ബ്രസീലില്‍ നിന്നും മുങ്ങി, റഷ്യയില്‍ പൊങ്ങിയ ഫെര്‍ണാണ്ടസ്; ലോകകപ്പ് കാത്തുവച്ച ട്വിസ്റ്റില്‍ ഹീറോയില്‍ നിന്നും സീറോയിലേക്ക്

FIFA World Cup 2018: അർജന്‍റീനയ്ക്കെതിരായ മത്സരത്തിന് മണിക്കൂറുകള്‍ മുന്‍പാണ് ഫെർണാണ്ടസ് അപ്രതക്ഷ്യനാകുന്നത്. ക്ലബ്ബിന്‍റെ ക്യാംപില്‍ നിന്നും ഫെർണാണ്ടസിനെ കാണാതായത് പത്ര വാർത്തകളുടെ തലക്കെട്ടിലിടം പിടിച്ചിരുന്നു.

FIFA World Cup 2018: ഫുട്‌ബോള്‍ അനിശ്ചിത്വത്തങ്ങളുടെ കളിയാണ്. ഒരു നിമിഷം കൊണ്ട് ചരിത്രം മാറ്റി മറിക്കപ്പെടും. അതികായന്മാര്‍ പോലും അടി തെറ്റി വീഴും. അതുവരെ ആരുമറിയാതെ കിടന്നിരുന്നവര്‍ ലോകം കീഴടക്കും. ഇന്നലെ ക്രെയേഷ്യ-റഷ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ അത്തരത്തിലൊന്നായിരുന്നു.

ക്രെയേഷ്യയ്‌ക്കെതിരെ 31-ാം മിനിറ്റില്‍ മുന്നിലെത്തിയ റഷ്യ നിരന്തരം ക്രെയേഷ്യയെ പേടിപ്പിച്ചു കൊണ്ടാണ് കീഴടങ്ങിയത്. വീഡയുടെ ഗോളോടെ ക്രെയേഷ്യ ജയിച്ചെന്ന് ഉറപ്പിച്ചിരുന്നിടത്താണ് അവസാനനിമിഷം ഫെര്‍ണാണ്ടസിലൂടെ റഷ്യ ഒപ്പമെത്തുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയിയെ കണ്ടെത്തിയത് പെനാല്‍റ്റിയിലായിരുന്നു. അവിടേയും പോരാട്ടം അവസാന കിക്ക് വരെ അനിശ്ചിതത്വം നിറഞ്ഞതായിരുന്നു.

ഇന്നലെത്തെ കളിയില്‍ ഒരു നിമിഷം കൊണ്ട് റഷ്യയുടെ മുഴുവന്‍ ഹീറോയായി മാറിയ ആളാണ് മരിയോ ഫെര്‍ണാണ്ടസ്. അയാളുടെ ഗോളിലായിരുന്നു റഷ്യ കൈവിട്ട കളിയില്‍ ക്രെയേഷ്യയ്‌ക്കൊപ്പമെത്തിയത്. എന്നാല്‍ വീര നായകന്‍ തൊട്ടടുത്ത നിമിഷം തന്നെ റഷ്യയുടെ ദുരന്തനാകനുമായി. റഷ്യയ്ക്കായി പെനാല്‍റ്റി കിക്കെടുത്ത ഫെര്‍ണാണ്ടസിന് ലക്ഷ്യം പിഴക്കുകയായിരുന്നു.

ഫെര്‍ണാണ്ടസിന്റെ ലോകകപ്പ് യാത്രയും ഇതുപോലെ അനിശ്ചിത്വത്തങ്ങളും ട്വിസ്റ്റുകളും നിറഞ്ഞതായിരുന്നു. ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും കരുത്തരായ ലോകമെമ്പാടും ആരാധകരുള്ള ടീമുകളിലൊന്നായ ബ്രസീലിലായിരുന്നു ഫെര്‍ണാണ്ടസ് ജനിച്ചത്. തന്റെ 21-ാം വയസില്‍ ബ്രസീല്‍ ടീമില്‍ കളിക്കാനുള്ള അവസരം തട്ടിക്കളഞ്ഞാണ് ഫെര്‍ണാണ്ടസ് റഷ്യയെ സ്വീകരിക്കുന്നത്.

2011 ലായിരുന്നു ഫുട്‌ബോള്‍ ലോകത്തെ തന്നെ ഞെട്ടിച്ച ആ സംഭവമുണ്ടാകുന്നത്. അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള സൂപ്പര്‍ക്ലാസിക്കോ പോരാട്ടത്തില്‍ ബ്രസീലിന് വേണ്ടി ഇറങ്ങേണ്ടവനായിരുന്നു ഫെര്‍ണാണ്ടസ്. എന്നാല്‍ എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ട് ഫെര്‍ണാണ്ടസ് ബ്രസീലിയന്‍ ടീം ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടായിരുന്നു കളിക്ക് എത്താതിരുന്നത് എന്നായിരുന്നു അന്ന് ഫെര്‍ണാണ്ടസ് നല്‍കിയ വിശദീകരണം.

