FIFA World Cup 2018 : ഇരുന്നൂറ്റിപ്പതിനൊന്നില്‍ നിന്ന് ആറ്റിക്കുറിക്കിയ മുപ്പത്തിരണ്ടിലേക്ക്. പെരുംപോരുകള്‍ക്ക് ശേഷം ലോകഫുട്‌ബോള്‍ റഷ്യയിലെ കളത്തിട്ടുകളില്‍ പതിനാറിലേക്ക് ചുരുങ്ങിയിരിക്കുന്നു. നാല് ജയംകൂടി സ്വന്തമാക്കുന്നവര്‍ ഫുട്‌ബോളിലെ പുതിയ വിശ്വവിജയികള്‍. ഇതിനിടെ നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനി കൊമ്പുകുത്തി. അര്‍ജന്റീന വിറച്ചു. ബ്രസീല്‍ വിയര്‍ത്തു. ക്രോയേഷ്യയും ബെല്‍ജിയവും കരുത്തുകാട്ടി. മൊറോക്കോയും സെനഗലും ഇറാനും ഒട്ടുംപിന്നിലല്ലെന്ന് തെളിയിച്ചു.

പത്രം, റേഡിയോ, ടെലിവിഷന്‍, മൊബൈല്‍… കാലത്തിനൊത്ത് മാറുകയാണ് മനുഷ്യര്‍. വിരല്‍ത്തുമ്പിലായിരിക്കുന്നു ലോകം. ഈമാറ്റം ഫുട്‌ബോളിലും വ്യക്തം. ഗ്രൂപ്പ്ഘട്ട മത്സരങ്ങളില്‍ കണ്ടതും കാലത്തിന്റെ ഈമാറ്റം. വമ്പന്‍മാരും ദുര്‍ബലരുമെന്ന അതിര്‍വരമ്പ് മാഞ്ഞു. ആര്‍ക്കും ആരെയും തോല്‍പിക്കാം. ഇതുകൊണ്ടുതന്നെ സമീപകാല ലോകകപ്പുകളില്‍ ഏറ്റവും ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ സമ്മാനിച്ചത് റഷ്യയിലെ കളിത്തട്ടുകള്‍ തന്നെയാണ്.

ലോകകപ്പ് ആവേശം കേരളത്തിലേക്കെത്തിയാല്‍ കഥമാറും. രണ്ടായിപകുത്തെടുത്ത ആവേശം. ബ്രസീല്‍, അര്‍ജന്റീന ടീമുകളില്‍ വട്ടംചുറ്റുന്ന ആരാധകരോ ചാവേറുകളോ ആണ് ഏറെയും. സ്‌പെയ്ന്‍, ജര്‍മ്മനി, ലോകകപ്പിലില്ലെങ്കിലും ഹോളണ്ട് തുടങ്ങിയ ടീമുകള്‍ക്ക് ചെറിയ ആരാധകക്കൂട്ടമുണ്ടെങ്കിലും കാഴ്ചയിലും കേള്‍വിയിലും തെളിഞ്ഞുനില്‍ക്കുന്നത് അര്‍ജന്റീനയും ബ്രസീലും മാത്രം. ലാറ്റിനമേരിക്കന്‍ കളിയഴകാണ് ഇവരെ ഈടീമുകളുടെ ആരാധകരാക്കിയതെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും വാദം. എന്നാല്‍ ഫുട്‌ബോള്‍ മാറിയതും പറഞ്ഞുപഴകിയ സൗന്ദര്യവും ഈ ടീമുകള്‍ക്ക് എന്നേ നഷ്ടമായെന്ന് ആരും ഉള്‍ക്കൊള്ളുന്നില്ല. ഭൂതകാലക്കുളിരില്‍ അഭിരമിക്കുകയാണ് ഇപ്പോഴും എല്ലാവരും.

