FIFA World Cup 2018 മോസ്കോ: റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരെ ഏറ്റ കനത്ത തോൽവിക്ക് പിന്നാലെ അർജന്റീനയുടെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും അഗ്യൂറോയും വിരമിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. നൈജീരിയക്കെതിരായ മത്സരത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

ഇംഗ്ലീഷ് ദിനപ്പത്രമായ മിററാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവർക്ക് പുറമെ പ്രതിരോധ താരം മാർക്കസ് റോജോ, മഷെരാനോ, ഡി മരിയ, ബനേഗ എന്നിവരും വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ അർജന്റീന ഇക്കുറി ലോകകപ്പിൽ ഇടംപിടിച്ചത് യോഗ്യത റൗണ്ടിലെ അവസാന ഘട്ടത്തിലാണ്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ ഐസ്‌ലന്റ് താരങ്ങൾ അർജന്റീനയെ സമനിലയിൽ പൂട്ടി. ഓരോ ഗോൾ വീതം നേടിയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്.

എന്നാൽ ക്രൊയേഷ്യക്കെതിരായ മത്സരം അർജന്റീനയെ കൂടുതൽ തളർത്തി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ക്രൊയേഷ്യ കളിക്കളത്തിൽ ആനന്ദ നൃത്തം ചവിട്ടിയത്.

കഴിഞ്ഞ ലോകകപ്പിന് പിന്നാലെ കോപ്പ അമേരിക്ക ഫൈനലിലും അർജന്റീന ഇടംപിടിച്ചിരുന്നു. എന്നാൽ കോപ്പ ഫൈനലിൽ ചിലിയായിരുന്നു അർജന്റീനയെ തകർത്തത്. ഈ മത്സരത്തിലെ  പരാജയത്തിന് പിന്നാലെ മെസ്സിയും മഷെരാനോയും അഗ്യുറോയും ഹിഗ്വെയ്നും അടക്കം ഏഴ് താരങ്ങളാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

എന്നാൽ പിന്നീട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇടപെട്ടാണ് ഈ താരങ്ങളെ തിരികെ ടീമിലേക്ക് എത്തിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