വമ്പന്മാരായ ഇംഗ്ലണ്ടിനെ വിറപ്പിച്ച് കീഴടങ്ങി കൊളംബിയ. ഗോള്‍ രഹിതമായ ഒന്നാം പകുതിക്ക് ശേഷം പെനാല്‍റ്റിയിലൂടെ ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തിയ കളിയില്‍ അവസാന നിമിഷത്തിലെ ഗോളോടെ കൊളംബിയ തിരിച്ചു വരികയായിരുന്നു. 4-3 എന്ന സ്കോറിലാണ് ഇംഗ്ലണ്ട് ജയിക്കുന്നത്.
നിശ്ചിത സമയത്തിനിടെ നായകന്‍ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിന്റെ ഗോള്‍ നേടിയത്. കെയ്‌നെ പെനാല്‍റ്റി ബോക്‌സിനരികില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി താരം തന്നെ ഗോളാക്കി മാറ്റുകയായിരുന്നു. നേരത്തെ ജപ്പാനെതിരായ കളിയില്‍ പെനാല്‍റ്റിക്ക് കാരണക്കാരനായ സാഞ്ചസ് തന്നെയാണ് ഇത്തവണയും കൊളംബിയയ്‌ക്ക് വില്ലനായത്. സാഞ്ചസിന് മഞ്ഞക്കാര്‍ഡും ലഭിച്ചു.
ഇംഗ്ലണ്ട് അനായാസം പ്രീക്വാര്‍ട്ടര്‍ കടക്കുമെന്ന് തോന്നിപ്പിച്ച കളിയില്‍ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിലൂടെ കൊളംബിയ ഒപ്പത്തിനെത്തുകയായിരുന്നു. 94-ാം മിനിറ്റില്‍ യാറി മിനയാണ് കൊളംബിയയ്‌ക്കായി ഗോള്‍ കണ്ടെത്തിയത്. കൊളംബിയയ്‌ക്കായി തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലാണ് മിന ഗോള്‍ നേടുന്നത്.
പിന്നീട് വിജയിയെ കണ്ടെത്താന്‍ എക്‌സ്ട്രാ ടൈമിലേക്ക് കളി നീട്ടുകയായിരുന്നു. പരാജയത്തിന്റെ വക്കില്‍ നിന്നും ഒപ്പമെത്തിയ കൊളംബിയ ഇതോടെ ഉണര്‍ന്നു കളിച്ചു. ഇംഗ്ലണ്ടും ഗോളനിനുള്ള അവസരങ്ങള്‍ സൃഷ്‌ടിച്ചു. ഇരു ടീമിന്റേയും പല മുന്നേറ്റങ്ങളും എതിര്‍ ടീമിന്റെ ഗോള്‍ മുഖത്ത് അവസാനിക്കുകയായിരുന്നു. അതേസമയം, അവസാന നിമിഷങ്ങളില്‍ കളി പരുക്കനായി മാറുകയും ചെയ്‌തു. എക്‌സ്ട്രാ ടൈമിലും ആരും മുന്നിലെത്താതെ ആയതോടെ കളി പെനാല്‍റ്റിയിലേക്ക് നീളുകയായിരുന്നു.
അവസാന അവസരത്തെ ഷോട്ട് കൊളംബിയ മിസ് ആക്കിയപ്പോള്‍ ഇംഗ്ലണ്ട് ലക്ഷ്യം കാണുകയായിരുന്നു. കൊളംബിയ താരത്തിന്‍റെ ഷോട്ട് ഇംഗ്ലണ്ട് ഗോളി തട്ടിയകറ്റുകയും ചെയ്‌തു.