ഒരുടീമിനെയോ കളിക്കാരനേയോ ഇഷ്ടപ്പെടുന്നതിനെയോ ആരാധിക്കുന്നതിനെയോ വിമര്‍ശിക്കുകയോ ചോദ്യം ചെയ്യുകയോ അല്ല. അതെല്ലാം വ്യക്തിസ്വാതന്ത്ര്യം. പക്ഷേ, ഇല്ലാത്ത ഒന്ന് ഇപ്പോഴുമുണ്ടെന്ന് വാദിക്കുകയും ഗ്വാ..ഗ്വാ വിളിക്കുകയും ചെയ്യുമ്പോള്‍ വിയോജിപ്പ് അറിയിക്കാതെ വയ്യ. ലാറ്റിനമേരിക്കന്‍ ശൈലി ഫുട്‌ബോളില്‍ നിന്ന് വേരറ്റുപോയിരിക്കുന്നു എന്നതാണ് സത്യം. ബ്രസീലോ, അര്‍ജന്റീനയോ, ഉറൂഗ്വേയോ അറുപതുകളിലേയോ എഴുപതുകളിലേയോ സൗന്ദര്യഫുട്‌ബോള്‍ കളിക്കുന്നില്ല. കാലത്തിനൊത്ത് ടീമും കളിക്കാരും കളിയു മാറിയത് നമ്മുടെ ആരാധകര്‍ മാത്രം തിരിച്ചറിയുന്നില്ല.

യൂറോപ്യന്‍ ഫുട്‌ബോളിന്റെ കരുത്തിനെയും വേഗത്തേയും അതിജീവിക്കാന്‍ താരതമ്യേന കായികക്ഷമത കുറഞ്ഞ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ കളിക്കാരും പരിശീലകരും കണ്ടെത്തിയ കളിശൈലിയെയാണ് ഇപ്പോഴും എല്ലാവരും വാഴ്ത്തുന്നത്. അങ്ങനെ ഒന്നുണ്ടായിരുന്നു എന്നത് സത്യം. ഇപ്പോഴില്ല എന്നതും സത്യം. യൂറോപ്യന്‍ ഫുട്‌ബോളിലും സമാനമാറ്റം വന്നു. കരുത്തും വേഗവും മാത്രമല്ല ഈ ടീമുകള്‍ക്ക് ഇപ്പോഴുള്ളത്. ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും ഇപ്പോള്‍ റഷ്യയിലെയും ലോകകപ്പുകളില്‍ ഇത് വ്യക്തം. ഇതുകൊണ്ടുതന്നെയാണ് ടീമുകള്‍ തമ്മിലുള്ള അന്തരം കുറയുകയും ഏറക്കുറെ സമാനശൈലിയില്‍ കളിക്കുകയും ചെയ്യുന്നത്. മിക്ക ടീമുകളും 4-2-3-1കേളീ ശൈലി പിന്തുടരുന്നതും ഇത് ശരിവയ്ക്കുന്നു.

എണ്‍പതുകളോടെയാണ് ഫുട്‌ബോളിലെ ശൈലീമാറ്റങ്ങളുടെ ഇടര്‍ച്ച തുടങ്ങുന്നത്. ലാറ്റിനമേരിക്കന്‍ താരങ്ങള്‍ യൂറോപ്യന്‍ ക്ലബുകളിലേക്ക് ചേക്കേറിത്തുടങ്ങി. തൊണ്ണൂറുകളില്‍ ഇത് വ്യാപകരമായി. പത്തുമാസത്തോളം യൂറോപ്യന്‍ ക്ലബുകളില്‍ കളിക്കുന്ന താരങ്ങളുടെ ശാരീരികക്ഷമത ഉയര്‍ന്നു. കളിശൈലിയും വേഗവും താളവും മാറി. ദേശീയടീമിലേക്ക് തിരികെയെത്തുമ്പോള്‍ ഈ മാറ്റം അവിടെയും പ്രതിഫലിക്കുക സ്വാഭാവികം. പക്ഷേ, പന്തില്‍ കവിതരചിക്കലും സാംബാ നൃത്തച്ചുവടുകളും ഇല്ലാതെ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇപ്പോഴും ലോകകപ്പിനെ കാണാനാവില്ല. ഹൈപ്രസ്സിംഗ് ഫുട്‌ബോളിന്റെ കാലമാണിത്. എതിരാളിയുടെ പകുതിയിലേക്ക് കളിമാറ്റി സമ്മര്‍ദ്ദംകൂട്ടുന്ന ശൈലി പിന്തുടരുമ്പോള്‍ കവിതരചിക്കാനും നൃത്തംവയ്ക്കാനുമുള്ള ഇടങ്ങള്‍ കളിത്തട്ടില്‍ കിട്ടുക പ്രയാസം.


ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റി തടുക്കുന്ന ഇറാന്‍ ഗോളി

പ്രീക്വാര്‍ട്ടറിലെത്തിയ ജപ്പാന്‍ ഉള്‍പ്പടെയുള്ള 16 ടീമുകളെ പരിശോധിക്കുക. കളിമികവിലും കരുത്തിലും വലിയവ്യത്യാസം കാണാവില്ല. ലയണല്‍ മെസി, ക്രിസ്ത്യാനോ റൊണാള്‍ഡോ, ഫിലിപ്പ് കുട്ടീഞ്ഞോ, ഹാരി കേന്‍, റൊമേലു ലുക്കാകു, ലൂക്കാ മോഡ്രിച്ച് തുടങ്ങിയ കളിക്കാരുടെ വ്യക്തിഗത മികവാണ് ടീമുകള്‍ തമ്മിലുള്ള അന്തരം. ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ കളിയിലും ഇത് പ്രകടമായിരുന്നു. മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും നയിക്കുന്ന മധ്യനിരയുള്ള ക്രോയേഷ്യ ഒഴികെ ആധികാരികമായി കളിച്ച ഒറ്റടീമിനെയും കാണാനാവില്ല. ഇത് അര്‍ജന്റീനയും ബ്രസീലും അടക്കമുള്ള ടീമുകളുടെ മോശാവസ്ഥ മാത്രമായി ചുരുക്കുക വയ്യ. എതിരാളികള്‍ കളിയില്‍ ആര്‍ജിച്ച മികവുകൂടിയാണ്. ഒരുടീമും ഒരേശൈലിയില്‍ മൂന്ന് കളിയും പൂര്‍ത്തിയാക്കിയിട്ടില്ല എന്നതും ശ്രദ്ധേയം. എതിരാളികളുടെ ശക്തിയും ദൗര്‍ബല്യവും കൂട്ടിക്കിഴിച്ചാണ് ഓരോപരിശീലകനും ടീമിനെ വ്യന്യസിക്കുന്നതും തന്ത്രം മെനയുന്നതും. അപ്പോള്‍ പഴയകാലത്തെപ്പോലെ ഒരേശൈലിയിലുള്ള ആക്രമണമോ പ്രതിരോധമോ സാധ്യമല്ല.

കമ്പ്യൂട്ടറുകളുടെ സഹായത്തോടെ എതിര്‍ ടീമിന്റെ കളികളും കളിക്കാരെയും വിശദമായി പഠിച്ചാണ് ഓരോ കോച്ചും മത്സരത്തിന് ഒരുങ്ങുന്നത്. ഇതിനായി ഓരോ ടീമിനൊപ്പവും വലിയസംഘം തന്നെയുണ്ട്. ശക്തിയേക്കാള്‍ സ്വന്തം ദൗര്‍ബല്യമറിഞ്ഞ് കളിക്കുമ്പോള്‍ കളിയുടെ രസച്ചരട് പൊട്ടുക സ്വാഭാവികം. റഷ്യയില്‍ കണ്ടതും കാണാനിരിക്കുന്നതും ഇതാണ്. കളി , കാണുന്നവര്‍ക്ക് കൂടിയുള്ളതാണെന്ന വാദമൊക്കെ ബ്രസീല്‍ അടക്കമുള്ള ടീമുകള്‍ എന്നേകൈവിട്ടുകഴിഞ്ഞു. നന്നായി കളിച്ചാലും ഇല്ലെങ്കിലും 90 മിനിറ്റിന് ശേഷമുള്ള സ്‌കോര്‍ മാത്രമാണ് യാഥാര്‍ഥ്യം. ദീര്‍ഘചതുരക്കളത്തില്‍ മരണവും ജീവിതവും നിശ്ചയിക്കുന്നത് ഗോളാണ്, കവിതയും നൃത്തച്ചുവടുമല്ല. ഇതറിഞ്ഞാണ് ഓരോ പരിശീലകനും ടീമിനെ തയ്യാറാക്കുന്നത്.

