FIFA World Cup 2018 Nigeria Vs Iceland Score: മോസ്കോ: ലോകകപ്പിലെ ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ ഐസ്‌ലന്റിന് മുകളിൽ നൈജീരിയക്ക് ആധിപത്യം. സ്‌കാന്റിനേവിയൻ രാഷ്ട്രത്തെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ് നൈജീരിയ വിജയിച്ചത്. ഇതോടെ ഗ്രൂപ്പ് ഡിയിൽ നൈജീരിയക്ക് മൂന്ന് പോയിന്റായി.

മൂസയാണ് നൈജീരിയയുടെ വിജയശിൽപ്പി. ഗോൾമുഖത്തേക്ക് തൊടുത്ത ആദ്യ മൂന്ന് ഷോട്ടുകളിൽ രണ്ടും അദ്ദേഹം ഗോളാക്കി മാറ്റി. ആദ്യപകുതിയിൽ ഗോൾരഹിത സമനില വഴങ്ങിയ ശേഷമായിരുന്നു നൈജീരിയയുടെ മുന്നേറ്റം.

ക്രൊയേഷ്യക്ക് എതിരായ ആദ്യ മത്സരത്തിൽ കളത്തിന് പുറത്തിരുന്ന അഹമ്മദ് മൂസയുടെ ടീമിലേക്കുളള മടങ്ങിവരവാണ് ആഫ്രിക്കൻ ശക്തികൾക്ക് കരുത്തായത്. അദ്ദേഹം രണ്ടാം പകുതിയിൽ 49ാം മിനിറ്റിലാണ് തകർപ്പൻ ഷോട്ടിലൂടെ ഐസ്‌ലന്റിന്റെ ഗോൾ വല കുലുക്കിയത്.

ലീഡ് നേടിയ ശേഷം സമനില പിടിക്കാനുളള ശ്രമത്തിലായിരുന്നു ഐസ്‌ലന്റ് എന്നാൽ ഇടതുവിങ്ങിലൂടെ അഹമ്മദ് മൂസ അടിക്കടി ഐസ്‌ലന്റ് ഗോൾമുഖത്തേക്ക് പന്തുമായി പാഞ്ഞെത്തി.  പിന്നീട് 75ാം മിനിറ്റിൽ ഒറ്റയ്ക്ക് പന്തുമായി മുന്നേറിയ മൂസയെ തടുക്കാൻ ഐസ്‌ലന്റ് ഗോളി മുന്നോട്ട് കയറിവന്നു. എന്നാൽ സമർത്ഥമായി ഇദ്ദേഹത്തെ കബളിപ്പിച്ച മൂസ പന്തുമായി ഗോൾവലയ്ക്ക് മുന്നിലെത്തി. ഈ സമയത്ത് രണ്ട് പ്രതിരോധ താരങ്ങൾ മൂസയ്ക്ക് മുന്നിൽ നിന്നെങ്കിലും അതയാൾക്ക് വെല്ലുവിളിയായതേയില്ല. അനായസമായി അയാൾ ലക്ഷ്യം കണ്ടു.

ഇതോടെ ഗ്രൂപ്പ് ഡിയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ക്രൊയേഷ്യയ്ക്ക് ആറ് പോയിന്റും നൈജീരിയക്ക് മൂന്ന് പോയിന്റുമായി. മൂന്നും നാലും സ്ഥാനത്തുളള ഐസ്‌ലന്റിനും അർജന്റീനയ്ക്കും ഓരോ പോയിന്റ് വീതമാണുളളത്. മൂന്നാം മത്സരത്തിൽ ഐസ്‌ലന്റും ക്രൊയേഷ്യയും, നൈജീരിയയും അർജന്റീനയുമാണ് ഏറ്റുമുട്ടുക. ഈ മത്സരത്തിൽ ഐസ്‌ലന്റും നൈജീരിയയും തോറ്റാൽ അർജന്റീനയ്ക്ക് പ്രീ ക്വാർട്ടറിൽ എത്താം. എന്നാൽ പ്രതിരോധ നിര അർജന്റീനയക്ക് കനത്ത വെല്ലുവിളിയാണ്.

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook