scorecardresearch
Latest News

Fifa World Cup 2018 : ഫുട്ബോള്‍ തോല്‍ക്കുന്നവരുടെ കൂടി കളിയാണ്

കളവും കാലവും നിറഞ്ഞു നിന്ന് തന്റെ ഗോള്‍ വലയം ഭദ്രമായി കാത്ത് നിര്‍ത്തിയ ഗോള്‍ വലയത്തിന്റെ കാവല്‍ക്കാരനും പ്രതിരോധ നിരക്കാരനും ആരുമറിയാതെ പരസരം ആശ്ലേഷിച്ചു. കളിയും ജയവും അവരുടെതല്ലായിരുന്നെന്ന് അറിഞ്ഞിട്ടും അവര്‍ ആഘോഷിച്ചു..

Fifa World Cup 2018 : ഫുട്ബോള്‍ തോല്‍ക്കുന്നവരുടെ കൂടി കളിയാണ്

“ഗോളികളുടെ സ്ഥായിയായ ഭാവം ദൃക്‌സാക്ഷിത്വമാണ്. പെനാല്‍റ്റി കിക്ക് നേരിടുമ്പോള്‍ അതയാള്‍ക്ക് നഷ്ട്ടപ്പെടുന്നു, പകരം കിട്ടുന്നതോ അല്‍പം സഭാകമ്പം.” (ഹിഗ്വിറ്റ- എന്‍എസ് മാധവന്‍)

ഗീവര്‍ഗീസ് അച്ചന്‍ കണ്ടെത്തിയ ഗോളിമാരിലെ ഈ സഭാകമ്പം ആയിരിക്കുമോ ലോക ഫുട്ബാളിലെ മികച്ച താരങ്ങള്‍ക്ക് നല്‍കുന്ന അവാര്‍ഡിന് അവരെ പരിഗണിക്കാതെ പോവാനും കാരണം? 1963ല്‍ സോവിയറ്റ് യൂണിയന്റെ ഉജ്ജ്വലനായ ഗോള്‍ കീപര്‍ ലെവ് യാഷിന്‍ നേടിയ ബാല്ലോന്‍ ഡി ഓര്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ലോകത്തെ മറ്റൊരു ഗോളിക്കും മികച്ച ഫുട്ബോളര്‍ക്കുള്ള പുരസ്കാരം ലഭിച്ചിട്ടില്ല.

ഏതൊരു കളിയിലും ഏറ്റവും നിര്‍ണ്ണായകമായ സാന്നിധ്യമാണ് ഗോളി. മികച്ച ഗോളിയുള്ളത് കൊണ്ട് മാത്രം ലോക കിരീട വേദികളില്‍ മുന്നേറിയ നിരവധി ടീമുകളെ നമുക്കറിയാം .നൂറ്റാണ്ടിന്റെ സേവിലൂടെ സാക്ഷാല്‍ പെലേക്ക് മുന്നില്‍ അതികായനായി നിന്ന ലേവ് യാഷിന്‍. യാഷിന്‍റെ ഓര്‍മകള്‍ കൂടിയാണ് റഷ്യയിലെ ഈ ലോകകപ്പ്. ഒലിവര്‍ കാന്റെ ജെര്‍മനി 2002 ലോകകപ്പില്‍ നടത്തിയ മുന്നേറ്റം. നാല്‍പതാം വയസ്സില്‍ ലോക കിരീടം ഏറ്റുവാങ്ങിയ ദിനോസേഫിന്റെ ഇറ്റലി.. ഗോയ്കൊഷിയയുടെ പെനാല്‍റ്റി സേവുകള്‍ കാത്തു നിന്ന മറഡോണയുടെ അര്‍ജെന്റീന. ആര്യന്‍ റോബന്റെ കാലില്‍ നിന്നും പന്തും ലോകകപ്പും തട്ടിയെടുത്ത കാസില്ലാസ്. സിദാന്റെ തലയില്‍ നിന്നുതിര്‍ന്ന വെടിയുണ്ടയും ലോകകപ്പിനെയും തന്റെതക്കി മാറ്റിയ ബഫണ്‍.. തങ്ങളുടെ സാന്നിധ്യം കൊണ്ട് കളിയെ ധന്യമാക്കിയ ഗോളിമാര്‍ ലോക ഫുട്ബോള്‍ ചരിത്രത്തില്‍ ഒട്ടനവധിയാണ്. എന്നാല്‍ ഗോളടിയന്ത്രങ്ങളായ സ്ട്രൈക്കര്‍മാരുടെയും മധ്യനിരതാരങ്ങളുടെയും പ്രഭാവത്തില്‍ അവഗണിക്കപ്പെട്ടവരാണ് അവരില്‍ പലരും. വിരലിലെണ്ണാവുന്ന ഗോള്‍കീപ്പര്‍മാരെ മാത്രമാണ് ചെറുതായെങ്കിലും അംഗീകാരങ്ങള്‍ തേടിയെത്തിയത്.

