരു പിന്‍പോയന്റ് പാസ് സെര്‍ബിയന്‍ ഗോളിക്ക് മുകളിലെ ലോബ് ചെയ്തായിരുന്നു പൗളീഞ്ഞോയുടെ ഗോള്‍!
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെടാത്ത സെര്‍ബിയ മികച്ച ചില മുന്നേറ്റങ്ങള്‍ക്ക് തിരികൊളുത്തി. ഒരു സമയത്ത് തങ്ങളുടെ ഹൈ പ്രെസിങ് ഗെയിമിലൂടെ ബ്രസീലിനെ നല്ല രീതിയില്‍ സമ്മര്ദത്തിലാക്കുവാനും സെര്‍ബിയയ്ക്ക് കഴിഞ്ഞു. ബോക്സ് റ്റു ബോക്സ് മിഡ്ഫീല്‍ഡറായ പൗളീഞ്ഞോയെ വലിച്ച് പകരം ഡിഫന്‍സീവ് സ്വഭാവമുള്ള ഫെര്‍ണാണ്ടീഞ്ഞോയെ ഇറക്കുന്നതായിരുന്നു ബ്രസീല്‍ പരിശീലകന് ടിറ്റോയുടെ മറുതന്ത്രം.
68-ാം മിനിറ്റില്‍ നെയ്മര്‍ എടുത്ത കോര്‍ണര്‍ കിക്കില്‍ ഹെഡ്ഡര്‍ കണ്ടെത്തിക്കൊണ്ട് തിയാഗോ സില്‍വ ബ്രസീലിനുവേണ്ടി രണ്ടാം ഗോള്‍ നേടുന്നു. സെര്‍ബിയയുടെ ആത്മവിശ്വാസം തല്ലിക്കെടുത്തുന്നതായിരുന്നു രണ്ടാം ഗോള്‍. പലപ്പോഴും ഗോള്‍മുഖം വരെ എത്തിയെങ്കിലും ഒരു നല്ല ഫിനിഷ് പോലും കണ്ടെത്താന്‍ നെയ്മറിന് ആയില്ല.