FIFA World Cup 2018: സോച്ചി: സ്പെയിനെതിരെ നേടിയ വിജയത്തിന് തുല്യമായ സമനിലയുടെ ക്രെഡിറ്റ് ടീമിന് നല്കി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്രിസ്റ്റ്യാനോയുടെ ഹാട്രിക്കിന്റെ മികവിലായിരുന്നു പോര്‍ച്ചുഗല്‍ സമനില പിടിച്ചത്.
കളിക്കളത്തില്‍ ഏത് നിമിഷവും എതിരാളികളുടെ ഹൃദയത്തിലേക്ക് നിറയൊഴിക്കാന്‍ കഴിയുന്ന താരമാണ് താനെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു ക്രിസ്റ്റ്യാനോയുടെ പ്രകടനം. എന്നാല്‍ അവസാനം വരെ തോല്ക്കാന് തയ്യാറാകാതെ നിന്ന തന്റെ ടീമിനാണ് സമനിലയുടെ ക്രെഡിറ്റ് മുഴുവന്‍ താരം നല്‍കുന്നത്.
”എല്ലാത്തിലും ഉപരിയായി ടീമിന്റെ പ്രകടനത്തെ പ്രശംസിച്ചേ മതിയാകൂ. അവസാന നിമിഷം വരെ ഞങ്ങള്‍ പൊരുതി.” മൽസര ശേഷം ക്രിസ്റ്റ്യാനോ പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നിനോടാണ് തങ്ങള്‍ പൊരുതിയതെന്നും ക്രിസ്റ്റ്യാനോ ഓര്‍മ്മപ്പെടുത്തുന്നു. പന്ത് കൂടുതലും കൈവശം വച്ചതും സ്പെയിന് ആയിരുന്നുവെന്നും എന്നാല്‍ അവസാനം വരെ വിശ്വാസം കളയാതെ കളിച്ചാണ് തങ്ങള്‍ ഒപ്പമെത്തിയതെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.
അതേസമയം, തനിക്ക് സ്വയം വിശ്വാസമുണ്ടെന്നും ടീമിനു വേണ്ടി കളിമാറ്റുകയാണ് പ്രധാനമെന്നും ക്രിസ്റ്റ്യാനോ പറയുന്നു. അവസാനം വരെ ഇവിടെ തന്നെ കാണുമെന്നും പോരാട്ടത്തില്‍ നിന്നും പിന്മാറില്ലെന്നും ക്രിസ്റ്റ്യാനോ പറയുന്നു.
ആവേശം കടലുപോലെ അലയടിച്ച മൽസരത്തില്‍ ആരും തോല്‍ക്കാതെ നിന്നെങ്കിലും ജയിച്ചത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന മനുഷ്യനായിരുന്നു. ടിക്കി ടാക്കയുടെ കാലം കഴിഞ്ഞെന്ന് പറഞ്ഞവര്‍ക്ക് സ്പെയിന് മറുപടി നല്കിയപ്പോള് ക്രിസ്റ്റ്യാനോ എന്ന ഒരു പേരില്‍ എന്തുകൊണ്ട് ആരാധകര്‍ ഇത്രയധികം വിശ്വസിക്കുന്നു എന്ന ചോദ്യത്തിന് ക്രിസ്റ്റ്യാനോയും ഉത്തരം നല്കി.
ഇരുകൂട്ടരും വാശിയോടെ പോരാടിയപ്പോള്‍ പിറന്നത് ആറു ഗോളുകള്‍. രണ്ടു ഭാഗത്തും മൂന്നു ഗോള്‍ വീതം. ലോകകപ്പിലെ ആദ്യ ഹാട്രിക് തികച്ച ക്രിസ്റ്റ്യാനോയും ഇരട്ട ഗോള്‍ തികച്ച ഡീഗോ കോസ്റ്റയും ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മൽസരങ്ങളിലൊന്ന് സമ്മാനിച്ചു. 4 (പെനാല്‍റ്റി), 44, 88 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഹാട്രിക് ഗോളുകള്‍. ഇതിന് മറുപടിയായി 24, 55 മിനിറ്റുകളിലാണ് ഡീഗോ കോസ്റ്റയുടെ ഇരട്ട ഗോള്‍. 58-ാം മിനിറ്റില്‍ നാച്ചോയുടെ വകയായിരുന്നു സ്പെയിന്റെ മൂന്നാം ഗോള്‍.