FIFA World Cup 2018; മോസ്‌കോ: കാല്‍പ്പന്ത് ആരാധകരെല്ലാം ലോകകപ്പിന്റെ ആരവങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഇനി എങ്ങും കളിയേയും കളിക്കാരേയും കുറിച്ചുള്ള ചര്‍ച്ചകളും വിലയിരുത്തലുകളും മാത്രമായിരിക്കും. ലോകകപ്പില്‍ കളിക്കുക എന്നത് സ്വപ്‌നമായി തുടരുമ്പോഴും ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ലോകകപ്പ് ആവേശത്തിന് കുറവൊന്നുമില്ല.

ഫ്‌ളക്‌സുകളും ബാനറുകളുമൊരുക്കി തെരുവുകളെ റിയോ ഡി ജനീറോയും ബ്യൂണസ് ഐറിസുമൊക്കെ ആക്കിമാറ്റുകയാണ് ആരാധകര്‍. പടകൂറ്റന്‍ ഫ്‌ളക്‌സുകളും കട്ടൗട്ടുകളും മലപ്പുറത്തും മലബാറിലും ഉയര്‍ന്ന് കഴിഞ്ഞു. തങ്ങളുടെ ഫുട്‌ബോളിനോടുള്ള സ്‌നേഹമാണ് ഓരോ ആരാധകനും പുറത്ത് കാണിക്കുന്നത്. ഇതിനിടെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയ്ക്ക് വ്യത്യസ്തമായൊരു സമ്മാനം നല്‍കിയിരിക്കുകയാണ് ഒരാള്‍.

ലോകകപ്പ് വേദിയായ റഷ്യയിലാണ് മലപ്പുറം മോഡലില്‍ ഒരു സമ്മാനം ആരാധകന്‍ തയ്യാറാക്കിയത്. മലപ്പുറത്ത് ഗ്രാമങ്ങളിലും മറ്റും കാണുന്ന തരത്തില്‍ പടുകൂറ്റന്‍ ഛായാചിത്രമൊരുക്കിയാണ് സെര്‍ജി എറോഫീവ് എന്ന റഷ്യക്കാരന്‍ മെസിയെ സ്വീകരിച്ചത്. അര്‍ജന്റീന്‍ താരത്തിന്റെ ഛായാ ചിത്രം ഒരുക്കിയിരിക്കുന്നത് മോസ്‌കോയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ബ്രോനിറ്റ്‌സ്‌കി എന്ന നഗരത്തിലാണ്.

”മെസിയെ വരയ്ക്കുമ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായിരുന്നു ഞാന്‍ വരച്ചത്,” സെര്‍ജി പറയുന്നു. അര്‍ജന്റീനന്‍ ടീം താമസിക്കുന്ന സ്ഥലത്തിനടുത്തു തന്നെയാണ് സെര്‍ജി വരച്ച കൂറ്റന്‍ ഛായാചിത്രവുമുള്ളത്. ലോകകപ്പിനിടെ എപ്പോഴെങ്കിലും മെസി തന്റെ ചിത്രം വന്ന് കണ്ടിരുന്നെങ്കില്‍ എന്നാണ് ഇപ്പോള്‍ സെര്‍ജിയുടെ ആഗ്രഹം.

ജൂണ്‍ 14 ന് ആരംഭിക്കുന്ന ലോകകപ്പില്‍ 16ാം തിയ്യതി ഐസ് ലാന്റിനെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. തന്റെ വര കാണാന്‍ സൂപ്പര്‍ താരം എത്തുമോ എന്ന് കാത്തിരിപ്പിലാണ് സെര്‍ജി ഇപ്പോള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook