പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ വിജയം ലക്ഷ്യമിട്ടിറങ്ങിയ സ്വിറ്റ്സര്‍ലന്‍ഡ് കോസ്റ്ററിക്കയ്ക്കെതിരെ സമനില. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്നിരുന്ന ഷാക്കിരിയും സംഘവും രണ്ടാം പകുതിയില്‍ ഒരു ഗോള്‍ വഴങ്ങി. എന്നാല്‍ അവസാനം നിമിഷം വീണ്ടും സ്വിസ് പട ഗോളടിച്ച് ലീഡ് നേടുകയായിരുന്നു. എന്നാല്‍ പെനാല്‍റ്റി സ്വിറ്റ്സർലൻഡിന് വീണ്ടും തിരിച്ചടിയായി.
മൽസരത്തിന്റെ 31-ാം മിനിറ്റില്‍ ബ്ലെരിം സെമൈലിയാണ് സ്വിസ് പടയുടെ ഗോള്‍ നേടിയത്. ബോക്സിനുള്ളില്‍ എംബോളോയുടെ ഹെഡ്ഡര്‍ പാസ് വലയിലേക്ക് തൊടുത്തിട്ടാണ് സെമൈലി സ്വിറ്റ്സര്‍ലന്‍ഡിന് ലീഡ് നല്‍കിയത്.
എന്നാല്‍ രണ്ടാം പകുതിയില്‍ കോസ്റ്റാറിക്ക തിരിച്ചടിക്കുകയായിരുന്നു. 56-ാം മിനിറ്റില്‍ കെന്‍ഡല്‍ വാട്സണ് ആണ് കോസ്റ്റാറിക്കയ്ക്കായി ലക്ഷ്യം കണ്ടത്. കോസ്റ്റാറിക്കയുടെ ഈ ലോകകപ്പിലെ ആദ്യ ഗോളായിരുന്നു ഇത്. 88-ാം മിനിറ്റില്‍ ഡ്രിമിച്ചാണ് സ്വിസ് ടീമിന്റെ രണ്ടാം ഗോള്‍ നേടിയത്. അവസാന നിമിഷം ബ്രയാന്‍ പെനാല്‍റ്റിയിലൂടെ കോസ്റ്റാറിക്കയെ ഒപ്പമെത്തിച്ചു.
അതേസമയം നേരത്തെ തന്നെ ലോകകപ്പില്‍ നിന്നും പുറത്തായ കോസ്റ്റാറിക്കയ്ക്ക് തലയുയര്‍ത്തി തന്നെ മടങ്ങാന്‍ ഇന്നത്തെ പ്രകടനം സഹായിക്കും.
നിലവില്‍ ഒരു വിജയവും ഒരു സമനിലയും സഹിതം നാല് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള സ്വിറ്റ്സര്‍ലന്‍ഡിന് ഇന്ന് ജയിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം എന്ന നിലയിലായിരുന്നു കളിയ്ക്ക് ഇറങ്ങിയത്. സെര്‍ബിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ തകര്‍ത്തതോടെ സ്വിറ്റ്സര്‍ലൻഡ് അടുത്ത റൗണ്ടിലേക്ക് കടക്കുമെന്ന് ഉറപ്പായിരുന്നു.