എന്നാല്‍ ആ നീക്കത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇന്നും വ്യക്തമല്ല. ഫെര്‍ണാണ്ടസിന്റെ മനസ് മാറ്റാന്‍ ഒരുപാട് ശ്രമിച്ചെന്ന് അദ്ദേഹത്തിന്റെ ഏജന്റുമാര്‍ പറഞ്ഞിരുന്നു. നാളുകള്‍ക്ക് ശേഷം വീണ്ടും ഫെര്‍ണാണ്ടസ് വാര്‍ത്തകളില്‍ നിറഞ്ഞു. ബ്രസീലിയന്‍ ക്ലബ്ബായ ഗ്രീമിയോയുടെ താരമായിരുന്നു ഫെര്‍ണാണ്ടസ്. ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഫെര്‍ണാണ്ടസ് വീണ്ടും ദിവസങ്ങളോളം അപ്രത്യക്ഷനായി. എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഒടുവില്‍ പൊലീസ് ഇടപെട്ടു. ടീമിന്റെ ബേസില്‍ നിന്നും കീലോമീറ്ററുകള്‍ അകലെയുള്ള പോര്‍ട്ട അള്‍ഗ്രെയില്‍ താരത്തെ കണ്ടെത്തുകയായിരുന്നു.

ഹോം സിക്ക്‌നെസ് മൂലമാണ് വിട്ടു നിന്നതെന്നായിരുന്നു ഫെര്‍ണാണ്ടസ് പറഞ്ഞത്. ”അതെല്ലാം കഴിഞ്ഞതാണ്. ഞാന്‍ ഒരുപാട് മാറിയിട്ടുണ്ട്. എന്റെ കാലുകള്‍ ഇപ്പോള്‍ നിലത്താണ്. റഷ്യന്‍ ടീമിനെ എന്നാലാവും വിധം സഹായിക്കുകയാണ് ഇപ്പോള്‍ ലക്ഷ്യം.” ലോകകപ്പ് വേദിയില്‍ വച്ച് ഫെര്‍ണാണ്ടസ് പറഞ്ഞതാണ്.

പ്രതിഭാധനരായ ഒരുപാട് താരങ്ങളെ ലോകത്തിന് സമ്മാനിച്ച ടീമാണ് ബ്രസീല്‍. അവരെ പോലെ തന്നെ ബ്രസീലിന് വേണ്ടി ലോകം കീഴടക്കാന്‍ പോന്നവനായിട്ടായിരുന്നു ഫെര്‍ണാണ്ടസും വിലയിരുത്തപ്പെട്ടിരുന്നത്. താരത്തെ ലക്ഷ്യമിട്ട് യൂറോപ്യന്‍ വമ്പന്മാരായ ഇന്റര്‍മിലാനും റയല്‍ മാഡ്രിഡും വരെ രംഗത്തുണ്ടായിരുന്നു. എന്നാല്‍ എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ടാണ് താരം സിഎസ്‌കെഎ മോസ്‌ക്കോയുമായി 2012 ല്‍ കരാറില്‍ ഒപ്പിടുന്നത്.

2011 ല്‍ ബ്രസീല്‍ ടീമില്‍ റിപ്പോര്‍ട്ട് ചെയ്യാതെ മാറി നിന്ന ഫെര്‍ണാണ്ടസ് പിന്നീട് ഒരിക്കല്‍ കൂടി ദേശീയ ടീമിലേക്ക് വിളിക്കപ്പെട്ടു. 2014 ലോകകപ്പിന്റെ സൗഹൃദ മത്സരത്തില്‍ ജപ്പാനെതിരെ. 2016 ലാണ് റഷ്യയ്ക്കു വേണ്ടി കളിക്കാന്‍ ഫെര്‍ണാണ്ടസ് തീരുമാനിക്കുന്നത്. ആ വര്‍ഷം തന്നെയാണ് റഷ്യന്‍ പൗരത്വവും ലഭിക്കുന്നത്. 2017 കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ കളിക്കാമെന്ന് പ്രതീക്ഷിച്ചെങ്കിലും പരുക്ക് വില്ലനായി. പിന്നീട് അരങ്ങേറി.

ആറ് വര്‍ഷമായി ഫെര്‍ണാണ്ടസ് റഷ്യയിലുണ്ട്. ഇപ്പോഴും പോര്‍ച്ചുഗീസ് ഭാഷ മാത്രമേ സംസാരിക്കുകയുള്ളൂ. ബ്രസീല്‍ ടീമില്‍ കളിക്കുന്നില്ലെന്ന് തീരുമാനിച്ചെങ്കിലും ടീമുമായും താരങ്ങളുമായും ഇപ്പോഴും ഫെര്‍ണാണ്ടസ് നല്ല ബന്ധം തന്നെയാണ് സൂക്ഷിക്കുന്നത്. പ്രത്യേകിച്ചും ക്ലബ്ബ് ഫുട്‌ബോളില്‍ സഹതാരമായിരുന്ന ഡഗ്ലസ് കോസ്റ്റയുമായി.

ട്വിസ്റ്റുകള്‍ നിറഞ്ഞ ഫെര്‍ണാണ്ടസിന്റെ ജീവിതം ഇന്നലെ മൈതാനത്ത് വീണ്ടുമൊരു ട്വിസ്റ്റുമായി എത്തുകയായിരുന്നു. ഹീറോയില്‍ നിന്നും സീറോയിലേക്ക് നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അയാള്‍ പതിച്ചത്.

Web Title: Fifa world cup 2018 from hero to zero story of mario fernandes

Next Story
റഷ്യന്‍ പ്രധാനമന്ത്രിയെ കാഴ്‌ചക്കാരനാക്കി ക്രെയേഷ്യന്‍ വനിതാ പ്രസിഡന്റിന്റെ നൃത്തം
The moderation of comments is automated and not cleared manually by malayalam.indianexpress.com