മോസ്‌കോ: രണ്ടാം അങ്കത്തില്‍ പനാമയെ ഗോള്‍ മഴയില്‍ മുക്കി ഇംഗ്ലണ്ട്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകളായിരുന്നു ഇംഗ്ലണ്ട് നേടിയിരുന്നതെങ്കില്‍ രണ്ടാം പകുതിയില്‍ അത് ആറായി ഉയര്‍ന്നു. നായകന്‍ ഹാരി കെയ്ന്‍ മൂന്ന് ഗോളുകളുമായി മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു. കെയ്‌നിന്റെ മൂന്നില്‍ രണ്ട് ഗോളും പിറന്നത് പെനാല്‍റ്റിയില്‍ നിന്നാണ്.

കളിയിലുടനീളം ഹാരി കെയ്‌നും സംഘവും പനാമയ്‌ക്കു മേല്‍ ആധിപത്യം പുലര്‍ത്തുകയായിരുന്നു. ഒരിക്കല്‍ പോലും കളിയെ ഇംഗ്ലണ്ടിന്റെ പകുതിയിലെത്തിക്കാന്‍ പനാമയ്‌ക്ക് സാധിച്ചില്ല. ഹാട്രിക്കോടെ പല റെക്കോര്‍ഡുകളും ഹാരി കെയ്ന്‍ തിരുത്തിക്കുറിക്കുകയും ചെയ്‌തു. തന്റെ ആദ്യ ലോകകപ്പിലെ ആദ്യത്തെ രണ്ടു കളിയില്‍ നിന്നും ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമായി ഹാരി കെയ്ന്‍ മാറി. 1974 ല്‍ പോളണ്ടിന്റെ ലാറ്റോ ആണ് ഈ നേട്ടം കൈവരിച്ചത്.

1986 ന് ശേഷം തുടര്‍ച്ചയായ രണ്ട് കളികളില്‍ രണ്ടോ അതിലധികമോ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ഹാരി കെയ്‌ന്റെ പേരിലായി മാറി. എന്നാല്‍ ഇന്നത്തെ ഹാട്രിക്കോടെ ഈ ലോകകപ്പിലെ ടോപ്പ് സ്‌കോററായും ഹാരി കെയ്ന്‍ മാറി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ നേട്ടം.

നേരത്തെ നാല് ഗോളുമായി മുന്നില്‍ നിന്നിരുന്നത് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബെല്‍ജിയത്തിന്റെ സൂപ്പര്‍ താരം ലുകാക്കുവുമായിരുന്നു. ഇരുവരും നാല് ഗോളായിരുന്നു നേടിയിരുന്നത്. കളിയ്‌ക്ക് മുമ്പ് രണ്ട് ഗോള്‍ നേടിയുന്ന ഹാരി ഹാട്രിക്കോടെ തന്റെ ഗോള്‍ നേട്ടം അഞ്ചാക്കി ഉയര്‍ത്തുകയും പട്ടികയില്‍ ഒന്നാമതെത്തുകയും ചെയ്‌തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