ഗ്രൂപ്പ് ബിയിലെ അവസാന മൽസരത്തില്‍ ഇറാനെ നേരിടുന്ന പോര്‍ച്ചുഗീസ് ടീമിന് ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. പോര്‍ച്ചുഗീസ് ടീമിന്റെ ഉറക്കം കെടുത്തിയത് മറ്റാരുമല്ല. ഇറാന് ആരാധകര്‍ തന്നെയാണ്.
ഞായറാഴ്ച രാത്രി അമ്പതോളംപേര്‍ വരുന്ന ഇറാന് ആരാധകര്‍ പോര്‍ച്ചുഗീസ് താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ സംഘടിച്ചെത്തിയതോടെയാണ് കാര്യങ്ങള്‍ തിരിഞ്ഞു മറിഞ്ഞത്. കൊട്ടാനുള്ള ഡ്രമ്മുകളും കുഴലും പീപ്പികളുമായാണ് സറന്സ്കില് പോര്‍ച്ചുഗീസ് താരങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ വളപ്പില്‍ ഇറാന് ആരാധകര്‍ എത്തിച്ചേര്‍ന്നത്. കൊട്ടുംപാട്ടുമായി ആരാധകര്‍ ശബ്ദം വച്ച് തുടങ്ങിയതോടെ പോര്‍ച്ചുഗീസ് താരങ്ങളുടെ ഉറക്കത്തിന്റെ കാര്യത്തിലും തീരുമാനമായി !
ഒടുവില്‍ പോര്‍ച്ചുഗീസ് നായകന് സാക്ഷാല്‍ റൊണാള്‍ഡോ തന്നെ അപേക്ഷയുമായി വന്നു. ഹോട്ടലിന്റെ ജനാലക്കരികില്‍ വന്ന സൂപ്പര്‍ താരം ഇറാന് ആരാധകരോട് ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടു. ദയവുചെയ്ത് നിര്‍ത്തൂ തനിക്ക് ഉറങ്ങണം എന്ന് ആംഗ്യഭാഷയില്‍ പറഞ്ഞ താരം ആരാധകരെ പ്രോത്സാഹിപ്പിച്ചതിന് ശേഷമാണ് മടങ്ങിപ്പോയത്.
ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലുമായുള്ള മൽസരം ഇറാന് നിര്‍ണായകമാണ്. പരാജയപ്പെടുകയാണ് എങ്കില്‍ ഇറാന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ പൊഴിഞ്ഞുവീഴും. പോര്‍ച്ചുഗല്‍ തോല്‍ക്കുകയും സ്പെയിനും മൊറോക്കോയുമായി നടക്കുന്ന ഗ്രൂപ്പിലെ മറ്റ് മൽസരത്തില്‍ സ്പെയിന് വലിയൊരു മാര്‍ജിനില്‍ തോല്‍ക്കുകയും ചെയ്താല്‍ ഇറാന് അടുത്ത റൗണ്ടിലേക്ക് യോഗ്യത ലഭിക്കും.