ഫുട്ബോള്‍ ചരിത്രത്തെ തന്നെ മാറ്റിമറിച്ച ഒരുപാട് നിമിഷങ്ങള്‍ സമ്മാനിച്ച കാവല്‍ക്കാരന് ഒടുവില്‍ താന്‍ തടഞ്ഞു നിര്‍ത്തിയ പന്തുകള്‍ക്കിടയില്‍ ഒന്ന് കണ്ണ് തെറ്റിയപ്പോള്‍ തന്നെ കീഴപ്പെടുതിയവന് മുന്നില്‍ തല കുനിക്കേണ്ടിവരുന്നു . ജപ്പാന്‍ കൊറിയ ലോകകപ്പില്‍ തന്റെ ടീമിനെ ഒറ്റയ്ക്ക് ഫൈനല്‍ വരെ എത്തിച്ച ഒലിവര്‍ കാന്റെ പ്രകടനം ലോകം മറന്നുകാണില്ല. അതിനു മുന്‍പും യുവേഫ ചാമ്പ്യന്‍ ലീഗില്‍ തന്റെ മികവ് കൊണ്ട് മാത്രം ടീമിനെ ഉന്നതിയില്‍ എത്തിച്ച ഒലിവര്‍ കാന്‍ ഗോളിമാര്ടെ സാന്നിധ്യത്തില്‍ മാത്രമാണ് അന്നത്തെ ജര്‍മനി മുന്നേറിയത്.

തൊള്ളായിരത്തി അറുപതുകളില്‍ സോവിയറ്റ് യൂണിയന്റെ വലക്കു മുന്നിലെ കറുത്ത ചിലന്തിയായി നിന്ന ലേവ് യാഷിന്‍ തന്റെ കറുത്ത കയ്യുറക്കുള്ളില്‍ പന്തിന്റെ ഹൃദയത്തെ ചേര്‍ത്ത് വച്ചപ്പോള്‍ 1956 ലെ ഒളിമ്പിക്സും 1960 ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും സോവിയറ്റ് യൂണിയന്റെ ഷെല്‍ഫിലേക്ക് വന്നു. ബാല്ലന്‍ ഡി ഓര്‍ ജേതാവായ ഗോളി എന്ന ഖ്യാതി ഇപ്പോഴും അദ്ദേഹത്തിന് മാത്രം സ്വന്തമായുള്ളത്. അമ്പത് വര്‍ഷം പിന്നിടുമ്പോള്‍ പന്ത് പല ഗോള്‍കീപ്പര്‍മാരുടെയും മുന്നില്‍ അച്ചടക്കമുള്ള കുട്ടികളെ പോലെ നിന്നിട്ടും പിന്നീട് ഒരാളെപ്പോലും ആ പുരസ്‌കാരം തേടിയെത്തിയിട്ടില്ല എന്നത് സങ്കടകരമായ ഒരു വസ്തുത തന്നെയാണ് .

കാലത്തിനോടൊപ്പം ഗോളിയുടെ റോളുകളിലും കാതലായ മാറ്റം സംഭവിച്ചിട്ടുണ്ട്. പോസ്റ്റിലേക്ക് വരുന്ന പന്ത് പിടിക്കുക എന്ന പ്രാഥമിക ചുമതലയില്‍ നിന്ന് മറ്റ് സുപ്രധാന ചുമതലകളിലേക്ക് അവര്‍ മാറിയിട്ടുണ്ട്. ജര്‍മ്മന്‍ ഗോളി മാനുവല്‍ നോയെറിന്റെ കളി കണ്ടിട്ടുള്ള നമുക്ക് ആ മാറ്റത്തെ നമുക്ക് മനസിലാക്കാനാവും. കളിയിലെ ആക്രമണം തുടങ്ങുന്ന പ്രധമ കളിക്കാരനും പ്രതിരോധിക്കുന്ന അവസാനത്തെ കളിക്കാരനും ആയി ഗോളി പരിണമിച്ചു കഴിഞ്ഞു. പല ടീമുകളിലും ഇന്ന് ഗോളിമാര്‍ കളിക്കുന്നത് ‘സ്വീപ്പര്‍’ പൊസിഷനില്‍ ആണ്. ഡിഫന്‍ഡര്‍മാരെ മറികടന്ന് വരുന്ന അക്രമത്തെ തടുക്കാന്‍ ഗോളിമാര്‍ക്ക് മുന്നില്‍ നിലയുറപ്പിച്ച താരങ്ങളെയാണ് മുന്‍പ് സ്വീപ്പര്‍ എന്ന് വിളിച്ചിരുന്നത് എങ്കില്‍ ഇന്ന് ആ അധികച്ചുമതലയും ഗോളിമാര്‍ക്ക്മേല്‍ വന്നുചേര്‍ന്നു കഴിഞ്ഞു. കൈയ്യില്‍ പന്തോതുക്കുക എന്ന അതെ പ്രാധാന്യത്തോടെയാണ് ഗോളിയുടെ ഫുട്വര്‍ക്കും രൂപപ്പെടുത്തുന്നത്.

