ആവേശം നിറഞ്ഞ അവസാന ക്വാര്‍ട്ടര്‍ ഫൈനിലില്‍ റഷ്യയെ മൂന്നിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ച് ക്രൊയേഷ്യ സെമിയില്‍ കടന്നു. അവസാന ക്വാര്‍ട്ടര്‍ ഫൈനിലിന് റഷ്യയില്‍ പന്തുരുളുമ്പോല്‍ ആരും ക്രൊയേഷ്യയുടെ സുവര്‍ണ്ണ തലമുറയെ റഷ്യ എങ്ങനെ നേരിടും എന്നായിരുന്നു ചര്‍ച്ച. എന്നാല്‍ കളി തുടങ്ങി 31ാം മിനുറ്റില്‍ തന്നെ റഷ്യ ഞെട്ടിച്ചു. ലോകകപ്പില്‍ റഷ്യയെ ഇതുവരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ചെറിഷേവിന്റെ അതിമനോഹരമായ ഒരു ഗോളിലൂടെയാണ് റഷ്യ മുന്നിലെത്തിയത്.
കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു ചെറിഷേവിന്റെ ഗോള്‍. സ്വന്തം പകുതിയില്‍ നിന്നും ലഭിച്ച പന്ത് സഹതാരത്തിന് നീട്ടിയിട്ടുകൊടുത്ത ശേഷം മുന്നോട്ട് കയറി വീണ്ടും പന്ത് സ്വീകരിച്ച ചെറിഷേവ് രണ്ട് ക്രൊയേഷ്യന്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് പന്ത് ഗോള്‍ വല ലക്ഷ്യമാക്കി പറത്തുകയായിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്നായിരുന്നു ചെറിഷേവിന്റെ ഗോള്‍.
വീണ്ടും കൗണ്ടര്‍ അറ്റാക്കുകളിലൂടെ റഷ്യ മുന്നിലെത്താന്‍ ശ്രമിച്ചെങ്കിലും അധികം വൈകാതെ തന്നെ ക്രൊയേഷ്യ തിരിച്ചടിക്കുകയായിരുന്നു. 39ാം മിനുറ്റില്‍ വിങ്ങില്‍ നിന്നും ലഭിച്ച പാസില്‍ തലവെച്ച കൊടുത്ത പാസ് ക്രാമാരിച്ച് ഗോളാക്കി മാറ്റുകയായിരുന്നു. ഒപ്പത്തിന് ഒപ്പമെത്തിയപ്പോള്‍ രണ്ടു പേരും ഉണര്‍ന്നെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.
രണ്ടാം പകുതിയോടെ പന്ത് കൂടുതല്‍ നേരം കൈ വശം വെച്ചു കൊണ്ടുള്ള പൊസഷന്‍ ഗെയിമായിരുന്നു ക്രൊയേഷ്യ പുറത്തെടുത്തത്. മധ്യനിരയില്‍ മോഡ്രിച്ചും റാക്കിറ്റിച്ചും പന്ത് കണ്ട്രോള്‍ ചെയ്ത് മുന്നേറ്റങ്ങള്‍ തിരി കൊളുത്തി കൊണ്ടിരുന്നു. എന്നാല്‍ ഫിനിഷിംഗിലെ പിഴവുകള്‍ അവര്‍ക്ക് വിലങ്ങു തടിയായി. സുവര്‍ണ്ണാവസരങ്ങള്‍ ലഭിച്ചിട്ടും ഗോളാക്കാന്‍ സാധിച്ചില്ല. ഇതിനിടെ വീണു കിട്ടുന്ന അവസരങ്ങളില്‍ കൗണ്ടര്‍ അറ്റാക്കിംഗ് നടത്തി റഷ്യ തിരിച്ചടിക്കാനുളള ശ്രമങ്ങളും ശക്തമാക്കി. എന്നാല്‍ 90 മിനുറ്റായിട്ടും ഇരു കൂട്ടരും ഗോളടിക്കുന്നതില്‍ വിജയം കാണാതെ ആയതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു.
അവസാന നിമിഷം ക്രൊയേഷ്യന്‍ ഗോളി സുഭാഷിച്ചിന് പരിക്കേറ്റത് ക്രൊയേഷ്യന്‍ നിരയില്‍ ആശങ്കയുണർത്തി. എക്സ്ട്രാ ടെെമില്‍ ക്രൊയേഷ്യന്‍ താരങ്ങള്‍ക്ക് വീണ്ടും പരുക്കേല്‍ക്കാന്‍ തുടങ്ങിയതോടെ ആശങ്ക വീണ്ടും ഉയർന്നു. എന്നാല്‍ 101ാം മിനുറ്റില്‍ വീഡ ഹെഡ്ഡർ ഗോളിലൂടെ ക്രൊയേഷ്യയെ മുന്നിലെത്തിക്കുകയായിരുന്നു. മോഡ്രിച്ചിന്‍റെ കോർണർ കിക്കില്‍ നിന്നുമായിരുന്നു വീഡയുടെ ഗോള്‍ പിറന്നത്.
റഷ്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചെന്ന് കരുതിയിടത്തു നിന്നുമായിരുന്നു ഫെർണാണ്ടസ് അവരെ ഒപ്പമെത്തിക്കുന്നത്. ക്രൊയേഷ്യന്‍ ഗോള്‍ മുഖത്തിനടുത്ത് വച്ച് പിവാരിച്ചിന്‍റെ ഹാന്‍ഡ് ബോളിലൂടെ ലഭിച്ച ഫ്രീകിക്കില്‍ നിന്നുമായിരുന്നു ഫെർണാണ്ടസിന്‍റെ ഗോള്‍ പിറന്നത്. കണ്ണീരണിഞ്ഞു നിന്ന റഷ്യന്‍ ആരാധകരുടെ മുഖത്ത് അതോടെ സന്തോഷത്തിന്‍റെ പുഞ്ചിരി വിടരുകയായിരുന്നു. സ്കോർ 2-2. അതോടെ വിജയിയെ തേടി പെനാല്‍റ്റിയിലേക്ക്.
ഈ ലോകകപ്പില്‍ ഇത് രണ്ടാം വട്ടമാണ് ക്രൊയേഷ്യയും റഷ്യയും പെനാല്‍റ്റിയെ അഭിമുഖീകരിച്ചത്. രണ്ടും പ്രീക്വാർട്ടറിലായിരുന്നു. കരുത്തരായ സ്പെയിനിനെ പെനാല്‍റ്റിയില്‍ പരാജയപ്പെടുത്തിയാണ് റഷ്യ ക്വാർട്ടറിലെത്തിയത്. ക്രൊയേഷ്യ പരാജയപ്പെടുത്തിയത് ഡെന്മാർക്കിനെയായിരുന്നു. പെനാല്‍റ്റിയിലും ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. ഒടുവില്‍ ബാഴ്സ താരം റാക്കിറ്റിച്ചിന്‍റെ ഗോള്‍ റഷ്യന്‍ വലയിലെത്തിയതോടെ 4-3 ന് പെനാല്‍റ്റി ജയിച്ച് ക്രൊയേഷ്യ സെമിലിലേക്ക്.