കൊറിയന്‍ താരങ്ങളെ കളിയാക്കാനായി പറയാറുണ്ട് ഇവരെ എങ്ങനെ തിരിച്ചറിയാനാണ്, എല്ലാവരും ഒരുപോലെ ഇരിക്കുന്നു എന്ന്. തമാശയായി പറയുന്ന അതേ കാര്യം കൊറിയ ഇന്ന് തങ്ങളുടെ പോസിറ്റീവാക്കി മാറ്റിയിരിക്കുകയാണ്. എതിരാളികളെ കബളിപ്പിക്കാന്‍ കൊറിയന്‍ താരങ്ങള്‍ മനഃപൂര്‍വ്വം ജഴ്സി മാറ്റിയിട്ടായിരുന്നു സൗഹൃദ മൽസരങ്ങള്ക്കിറങ്ങിയത്.
കൊറിയയുടെ പരിശീലകനായ ഷിന് തായ് യങ് തന്നെയാണ് തങ്ങളുടെ തന്ത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ജഴ്സി നോക്കി പേരു പഠിച്ചാല്‍ മാത്രമേ തങ്ങളുടെ താരങ്ങളെ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് താരങ്ങളോട് ജഴ്സി പരസ്പരം മാറ്റിയിട്ട് കളിക്കാന്‍ താന്‍ പറയുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
ലോകകപ്പിന് മുന്നോടിയായി ബൊളീവിയയ്ക്കും സെനഗലിനും ഓസ്ട്രിയയ്ക്കും എതിരെ നടന്ന മൽസരങ്ങളിലായിരുന്നു കൊറിയ ഈ പത്തൊമ്പതാമത്തെ അടവ് പുറത്തെടുത്തത്. സൂപ്പര്‍ താരമായ സണ്‍ ഹ്യൂങ് മിന്നിന്നും നായകന് കി സുങ് യങിനും ഒഴികെയുള്ള താരങ്ങള്‍ക്കായിരുന്നു കോച്ചിന്റെ ഈ നിര്‍ദ്ദേശം ലഭിച്ചത്. തങ്ങളുടെ ടീമിന്റെ തന്ത്രങ്ങള്‍ പഠിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് തടയുകയായിരുന്നു ലക്ഷ്യം.
സ്വീഡന് എതിരായ മൽസരത്തിന് മുന്നോടിയാണ് കോച്ച് ഇത് തുറന്ന് പറഞ്ഞത്. സ്വീഡന് കൊറിയയുടെ പരിശീലനം നിരീക്ഷിക്കാനായി ചാരന്മാരെ ഏര്‍പ്പെടുത്തിയിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.
പശ്ചാത്യര്‍ക്ക് ഏഷ്യക്കാരെ വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നും അതുകൊണ്ടാണ് ഇങ്ങനൊരു നീക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൊറിയയ്ക്ക് സൗഹൃദ മൽസരങ്ങളില്‍ സെനഗലിനോട് പരാജയവും ബൊളീവിയയോട് ഗോള്‍ രഹിത സമനിലയും ഏറ്റുവാങ്ങേണ്ടി വന്നു. ലോകകപ്പിലും കൊറിയയ്ക്ക് ശോഭിക്കാന്‍ സാധിച്ചില്ല. അവസാന മൽസരത്തില്‍ ചാമ്പ്യന്മാരായ ജര്‍മ്മനിയെ പരാജയപ്പെടുത്തിയതാണ് ഏക ആശ്വാസം. ജര്‍മ്മനി ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തു.