ഫുട്ബോള്‍ സൗന്ദര്യം എന്ന് വാഴ്ത്തിയ ചിലാവേര്‍ട്ടിനും ഹിഗിറ്റക്കും കമ്പോസ്നും ശേഷം അത്തരം ഭ്രാന്തന്‍ ഗോളിമാര്‍ കളിയില്‍ നിന്നും അന്യമായപ്പോള്‍ അവരുടെ കളി ശൈലിയെ പ്രായോഗിക തലത്തില്‍ മികച്ച രീതിയില്‍ ഉപയോഗിച്ച് പെനാല്‍റ്റി ബോക്സിന് വെളിയിലിറങ്ങി കളിയ്ക്കാന്‍ ധൈര്യം കൊടുക്കുന്ന കളി ശൈലിയിലേക്ക് ഇന്നത്തെ ഗോളിമാരുടെ തലമുറ വളര്‍ന്നു കഴിഞ്ഞു. കളിയുടെ ഏതു മന്ധലത്തില്‍ നിന്നും തനിക്കു നേരെ മൈനസ് പാസ്‌ വരുമ്പോള്‍ അതിനെ ആക്രമണം നടത്തേണ്ട വഴിയിലേക്ക് തിരിച്ചുവിടേണ്ടത് ഇന്ന് ഗോളിമാരുടെ ചുമതലയാണ്.

ഇക്കഴിഞ്ഞ കേരള പ്രീമിയ ലീഗ് മത്സരങ്ങള്‍ക്കിടയില്‍ ഗോകുലം കേരള എഫ് സി യുടെ ഗോള്‍ കീപര്‍ അജ്മല്‍ പെനാല്‍ടി ബോക്സിനു വെളിയില്‍ ഇറങ്ങി കളിച്ചത് ശ്രദ്ധയില്‍ പെട്ടിരുന്നു. നമ്മുടെ നാട്ടിലും ഇത്തരം മാറ്റങ്ങള്‍ വരവരിച്ചു എന്നതിന്റെ സൂചനയാണത്.

ലോകം കണ്ട മികച്ച ഗോളിമാര്‍ ആരൊക്കെ എന്ന് ചോദ്യം തീര്‍ച്ചയായും പ്രയാസകരമായ ഒന്നാണ് ആധുനിക കാലഘട്ടത്തിന്റെ ഗോളിമാര്‍ ആയി നിറഞ്ഞാടിയ ഒട്ടനവധിപേര്‍ നമ്മുടെ മുന്നിലുണ്ട് തുര്‍ക്കിയുടെ മുടിക്കാരന്‍ രുസ്തു രുക്ബെര്‍ , പറന്നു നടന്നു പന്തുകള്‍ തന്റെ നെഞ്ചോട് ഒതുക്കിയ നിജീരിയയുടെ ഒന്യെമ , മെക്സിക്കോയുടെ ഗോള്‍ വലയത്തിനു മുന്നില്‍ നിറങ്ങള്‍ കൊണ്ട് പൂരം തീര്‍ത്ത ജോര്‍ജെ കമ്പോസ്, കൊളംബിയയുടെ ഭ്രാന്തന്‍ ഗോളി ഹിഗ്വിറ, ഗോളടിച്ചു കൂട്ടിയ ചിലാവര്‍റ്റ്, അമേരിക്കയുടെ കേസി കെല്ലെര്‍ തോണ്ണൂറിലെ ലോക കപ്പില്‍ അര്‍ജെന്റിനയുടെ കാവല്‍ക്കാരനായ പെനാല്‍റ്റി പിടുത്തക്കാരന്‍ ഗോയ്കൊച്ചിയ , ഗോള്‍ വളയത്തിനു മുന്നില്‍ മായാലോകം തീര്‍ത്തവരുടെ എണ്ണം ഒടുങ്ങുന്നില്ല. ഇതില്‍ ചരിത്രത്തില്‍ എണ്ണപ്പെട്ടവര്‍ എത്രയെന്ന് മാത്രമാണ് ചോദ്യം.

