FIFA World Cup 2018: കേരളാ ബ്ലാസ്റ്റേഴ്‌സ് താരവും ഇന്ത്യന്‍ ദേശീയ ടീമില്‍ അംഗവുമായിരുന്ന സി.കെ.വിനീതിന്റെ ഇഷ്ട ടീം ബ്രസീലാണ്. ബ്രസീല്‍ ജയിക്കണം എന്നായിരുന്നു വിനീതിന്റെ ആഗ്രഹം, ഉറ്റുനോക്കിയ ബ്രസീല്‍ താരം കുട്ടീഞ്ഞോയും. കുട്ടീഞ്ഞോ തിളങ്ങിയെങ്കിലും ബ്രസീല്‍ പുറത്തായി. ബെല്‍ജിയത്തിന്റെ അക്രമ ഫുട്ബോളില്‍ ടിറ്റോ പരിശീലിപ്പിച്ച കാനറികള്‍ ചിറകറ്റ് വീണു. ബെല്‍ജിയത്തെ പരാജയപ്പെടുത്തി ഫ്രാന്‍സും ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ക്രൊയേഷ്യയും ഫൈനലില്‍ കയറി. റഷ്യന്‍ ലോകകപ്പ് ചാമ്പ്യന്മാര്‍ രണ്ട് മത്സരം അപ്പുറമിരിക്കെ ആരാകണം വിജയികള്‍ എന്ന കാര്യത്തില്‍ വിനീതിന് ഒരു ആഗ്രഹമുണ്ട്- ക്രൊയേഷ്യ.

“മികച്ച ഒരു പ്രകടനമാണ് ക്രൊയേഷ്യ ഇതുവരേക്കും പുറത്തെടുത്തത്‌. അര്‍ജന്റീനയുമായി അവര്‍ ഏറ്റുമുട്ടുമ്പോള്‍ എല്ലാവരും കരുതിയിരുന്നത് ക്രൊയേഷ്യ ദുര്‍ബലരാണ് എന്നായിരുന്നു. പക്ഷെ സത്യത്തില്‍ ക്രൊയേഷ്യയായിരുന്നു കരുത്തര്‍.” ഇപ്പോള്‍ ഫൈനലില്‍ ഫ്രാന്‍സിനെ നേരിടുമ്പോള്‍ മധ്യനിര കരുത്തില്‍ ക്രൊയേഷ്യ കപ്പെടുക്കും എന്ന് സി.കെ.വിനീത് ആഗ്രഹിക്കുന്നു.

‘LM 10’ ; ബോംബ്‌ വീണ തെരുവുകളില്‍ പന്ത് തട്ടി വളര്‍ന്ന മാന്ത്രികന്‍

കേരളാ ബ്ലാസ്റ്റേ‌ഴ്‌സ് മുന്നേറ്റതാരത്തിന്റെ പ്രിയപ്പെട്ട ക്ലബ്ബ് ലിവര്‍പൂള്‍ ആണ്. നാല് വര്‍ഷത്തോളമായി ലിവര്‍പൂള്‍ പ്രതിരോധത്തിലെ ഏറ്റവും ശക്തമായ സാന്നിധ്യമാണ് ക്രൊയേഷ്യന്‍ താരം ലോവ്‌റന്‍. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ലോവ്‌റന്റെ നേതൃത്വത്തിലുള്ള ക്രൊയേഷ്യന്‍ പ്രതിരോധത്തെ മറികടക്കാന്‍ ഫ്രാന്‍സിന്റെ മുന്നേറ്റം കഷ്ടപ്പെടും എന്ന് തന്നെയാണ് വിനീതിന്റെ നിഗമനം.

“എംബാപ്പെയും ഗ്രീസ്‌മാനും മികച്ച താരങ്ങളാണ്. അവര്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഫ്രാന്‍സിലെ മറ്റാരും തന്നെ വലിയ ഭീഷണിയാകുന്നില്ല. നല്ല കളി പുറത്തെടുത്താല്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തിന് അവരെ നല്ല രീതിയില്‍ പിടിച്ചുകെട്ടാം. “വിനീത് പറയുന്നു.

നേരത്തെ ഫിഫയോട് സംസാരിക്കുമ്പോള്‍ തങ്ങളാവും ലോകകപ്പിലെ കറുത്ത കുതിരകളാവുക എന്ന് ആദ്യ റൗണ്ടിനുശേഷം ലോവ്‌‌റന്‍ അവകാശപ്പെട്ടിരുന്നു. “ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ പ്രതിരോധം ശക്തമായി തന്നെയാണ് പ്രവര്‍ത്തിച്ചത്. ഞങ്ങള്‍ ആസ്വദിച്ച് കളിക്കുകയായിരുന്നു. അതിനാല്‍ തന്നെ ലക്ഷ്യംവച്ച പോലെ ആദ്യ പതിനാറില്‍ എത്താനും സാധിച്ചു. കൂടുതല്‍ സ്വതന്ത്രമായി നമ്മള്‍ കളിക്കും എന്ന് എനിക്ക് ഉറപ്പാണ്. ”

FIFA World Cup 2018 : ലോകകപ്പിലെ കറുത്തകുതിരകളാകാന്‍ ഞങ്ങള്‍ക്കാവും: ലോവ്‌റന്‍

ഐഎസ്എൽ സീസണിന് മുന്നോടിയായി സംഘടിപ്പിക്കുന്ന പ്രഥമ യാരിസ് ലാ ലിഗ വേൾഡിന്റെ തയ്യാറെടുപ്പിലാണ് സി.കെ.വിനീത്. ഐഎസ്എൽ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ്, ലാ ലിഗയിലെ ജിറോണ എഫ്‌സി, ഓസ്ട്രലിയൻ ലീഗിലെ (എ ലീഗ്) മെൽബൺ സിറ്റി എഫ്‌സി എന്നീ ടീമുകളാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ജൂലൈ 24 മുതൽ 28 വരെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മൽസരങ്ങൾ.

ക്രൊയേഷ്യ വിജയിക്കണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്നതിനോടൊപ്പം വിനീത് ഒന്നുകൂടി ഓര്‍മിപ്പിക്കുന്നു…”ഞാന്‍ സപ്പോര്‍ട്ട് ചെയ്ത ടീമുകളൊക്കെ പരാജയപ്പെടുന്നുണ്ട്. അത് മാത്രമാണ് ഇപ്പോള്‍ എന്റെ പേടി..” കേരളാ ബ്ലാസ്റ്റേ‌ഴ്‌സിനെ ലാസ്റ്റ് മിനിറ്റ് അത്ഭുതങ്ങളില്‍ രക്ഷിച്ച താരം തങ്ങളുടെ ജൂനിയര്‍ മാന്‍ഡ്രേക്ക് ആവരുതേ എന്നാകും ക്രൊയേഷ്യന്‍ ആരാധകര്‍ ഇപ്പോള്‍ പ്രാര്‍ഥിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