ആഗോളീകരിക്കപ്പെട്ട ഫുട്‌ബോളാണിത്. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും ഏകശിലാ ശൈലിയിലേക്ക് ചുരുങ്ങുകയാണ് ഫുട്‌ബോള്‍. ബ്രസീലും അര്‍ജന്റീയുമൊക്കെ കൈവിട്ട ശൈലിയുടെ പരിഷ്‌കരിച്ച രൂപം അവതരിപ്പിച്ച സ്‌പെയ്‌നും ജര്‍മ്മനിയുമൊക്കെ തപ്പിത്തടയുന്നത് ഇതുകൊണ്ടാണ്. ടിക്കി ടാക്കയും ക്വിക്കി ടാക്കയുമെല്ലാം ചുരുങ്ങിയകാലത്തേക്ക് വിജയിച്ചുവെന്ന് വരാം. പക്ഷേ, കാല്‍പ്പന്ത് കളിയിലെ തുറന്നലോകത്തില്‍ രഹസ്യായുധങ്ങള്‍ ഏറെനാള്‍ സൂക്ഷിക്കാനാവില്ല. മറുതന്ത്രങ്ങളും ആയുധങ്ങളും അതിവേഗം കണ്ടെത്തുകയും നടപ്പാക്കുകയും ചെയ്യും.


മെസിയുടെ പെനാല്‍റ്റി തടുക്കുന്ന ഐസ്‌ലാന്‍ഡ് ഗോളി

വിടാതെപിടികൂടിയ കാല്‍പനിക ശൈലിഭ്രമത്തിനൊപ്പം മെസി, നെയ്മര്‍, റൊണാള്‍ഡോ ത്രയത്തിലേക്ക് ഫുട്‌ബോളിനെ ചുരുക്കിക്കെട്ടുന്നതാണ് നമ്മുടെ നാട്ടിലെ മറ്റൊരുവിചിത്ര കാഴ്ച. ടീമിലെ ബാക്കി പത്തുപേര്‍കൂടി ചേര്‍ന്നതാണ് കളിയെന്നത് മിക്കവരും മറക്കുന്നു. ഇവരുടെ വ്യക്തിഗത മികവ് കുറച്ചുകാണുകയല്ല. ഇവര്‍മാത്രമാണ് ഫുട്‌ബോളെന്ന വാദത്തോടുള്ള വിയോജിപ്പാണ്. മെസിയും റൊണാള്‍ഡോയും പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാതെ പോയപ്പോള്‍ നമ്മുടെനാട്ടിലുണ്ടായ ട്രോളുകളും പൊല്ലാപ്പുകളും കാണുക. സത്യത്തില്‍ മെസിയും റൊണാള്‍ഡോയും പെനാല്‍റ്റി പാഴാക്കുകയായിരുന്നില്ല. അവരെക്കാള്‍ മികവ് ഗോളിമാര്‍ പുറത്തെടുക്കുകയായിരുന്നു എന്നതാണ് സത്യം. അവരുടെ കാഴ്ചയ്ക്കും ചലനവേഗത്തിനും മുന്നില്‍ മെസിയും റൊണാള്‍ഡോയും തോല്‍വി സമ്മതിക്കുകയായിരുന്നു. കിക്കുകള്‍ പോസ്റ്റിന് പുറത്തേക്ക് പോയിരുന്നുവെങ്കില്‍ പഴാക്കാല്‍ വാദത്തില്‍ അല്‍പമെങ്കിലു കഴമ്പുണ്ടായേനെ.

ബ്രസീല്‍, അര്‍ജന്റീന ദ്വന്ദ്വത്തില്‍ ഏറ്റുമുട്ടുന്നവര്‍ ബെല്‍ജിയം, ക്രോയേഷ്യ, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളിലേക്ക് നോക്കുക. ശാരീരികക്ഷമതയിലും കളിമികവിലും തുളുമ്പിനില്‍ക്കുന്ന, ദൈവങ്ങളും ദൈവപുത്രന്‍മാരുമല്ലാത്ത താരങ്ങളെ കാണാം. വ്യക്തിയിപ്രഭാവത്തിലേക്ക് ചുരുങ്ങാതെ ടീമിനൊപ്പം നിന്ന് ഗോളടിക്കുന്നത് കാണാം. അവരുടേത് കൂടിയാണ് ലോകകപ്പ്. അവരുടേത് കൂടിയാണ് ഫുട്‌ബോള്‍. അതായിരിക്കണം ഫുട്‌ബോള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook