scorecardresearch
Latest News

ഹൃദയം തകര്‍ന്ന്, നൊമ്പരമായി റോഡ്രിഗ്വസ്; ഒടുവില്‍ അരികിലെത്തി ആശ്വസിപ്പിച്ച് ഇംഗ്ലണ്ട് താരം

FIFA World Cup: ആശ്വസിപ്പിക്കാന്‍ ആരുമില്ലാതെ ഡഗ്ഗ് ഔട്ടില്‍ ഏകനായി അദ്ദേഹം ഇരിക്കുന്നത് വേദനിപ്പിക്കുന്ന കാഴ്‌ചയായിരുന്നു

ഹൃദയം തകര്‍ന്ന്, നൊമ്പരമായി റോഡ്രിഗ്വസ്; ഒടുവില്‍ അരികിലെത്തി ആശ്വസിപ്പിച്ച് ഇംഗ്ലണ്ട് താരം

ഈ ലോകകപ്പിന്റെ നൊമ്പരക്കാഴ്‌ചയായി മാറി കൊളംബിയയുടെ സൂപ്പര്‍ താരം ഹേമസ് റോഡ്രിഗ്വസ്. ഇംഗ്ലണ്ടിനെതിരെ പെനാല്‍റ്റിയില്‍ കൊളംബിയ പരാജയപ്പെട്ടപ്പോള്‍ ഒന്നും ചെയ്യാനാവാത്തവന്റെ വേദനയുമായി ഡഗ്ഗ് ഔട്ടിയിലിരുന്ന് വിതുമ്പുന്ന റോഡ്രിഗ്വസിന്റെ ചിത്രം ഏതൊരു കാല്‍പ്പന്ത് ആരാധകന്റേയും ഹൃദയം തകര്‍ക്കുന്നതായിരുന്നു.

പരുക്കു കാരണം റോഡ്രിഗ്വസിന് ഇംഗ്ലണ്ടിനെതിരായ നിര്‍ണ്ണായക മൽസരത്തില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. കാലിന്റെ മസിലിന് ഏറ്റ പരുക്കാണ് റോഡ്രിഗ്വസിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് വിലങ്ങു തടിയായത്. കഴിഞ്ഞ ലോകകപ്പിന്റെ ഗോള്‍ഡന്‍ ബൂട്ടിനുടമയും ബയേണിന്റെ സൂപ്പര്‍താരവുമായ റോഡ്രിഗ്വസിലായിരുന്നു കൊളംബിയയുടേയും പ്രതീക്ഷ. സൂപ്പര്‍ താരമില്ലാതെ ഇറങ്ങിയിട്ടും കൊളംബിയ പക്ഷെ പൊരുതുകയായിരുന്നു.

കളിയുടെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളില്ലാതെ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ ഇംഗ്ലണ്ട് ഹാരി കെയ്നിലൂടെ മുന്നിലെത്തുകയായിരുന്നു. ഇതോടെ കളി കൈവിട്ട വേദനയില്‍ റോഡ്രിഗ്വസിരിക്കുന്നത് ടെലിവിഷന്‍ സ്‌ക്രീനുകളില്‍ തെളിഞ്ഞു. എന്നാല്‍, മൽസരത്തിന്റെ അവസാന നിമിഷം യെറി മിന സമനില ഗോള്‍ നേടിയപ്പോള്‍ റോഡ്രിഗ്വസ് ആവേശഭരിതനായി. ഇതോടെ താരത്തിന്റേയും ടീമിന്റേയും മുഖത്ത് പ്രതീക്ഷയുടെ വെളിച്ചം കണ്ടു.

കളി പെനാല്‍റ്റിയിലേക്ക് നീണ്ടതോടെ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ പെനാല്‍റ്റി വിജയം നേടി. അതോടെ കൊളംബിയയുടെ എല്ലാ മോഹങ്ങളും അസ്‌തമിച്ചു. ഇംഗ്ലണ്ട് വിജയം ആഘോഷിക്കുമ്പോള്‍ ഡഗ്ഗ് ഓട്ടില്‍ ഹൃദയം തകര്‍ന്നിരിക്കുന്ന റോഡ്രിഗ്വസിനെയാണ് കണ്ടത്. ആശ്വസിപ്പിക്കാന്‍ ആരുമില്ലാതെ ഡഗ്ഗ് ഔട്ടില്‍ ഏകനായി അദ്ദേഹം ഇരിക്കുന്നത് വേദനിപ്പിക്കുന്ന കാഴ്‌ചയായിരുന്നു.

പിന്നീടാണ് ഫുട്‌ബോള്‍ ലോകം ഒന്നടങ്കം കൈയ്യടിച്ച നിമിഷം സംഭവിച്ചത്. ഇംഗ്ലണ്ട് താരവും ബയേണില്‍ റോഡ്രിഗ്വസിന്റെ സഹതാരവുമായ ഹെണ്ടേഴ്‌സന്‍ അദ്ദേഹത്തിന് അരികിലെത്തി. തന്റെ പ്രിയതാരത്തെ ഹെണ്ടേഴ്‌സന്‍ ആശ്വസിപ്പിച്ചു മടങ്ങി. ഇംഗ്ലണ്ടിനായി പെനാല്‍റ്റി മിസ് ചെയ്‌ത ഏക താരവും ഹെണ്ടേഴ്‌സണ്‍ ആയിരുന്നു. തന്റെ പെനാല്‍റ്റി നഷ്‌ടത്തേക്കാള്‍ വലുതായിരുന്നു റോഡ്രിഗ്വസിന്റെ വേദനിക്കുന്ന മുഖമെന്നും ആര്‍ക്കും അവനെ വെറുക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഹെണ്ടേഴ്‌സണ്‍ പറഞ്ഞത്.

Stay updated with the latest news headlines and all the latest Fifa news download Indian Express Malayalam App.

Web Title: Fifa world cup 2018 england player henderson consoles devastated rodriquez