Latest News

ലോകകപ്പിന് പിന്നാലെ ക്രിസ്റ്റ്യാനോ കളിക്കളത്തോട് വിട പറയുന്നു? പ്രതികരണവുമായി പറങ്കികളുടെ പടത്തലവന്‍

FIFA World Cup 2018: ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ടീമില്‍ അഭിമാനമുണ്ടെന്നും ക്രിസ്റ്റ്യാനോ

FIFA World Cup 2018: ലോക ഫുട്‌ബോളിലെ ഈ തലമുറയിലെ ഏറ്റവും മികച്ച താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും തങ്ങളുടെ നേട്ടങ്ങളുടെ പട്ടികയില്‍ ലോകകപ്പില്ലാതെ മടങ്ങുകയാണ്. ഇന്നലെത്തെ അവസാന മൽസരത്തോടെ ലോകകപ്പില്‍ നിന്നും പുറത്തായ ഇരുവരും അടുത്ത ലോകകപ്പിനുണ്ടാകുമോ എന്നത് സംശയമാണ്. ലോകകപ്പോടെ താന്‍ വിരമിക്കില്ലെന്ന് മെസി നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. അതേസമയം, റൊണാള്‍ഡോയും ലോകകപ്പോടെ വിരമിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ 33 വയസുള്ള ക്രിസ്റ്റ്യാനോയ്‌ക്ക് അടുത്ത ലോകകപ്പ് എത്തുമ്പോഴേക്കും പ്രായം 37 ആകും. അദ്ദേഹത്തിന്റെ ഉളളിലെ പോരാളിയെ അംഗീകരിക്കുമ്പോള്‍ ഒരുപക്ഷെ റൊണാള്‍ഡോ ഖത്തറിലും കളിച്ചേക്കാം. പക്ഷെ ഇന്നുള്ള വേഗതയും കരുത്തും അപ്പോഴും ഉണ്ടാകുമോ എന്നത് സംശയമാണ്. ഇതോടെയാണ് താരം ലോകകപ്പോടെ വിരമിക്കുമെന്ന അഭ്യൂഹങ്ങളും സജീവമായത്. ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് ക്രിസ്റ്റ്യാനോ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

താരങ്ങളുടേയും കോച്ചിന്റേയും ഭാവിയെ കുറിച്ച് പറയാനുള്ള സമയമല്ലിതെന്നും തങ്ങളുടേത് കളിയോട് ഭ്രമമുള്ള ഒരു സംഘമാണെന്നും അതുകൊണ്ട് തന്നെ ടീം കരുത്തോടെ തുടരുമെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. ക്രിസ്റ്റ്യാനോയുടെ വിരമിക്കല്‍ അടുത്തുണ്ടാകില്ലെന്ന് പോര്‍ച്ചുഗല്‍ ടീം പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസും പറഞ്ഞു. ക്രിസ്റ്റ്യാനോയില്‍ ഇനിയും ഒരുപാട് ഫുട്‌ബോള്‍ ബാക്കിയുണ്ടെന്നും യുവാക്കളെ വളര്‍ത്താനും അവരെ മികച്ചവരാക്കി മാറ്റാനും അദ്ദേഹം ടീമിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഉറുഗ്വോയ്‌ക്കെതിരായ മൽസരത്തില്‍ തങ്ങളുടെ മികച്ച കളി തന്നെയാണ് പോര്‍ച്ചുഗല്‍ പുറത്തെടുത്തതെന്നും ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ടീമില്‍ അഭിമാനമുണ്ടെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. എഡിസണ്‍ കവാനിയുടെ ഇരട്ട ഗോളുകളായിരുന്നു പോര്‍ച്ചുഗലിന്റെ ലോകകപ്പ് യാത്ര അവസാനിപ്പിച്ചത്. പെപ്പെയിലൂടെ പറങ്കികള്‍ ഒരുഘട്ടത്തില്‍ ഒപ്പമെത്തിയെങ്കിലും കവാനി വീണ്ടും ഉറുഗ്വോയെ മുന്നിലെത്തിക്കുകയായിരുന്നു.

Get the latest Malayalam news and Fifa news here. You can also read all the Fifa news by following us on Twitter, Facebook and Telegram.

Web Title: Fifa world cup 2018 cristiano ronaldo mum on retirement talk as portugal depart russia

Next Story
‘രാജ്യത്തിന് വേണ്ടി ഞാന്‍ കളിക്കും’; ഫറവോകളുടെ സ്വപ്‌നവും പേറി സലാഹ് റഷ്യയിലേക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com