FIFA World Cup 2018: സോച്ചി: ഐബീരിയന്‍ ഡര്‍ബിയില്‍ തുല്യത പാലിച്ച് സ്‌പെയിനും പോര്‍ച്ചുഗലും. ആവേശം കടലുപോലെ അലയടിച്ച മൽസരത്തില്‍ ആരും തോല്‍ക്കാതെ നിന്നെങ്കിലും ജയിച്ചത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന മനുഷ്യനായിരുന്നു. ടിക്കി ടാക്കയുടെ കാലം കഴിഞ്ഞെന്ന് പറഞ്ഞവര്‍ക്ക് സ്‌പെയിന്‍ മറുപടി നല്‍കിയപ്പോള്‍ ക്രിസ്റ്റ്യാനോ എന്ന ഒരു പേരില്‍ എന്തുകൊണ്ട് ആരാധകര്‍ ഇത്രയധികം വിശ്വസിക്കുന്നു എന്ന ചോദ്യത്തിന് ക്രിസ്റ്റ്യാനോയും ഉത്തരം നല്‍കി.

ഇരുകൂട്ടരും വാശിയോടെ പോരാടിയപ്പോള്‍ പിറന്നത് ആറു ഗോളുകള്‍. രണ്ടു ഭാഗത്തും മൂന്നു ഗോള്‍ വീതം. ലോകകപ്പിലെ ആദ്യ ഹാട്രിക് തികച്ച ക്രിസ്റ്റ്യാനോയും ഇരട്ട ഗോള്‍ തികച്ച ഡീഗോ കോസ്റ്റയും ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മൽസരങ്ങളിലൊന്ന് സമ്മാനിച്ചു. 4 (പെനാല്‍റ്റി), 44, 88 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഹാട്രിക് ഗോളുകള്‍. ഇതിന് മറുപടിയായി 24, 55 മിനിറ്റുകളിലാണ് ഡീഗോ കോസ്റ്റയുടെ ഇരട്ട ഗോള്‍. 58-ാം മിനിറ്റില്‍ നാച്ചോയുടെ വകയായിരുന്നു സ്‌പെയിന്റെ മൂന്നാം ഗോള്‍.

സ്‌പെയിനും ക്രിസ്റ്റ്യാനോയും തമ്മിലായിരുന്നു കളി. പന്ത് പൂർണമായും സ്‌പെയിന്റെ കൈയ്യില്‍ തന്നെയായിരുന്നു. 38 ശതമാനം സമയം മാത്രമാണ് പോര്‍ച്ചുഗല്‍ പന്ത് കൈവശം വച്ചത്. എന്നാല്‍ ഏത് നിമിഷവും എതിരാളികള്‍ക്ക് മേല്‍ നിറയൊഴിക്കാന്‍ പ്രാപ്‌തനായ ക്രിസ്റ്റ്യാനോ ഉള്ളിടത്തോളം ആരാധകര്‍ക്ക് വിജയം സ്വപ്‌നം കാണാം എന്ന് അദ്ദേഹം തെളിയിച്ചു. കിട്ടിയ അവസരങ്ങളിലെല്ലാം ക്രിസ്റ്റ്യാനോ പന്തുമായി സ്‌പെയിന്‍ ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തുകയായിരുന്നു.

കളിയുടെ അവസാന ഘട്ടത്തില്‍ 88-ാം മിനിറ്റില്‍ അവിശ്വസനീയ ഫ്രീകിക്ക് ഗോളിലൂടെയാണ് ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിന് വിജയത്തോളം പോന്ന സമനില നല്‍കിയത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 2-1 എന്ന നിലയില്‍ പോര്‍ച്ചുഗല്‍ മുന്നിലായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ആക്രമിച്ചു കളിച്ച സ്‌പെയിന്‍ മൂന്ന് മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ലീഡ് പിടിക്കുകയായിരുന്നു. സ്‌പെയിന്‍ വിജയം ഉറപ്പിച്ച സമയത്താണ് ഫ്രീകിക്ക് രൂപത്തില്‍ ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിന്റെ രക്ഷകനായി മാറിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