തൊള്ളായിരത്തി അന്‍പതുകളിലും അറുപതുകളിലും സോവിയറ്റ് യൂണിയന്റെ ഗോള്‍ വലക്കു മുന്നില്‍ പടര്‍ന്നു നിന്ന കറുത്ത ചിലന്തി ലേവ് യാഷിനാകും ഒരുപക്ഷെ ഏറ്റവും ആഘോഷിക്കപ്പെടുന്ന ഒരാള്‍. നൂറ്റാണ്ടിന്റെ സേവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പെലെയുടെ ഹെഡ്ഡര്‍ തട്ടിത്തെറിപ്പിക്കുന്ന ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രത്തിലുണ്ട് ലേവ് യഷിന്റെ കഴിവ്. സെപ് മേയര്‍ , പീറ്റര്‍ ഷില്‍ട്ടന്‍, ഒലിവര്‍ കാന്‍, ജിയാന്‍ ലൂജ്ജി ബഫണ്‍, ഇകേര്‍ കാസില്ലാസ് .. ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട ഗോളിമാരുടെ എണ്ണം അങ്ങനെ നീണ്ടു പോവുകയാണ് .

ഗോളടിച്ചവന്റെ പേരില്‍ വിജയങ്ങള്‍ കുറിക്കപ്പെട്ടപ്പോള്‍ പുരസ്കാരങ്ങളുടെ വെള്ളിവെളിച്ചം എന്നും ഗോളിമാര്‍ക്ക് അന്യം. പുരസ്കാരങ്ങളും പ്രശസ്തിയും അവര്‍ക്ക് മേല്‍ നിറഞ്ഞുനിന്നു. കളിയില്‍ നിറഞ്ഞു അധ്വാനിച്ച പ്രതിരോധ നിരകാരനും കാവല്‍ക്കാരനും കൂടിവരും തിരസ്കരിക്കപ്പെട്ടവരുടെ ഈ പട്ടികയില്‍.

ബാല്ലോന്‍ ഡി ഓര്‍ പുരസ്കാരം പരിശോധിച്ചാല്‍, 1960 ലും 1956ലും ഇതിഹാസ ഗോളി ലേവ് യാഷിന്‍ അഞ്ചാം സ്ഥാനത്ത് എത്തി. 1961 ല്‍ യാഷിന്‍ നാലാം സ്ഥാനക്കാരന്‍. 1963ല്‍ യാഷിന്‍ ആ നേട്ടം കരസ്ഥമാക്കിയ ഇന്ന് വരെ ഉള്ള ഏക ഗോളിയായി അദ്ദേഹം! 1973 ഇല്‍ ഇറ്റലിയുടെ ദിനോ സേഫ് രണ്ടാം സ്ഥാനക്കാരന്‍, ലോക കപ്പ് നേടിയ ആദ്യത്തെ ഗോള്‍ കീപ്പര്‍ ക്യാപ്റ്റന്‍. തന്റെ നാല്പ്പതിമൂന്നം വയസ്സില്‍ ലോക കിരീടം ഉയര്‍ത്തിയ താരം. 2004 ല്‍ ഫിഫ പ്രസിദ്ധീകരിച്ച ജീവിച്ചിരിക്കുന്ന 100 ഇതിഹാസ താരങ്ങളുടെ ലിസ്റ്റില്‍ പെട്ട ബെല്‍ജിയത്തിന്റെ കാവല്‍ക്കാരന്‍ ജീന്‍ മാരീ ഫാഫ്, സോവിയറ്റ് യൂണിയന്റെ മറ്റൊരു ഇതിഹാസ ഗോളി രിനറ്റ് ദാസ്സെവ് എന്നിവര്‍ 1983 ല്‍ ആറാം സ്ഥാനം പങ്കിട്ടു. ഡെന്മാര്‍ക്ക് യൂറോ കപ്പില്‍ മുത്തമിട്ട കുതിപ്പിന് കടിഞ്ഞാന്‍ പിടിച്ച പീറെര്‍ സ്മിചെല്‍ 1992 ല്‍ അഞ്ചാം സ്ഥാനത്ത് എത്തി. 2001 , 2002 വര്‍ഷങ്ങളില്‍ തന്റെ മാസ്മരിക പ്രകടനങ്ങളിലൂടെ ലോക കപ്പിലും ചാമ്പ്യന്‍സ് ലീഗിലും തന്റെ ടീമുകളെ വിജയ തീരം അണച്ച ഒലിവര്‍ കാന്‍ മൂന്നാം സ്ഥാനം കൊണ്ട് ത്രുപ്തിയടയെണ്ടി വന്നു. വര്‍ത്തമാന കാലത്തെ ഗോളിമാരുടെ പ്രകടനത്തെ ലോകം വിലയിരുത്തിയ രീതി നമുക്ക് മുന്നില്‍ തുറന്നു കാട്ടുന്നതാണ് ഇത്.!

2006 ലോകകപ്പിലെ പ്രകടനം കൊണ്ട് ജിയാന്‍ ലുജ്ജി ബഫ്ഫന്‍ വീണ്ടും രണ്ടാം സ്ഥാനത്തെത്തി.
ഫുട്ബോള്‍ എന്നും ഗോള്‍ അടിക്കുന്നവന്റെ കളിയായിരുന്നു. അവന്റെ ആഘോഷങ്ങളായിരുന്നു ഫുട്ബോളിന്റെ ആഘോഷങ്ങള്‍. ഗോള്‍ വല കുലുക്കുന്നത് ക്യാമറകള്‍ ഒപ്പിയെടുക്കുമ്പോള്‍ പരാജിതന്റെ മുഖഭാവത്തോടെ തല കുനിഞ്ഞു നിന്ന കളിക്കാരന്റെ മുഖത്തെ അവര്‍ കണ്ടില്ല.

തന്റെ നിഴലിനെയും പുറകിലുള്ള ഗോള്‍ വലയേയും കൂട്ടുപിടിച്ചുള്ള കാത്തിരിപ്പ്‌. തന്റെ നേരെ തൊടുത്തു വിടുന്ന ബ്രഹ്മാസ്ത്രങ്ങളെ പ്രതിരോധിച്ചും തന്റെ ടീമിന്റെ വിജയത്തെ പുല്‍കാന്‍ ശ്വാസം കഴിക്കാതെ നില്‍ക്കുകയും ചെയ്യുന്ന അനേകം വര്‍ഷങ്ങള്‍ക്കപ്പുറവും അവശേഷിക്കുന്ന ഏകാന്തത. ആക്രമണത്തിന് തുടക്കമിട്ടും പ്രതിരോധത്തിന്റെ അവസാന വാക്കായി നിവര്‍ന്ന് നിന്നിട്ടും വായുവില്‍ ഒരു കളരിയഭ്യസിയുടെ മേയ് വഴക്കത്തോടെ പന്തിനെ പുല്‍കാന്‍ കുതിച്ചുയര്‍ന്നിട്ടും ചെറു പുഞ്ചിരിയോട്‌ കൂടി പന്തിനെ കിന്നരിച്ചും തെറ്റ് വരുത്തിയ തന്റെ കളിക്കാരനെ ശകാരിച്ചും പിന്നീട് തലയില്‍ തട്ടി ആശ്വസിപ്പിച്ചും ഉത്തേജിപ്പിച്ച് വിടുന്നയാള്‍. ഒടുവില്‍ തന്റെ ഹൃദയം തകര്‍ത്തു വലയിലേക്ക് പറന്നു പോയ പന്തിനെ നോക്കി ശൂന്യതയിലേക്ക് തെന്നിതെറിക്കും. നീണ്ട നെടുവീര്‍പ്പുകളില്‍ പുറമേ കാണാതെ വിങ്ങിപ്പൊട്ടും.

മറു വശത്ത് കളവും കാലവും നിറഞ്ഞു നിന്ന് തന്റെ ഗോള്‍ വലയം ഭദ്രമായി കാത്തു ടീമിന്റെ ജയത്തെ ഉറപ്പിച്ചു നിര്‍ത്തിയ ഗോള്‍ വലയത്തിന്റെ കാവല്‍ക്കാരനും പ്രതിരോധ നിരക്കാരനും ആരുമറിയാതെ പരസരം ആശ്ലേഷിച്ചു. കളിയും ജയവും അവരുടെതല്ലയിരുന്നെന്നു അറിഞ്ഞിട്ടും അവര്‍ ആഘോഷിച്ചു.. ഫുട്ബോള്‍ തോല്‍ക്കുന്നവരുടെ കൂടി കളിയാണ് !

Stay updated with the latest news headlines and all the latest Fifa news download Indian Express Malayalam App.

Web Title: Fifa world cup 2018 football goalkeepers lev yashin to buffon