FIFA World Cup 2018: ചരിത്രം കുറിച്ച് കിലിയന്‍ എംബാപ്പെ. പെറുവിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രാന്‍സ് ജയിക്കുമ്പോള്‍ ആ ഗോള്‍ പിറന്നത് എംബാപ്പെ എന്ന 19 കാരന്റെ കാലുകളില്‍ നിന്നുമായിരുന്നു. യുവതാരത്തിന്റെ ഗോള്‍ ചരിത്രത്തിലേക്കു കൂടിയുള്ളതായിരുന്നു.

ഫ്രാന്‍സിന് വേണ്ടി ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് ഇന്നത്തെ ഗോളോടെ എംബാപ്പെ സ്വന്തമാക്കിയത്. 19 വര്‍ഷവും 183 ദിവസവുമാണ് എംബാപ്പെയുടെ പ്രായം ഗോള്‍ നേടുമ്പോള്‍. ഫ്രാന്‍സിന്റെ ഇതിഹാസ താരങ്ങളിലൊരാളായ ഡേവിഡ് ട്രെസഗെയുടെ റെക്കോര്‍ഡാണ് ഇതോടെ എംബാപ്പെ തകര്‍ത്തത്.

20 വര്‍ഷവും 246 ദിവസവും പ്രായമുള്ളപ്പോള്‍ 1998 ലോകകപ്പില്‍ സൗദി അറേബ്യയ്‌ക്കെതിരെയായിരുന്നു ട്രെസഗയുടെ ഗോള്‍ പിറന്നത്. കൃത്യം 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എംബാപ്പെ ട്രെസഗെയുടെ റെക്കോര്‍ഡ് തകര്‍ക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

രണ്ടാം പകുതിയില്‍ എംബാപ്പെയെ പിന്‍വലിച്ചപ്പോള്‍ എതിര്‍ ടീം താരങ്ങള്‍ പോലും അരികിലെത്തി ഹസ്‌തദാനം നല്‍കിയെന്നതും ആ താരം മൈതാനത്തുണ്ടാക്കിയ ഇംപാക്‌ടിന്റെ തെളിവാണ്.

എംബാപ്പെ നേടിയ ഒരേയൊരു ഗോളിന്റെ മികവിലാണ് ഫ്രഞ്ച് പട പെറുവിനെ കീഴടക്കുന്നത്. മൽസരത്തിലുടനീളം ആക്രമിച്ച് കളിച്ചെങ്കിലും പെറുവിന് ഒരു ഗോള്‍ പോലും നേടാനായില്ല. ഇതോടെ മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിന് യോഗ്യതനേടിയ പെറുവിന്റെ റഷ്യന്‍ സ്വപ്‌നങ്ങളും അസ്‌തമിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